Asianet News MalayalamAsianet News Malayalam

'നാല് പേരാണ് രാജ്യം നടത്തുന്നത്, നാം രണ്ട്, നമുക്ക് രണ്ട്, ലോക്സഭയിൽ മോദിക്കെതിരെ രാഹുൽ

'നിങ്ങളോർക്കണം, കുടുംബാസൂത്രണകാലത്ത് നമ്മുടെ ഒരു മുദ്രാവാക്യമുണ്ടായിരുന്നു - നാം രണ്ട്, നമുക്ക് രണ്ട്. അത് പോലെയാണ് ഇവിടെയും കാര്യങ്ങൾ നടക്കുന്നത്'', എന്ന് ലോക്സഭയിൽ രാഹുൽ. 

four people run this country hum do hamare do rahul gandhi jibe in loksabha
Author
New Delhi, First Published Feb 11, 2021, 6:34 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടും രണ്ടും നാല് പേരെ വച്ചാണ് രാജ്യം നടത്തുന്നതെന്ന് പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 'നാം രണ്ട്, നമുക്ക് രണ്ട്', എന്ന തത്വത്തിലാണ് മോദി സർക്കാർ ഓടുന്നത്. ജിഎസ്‍ടി, നോട്ട് നിരോധനം, ലോക്ക്ഡൗൺ, കർഷകനിയമങ്ങൾ എന്നിങ്ങനെ തന്ത്രപ്രധാനമായ എല്ലാ തീരുമാനങ്ങളും ഇങ്ങനെയാണ് മോദി എടുത്തതെന്നും രാഹുൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ലോക്സഭയിൽ അടുത്ത കാലത്ത് മോദി സർക്കാരിനെതിരെ രാഹുൽ ഉന്നയിക്കുന്ന കടുത്ത വിമർശനങ്ങളിലൊന്നായി ഇത്. ബജറ്റ് ചർച്ചയിൽ രാഹുൽ സംസാരിച്ചത് കർഷകനിയമങ്ങളെക്കുറിച്ച് മാത്രമാണ്. പ്രസംഗത്തിനൊടുവിൽ എഴുന്നേറ്റ് നിന്ന് രണ്ട് നിമിഷം മൗനമാചരിച്ച് രാഹുലും കോൺഗ്രസ് അംഗങ്ങളും കർഷകസമരത്തിനിടെ മരിച്ച കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.  

''നിങ്ങളോർക്കണം, കുടുംബാസൂത്രണകാലത്ത് നമ്മുടെ ഒരു മുദ്രാവാക്യമുണ്ടായിരുന്നു - നാം രണ്ട്, നമുക്ക് രണ്ട്. അത് പോലെയാണ് ഇവിടെയും കാര്യങ്ങൾ നടക്കുന്നത്. ഈ മുദ്രാവാക്യത്തിന് ഈ സർക്കാർ പുതിയ അർത്ഥം കണ്ടുപിടിച്ചു. നാല് പേരാണ് ഈ രാജ്യം നടത്തുന്നത്. നാം രണ്ട്, നമുക്ക് രണ്ട് എന്നതാണ് മുദ്രാവാക്യം'', എന്ന് രാഹുലിന്‍റെ വിമർശനം. 

എന്നാൽ ഈ നാല് പേർ ആരെന്ന കാര്യം രാഹുൽ പ്രസംഗത്തിൽ പറഞ്ഞില്ല. ആരെയും പേരെടുത്ത് പരാമർശിച്ചതുമില്ല. 'എല്ലാവർക്കും അവരെ അറിയാമല്ലോ' എന്ന് രാഹുൽ.

കർഷകസമരം അവരുടേത് മാത്രമല്ലെന്ന് പറ‌‌‌ഞ്ഞ രാഹുൽ ഗാന്ധി, ഇത് രാജ്യത്തെ അനേകലക്ഷം പേരുടെ ജീവിക്കാനുള്ള സമരമാണെന്നും പറഞ്ഞു. ''ഇത് കർഷകരുടെ മാത്രം സമരമാണെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇത് ഇന്ത്യയുടെ സമരമാണ്. കർഷകർ മുന്നിൽ നിന്ന് നയിക്കുന്നുവെന്ന് മാത്രം'', എന്ന് രാഹുൽ.

പുതിയ കർഷകനിയമഭേദഗതികൾ കർഷകരെ മാത്രമല്ല, മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കുന്ന ഇടനിലക്കാരെയും, ചെറുകിടകർഷകരെയും, ചെറുവ്യവസായികളെയും തകർക്കുമെന്നും രാഹുൽ പറഞ്ഞു. ഇത് രാജ്യത്തിന്‍റെ ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയെ തകർക്കുമെന്നും രാഹുൽ.

''വികസനമോ, തൊഴിലവസരങ്ങളോ ഇന്ത്യയിൽ ഇല്ലാതാകും. ഇന്ത്യയുടെ നട്ടെല്ലാണ് കർഷകർ. അത് തകർക്കപ്പെട്ടാൽ ഈ നാം രണ്ട്, നമുക്ക് രണ്ട് എന്ന മുദ്രാവാക്യമാണ് നടപ്പാകുന്നത്'', ബിജെപി അംഗങ്ങളുടെ പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും ഇടയിൽ രാഹുൽ പറഞ്ഞു.

Read more at: 'സമരജീവികൾ കർഷക സമരത്തിന്‍റെ പവിത്രത നശിപ്പിച്ചു'; മാറ്റങ്ങളില്‍ നിന്ന് ഭയന്ന് പിന്മാറില്ലെന്ന് മോദി

Follow Us:
Download App:
  • android
  • ios