Asianet News MalayalamAsianet News Malayalam

വെടിയുതിർത്തത് മരിച്ചെന്ന് കരുതിയ ഭീകരൻ; ജമ്മു കശ്മീരിൽ നാല് സുരക്ഷാ സേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ കുപ്‍വാരയിലുണ്ടായ ഏറ്റുമുട്ടലിലാണ് നാല് സുരക്ഷാ സേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. ഒരു നാട്ടുകാരനും ഏറ്റുമുട്ടലിൽ മരിച്ചു. 

four security force officers dead in jammu kashmir
Author
Jammu, First Published Mar 1, 2019, 11:38 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിലെ ഹന്ദ്‍വാരയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സുരക്ഷാ സേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും രണ്ട് ജമ്മു കശ്മീർ പൊലീസുദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന വീട്ടിൽ തെരച്ചിൽ നടത്തുന്നതിനിടെ മരിച്ചെന്ന് കരുതിയ ഒരു ഭീകരൻ എഴുന്നേറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

സിആർപിഎഫ് ഇൻസ്പെക്ടറും, ഒരു ജവാനും രണ്ട് പൊലീസുദ്യോഗസ്ഥരും മരിച്ചവരിൽ പെടുന്നു. കുപ്‍വാരയിലെ ക്രാൽഗുണ്ട് ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നെന്ന് വിവരം കിട്ടിയ സുരക്ഷാ സേന പ്രദേശത്തെത്തി തെരച്ചിൽ നടത്തുകയായിരുന്നു. ഭീകരർ ഒളിച്ചിരിക്കുന്ന വീടിനടുത്ത് സുരക്ഷാ സേന എത്തിയപ്പോൾത്തന്നെ ആദ്യം വെടിവയ്പുണ്ടായി.

സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു. വീടിനകത്ത് നിന്ന് വെടിവയ്‍പ് നിലച്ചപ്പോൾ കൂടുതൽ തെരച്ചിലിനായി സംഘം അകത്തേയ്ക്ക് കയറി. പരിക്കേറ്റ് കിടക്കുന്നവരെ പരിശോധിക്കുന്നതിനിടെയാണ് മരിച്ചെന്ന് കരുതിയ ഒരു ഭീകരൻ എഴുന്നേറ്റ് നിന്ന് സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ നാല് ഉദ്യോഗസ്ഥരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ട് തീവ്രവാദികളെയും ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചിട്ടുണ്ട്. ഏറ്റുമുട്ടലുണ്ടായ ഇടത്ത് തെരച്ചിൽ നടത്താനെത്തിയ സുരക്ഷാ സേനയെ ഒരു സംഘം നാട്ടുകാർ തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. നാല് ഉദ്യോഗസ്ഥർക്കും നാല് നാട്ടുകാർക്കും പരിക്കേറ്റിട്ടുമുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ ഭീകരരുടെ സംഘം തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് പ്രദേശം സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരുന്നു.

Follow Us:
Download App:
  • android
  • ios