ദില്ലി: കേരളാ എക്സ്പ്രസിൽ യാത്ര ചെയ്ത നാല് പേര്‍ മരിച്ചു. കനത്ത ചൂടിനെ തുടര്‍ന്ന് അവശരായ ഇവര്‍ ട്രെയിനികത്ത് കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ഒപ്പം യാത്രചെയ്തിരുന്നവര്‍ പറയുന്നത്. ആഗ്രയിൽ നിന്ന് കൊയമ്പത്തൂരിലേക്ക് തിരിച്ച തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. 68 അംഗ യാത്രാ സംഘത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവരെല്ലാം. ട്രെയിൻ ഝാൻസി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മൃതദേഹങ്ങൾ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

എസ് 8, എസ് 9 കോച്ചുകളിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. വാരണസിയും  ആഗ്രയും സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്നു സംഘമെന്നാണ് വിവരം. തീവണ്ടി ആഗ്ര സ്റ്റേഷനിൽ നിന്ന ് വിട്ട ഉടനെ ശ്വാസ തടസവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടു. അധികം വൈകാതെ കുഴഞ്ഞ് വീഴുകയായിരുന്നു എന്നാണ് ഒപ്പം യാത്ര ചെയ്തവര്‍ പറയുന്നത്. ഗുരുതരാവസ്ഥയിലായ മറ്റൊരാൾ ആശുപത്രിയിലെത്തിക്കും മുൻപെ മരിച്ചു. മരിച്ചവരിൽ നാല് പേരും എഴുപത് വയസ്സിന് മുകളിലുള്ളവരാണ് . ബുന്ദൂർ പളനിസാമി, ബാൽകൃഷ്ണ രാമസ്വാമി, ധനലക്ഷ്മി, സുബ്ബരായ്യ എന്നിവരാണ് മരിച്ചത്

നിര്‍ജലീകരണമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് ഝാൻസി റെയിൽവേ ഡിവിഷൻ പിആർഒ മനോജ് സിംഗ് അറിയിച്ചു.അതെസമയം ദില്ലി ഉൾപ്പെടെ ഉത്തരേന്ത്യയിൽ കനത്ത് ചൂട് തുടരുകയാണ്. പലയിടങ്ങളിലും 48 ഡിഗ്രിയിൽ മുകളിലാണ് താപനില. ദില്ലിയിൽ നിലവിൽ റെഡ്കോഡ് മുന്നിറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ചുരുവിൽ 50 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തി.നാല് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം സാധ്യതയുള്ളതായി കാലവാസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.