ആക്രമണം നടന്നത് സുരക്ഷാ സേന നിലയുറപ്പിച്ച സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെയാണെന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് കുക്കി സംഘടന വിശദമാക്കുന്നത്

ഗുവാഹത്തി: മണിപ്പൂരിൽ ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി - സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ ടോള്ളൻ ഗ്രാമത്തിലാണ് ആദ്യ ആക്രമണം നടന്നത്. പുലർച്ചെയുണ്ടായ ആക്രമണത്തിൽ സെയ്‌നെഹ് സിംഗ്സിറ്റ്, ഭാര്യ ലിങ്സംഗായ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ആറുവയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ വെടിയുണ്ട തറച്ചിരിപ്പുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവസ്ഥലത്തുവെച്ചുതന്നെ സ്ത്രീ മരിച്ചു. സെയ്‌നെഹ് സിംഗ്സിറ്റ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. ഈ ആക്രമണം നടന്നത് സുരക്ഷാ സേന നിലയുറപ്പിച്ച സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെയാണെന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് കുക്കി സംഘടന വിശദമാക്കുന്നത്.

ഇതിനുപിന്നാലെയാണ് നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തിൽ രണ്ടാമത്തെ ആക്രമണമുണ്ടായത്. അരി കൊണ്ടുപോവുകയായിരുന്ന രണ്ട് പേർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണകാരികൾ ആക്രമണം നടത്തിയത്. ഇതിൽ ജൂലി ഗാങ്തെ, താംഗ്രോയൽ ഗാങ്തെ എന്നിവർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ ആക്രമികൾ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നത്. ഈ അതിക്രമങ്ങൾക്ക് പിന്നിൽ നാഗാ വിമത ഗ്രൂപ്പുകളാണെന്ന് കുക്കി-സോ സംഘടനകൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥർ സ്ഥിരീകരണം നൽകിയെങ്കിലും സംസ്ഥാന സർക്കാർ ഇതിനോട് ഉടൻ പ്രതികരിച്ചിട്ടില്ല.

ആക്രമണത്തിൽ ഉൾപ്പെട്ടവരെ 24 മണിക്കൂറിനകം കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് നിരന്തരം അഭ്യർത്ഥിക്കുകയും സമാധാന ശ്രമങ്ങളുടെ ഭാഗമായി കുക്കി-സോ, നാഗാ നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും മണിപ്പൂരിൽ അക്രമ സംഭവങ്ങൾ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം