നാഗ്‍പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കൊവിഡ് 19 എന്ന് സംശയിക്കുന്ന നാല് പേര്‍ നിരീക്ഷണത്തില്‍ നിന്ന് ചാടിപ്പോയി. നാലുപേരും അധികൃതരെ അറിയിക്കാതെ നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന്  കടന്നുകളയുകായിരുന്നു. പിന്നീട് ഇവരെ കണ്ടെത്തുകയും ആശുപത്രിയിലേക്ക് തിരിച്ചെത്താന്‍ ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് അറിയിച്ചു. 

കൊവിഡ് ഉണ്ടോ എന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ഇവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടത്. നാല് പേരുടെയും പരിശോധനാ ഫലം പുറത്തുവരാന്‍ ഇരിക്കുകയാണ്. 

'' രണ്ട് സ്ത്രീകളടക്കം നാല് പേരുടെ പരിശോധനാ ഫലമാണ് പുറത്തുവരാനിരിക്കുന്നത്. ഇവരെ ഐസൊലേഷന്‍ വാഡിലാണ് കിടത്തിയിരുന്നത്. എന്നാല്‍ രാത്രിയില്‍ അധികൃതരെ അറിയിക്കാതെ ഇവര്‍ കടന്നുകളയുകയായിരുന്നു'' - പൊലീസ് ഓഫീസര്‍ 

ഇവരെ കണ്ടെത്തുകയും ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഇവരോട് ആശുപത്രിയിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവരാന്‍ വൈകുന്നതിനാലും കൊവിഡ് പോസിറ്റീവായ ആളുകള്‍ ഉപയോഗിച്ച ശുചിമുറി ഉപയോഗിക്കേണ്ടി വരുന്നതിനാലുമാണ് അവിടെ നിന്ന് പോന്നതെന്നും അവര്‍ പറ‌ഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി. 

ഇതുവരെ മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 19 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് 19 കാരണം രണ്ട് പേരാണ് മരിച്ചത്. 80 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 17 പേര്‍ വിദേശീയരാണ്. ഇതില്‍ ഒരാള്‍ കാനഡ സ്വദേശിയും 16 പേര്‍ ഇറ്റലിക്കാരുമാണ്.