ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി. യോ​ഗി ആദിത്യനാഥിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തെന്നാരോപിച്ച് ഞായറാഴ്ച ​ഗോരാഖ്പൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽമീഡിയയിൽനിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് ​ഗോരാഖ്പൂർ പൊലീസ് പറഞ്ഞു. പ്രതിയുടെ കയ്യിൽനിന്ന് മൊബൈൽ ഫോൺ പിടികൂടിയതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിനെതിരെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റായ ദ വയറിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ, പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്‍റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരാണ് അറസ്റ്റിലായത്.

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. ദില്ലിയിലെ വീട്ടില്‍ നിന്ന് ശനിയാഴ്ചയാണ് പൊലീസ് പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ലഖ്നൗവിലേക്ക് കൊണ്ടുപോയി. ഐടി ആക്ടിലെ സെക്ഷന്‍ 500,സെക്ഷന്‍ 66 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കൂടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്ക് മേല്‍ ചുമത്തുകയായിരുന്നു. ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.  

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്ന് യുവതി പറയുന്ന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനാണ് പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്‍റെ മേധാവി ഇഷിത സിങിനെയും എഡിറ്റര്‍മാരില്‍ ഒരാളായ അനുജ് ശുക്ലയെയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മാനഹാനി വരുത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി അവധിയായിരുന്ന ദിവസം അറസ്റ്റ് നടന്നതിനാല്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചില്ല. 

അതേസമയം  അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും ഇവര്‍ക്ക് മേല്‍ ചുമത്തിയ കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എന്‍ഡബ്ലൂഎംഐ രം​ഗത്തെത്തി. സംഭവം മാധ്യമ സ്വാതന്ത്രത്യത്തിന്‍റെ ലംഘനമാണെന്നും നിയമങ്ങള്‍ അട്ടിമറിക്കപ്പെടുകയാണെന്നും എന്‍ഡബ്ലൂഎംഐ ആരോപിച്ചു.