അമ്മ ഉപേക്ഷിച്ചു, മുലപ്പാല്‍ കിട്ടാതെ 4 കടുവക്കുഞ്ഞുങ്ങള്‍, പട്ടിണി കിടന്നത് ദിവസങ്ങള്‍, ഒടുവില്‍ മരണം
അമ്മ കടുവ സമീപത്തുണ്ടായാല്‍ ആക്രമണത്തിനുള്ള സാധ്യതയുള്ളതിനാല്‍ കടുവ കുഞ്ഞുങ്ങളുടെ അടുത്തേക്ക് സംഘത്തിന് പോകാനായിരുന്നില്ല
കോയമ്പത്തൂര്‍: നീലഗിരി ജില്ലയില്‍ അമ്മ കടുവ ഉപേക്ഷിച്ചതിനെതുടര്‍ന്ന് മുലപ്പാല്‍ കിട്ടാതെ നാലു കടുവ കുഞ്ഞുങ്ങള്‍ ചത്തു. നീലഗിരി ജില്ലയില്‍ മുതുമല കടുവ സങ്കേതത്തിന്‍റെ അതിര്‍ത്തി മേഖലയായ ചിന്നക്കൂനൂരിലെ കടനാട് റിസര്‍വ് വനത്തിലാണ് വ്യത്യസ്ത ദിവസങ്ങളിലായി കടുവ കുഞ്ഞുങ്ങളെ ഭക്ഷണം കിട്ടാതെ ചത്ത നിലയില്‍ കണ്ടെത്തിയത്. 45 ദിവസം മാത്രം പ്രായമുള്ള കടുവ കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മ കടുവ മുലയൂട്ടിയിരുന്നില്ലെന്ന് വ്യക്തമായതായി അധികൃതര്‍ പറഞ്ഞു. ഭക്ഷണം ഒന്നും കഴിക്കാത്തതിനാല്‍ നാലു കടുവ കുഞ്ഞുങ്ങളുടെയും വയറൊഴിഞ്ഞ നിലയിലായിരുന്നു. കടുവ കുഞ്ഞുങ്ങളെ അമ്മ കടുവ ഉപേക്ഷിച്ചതിന്‍റെ കാരണം വ്യക്തമല്ല. ഫോറന്‍സിക് പരിശോധന ഫലം ഉള്‍പ്പെടെ വരേണ്ടതുണ്ടെന്നും അധികൃതര്‍ പറഞ്ഞു. സാധാരണയായി ജനിച്ചശേഷം രണ്ടു വര്‍ഷവരെ അമ്മ കടുവ കടുവ കുഞ്ഞുങ്ങളെ മുലയൂട്ടാറുണ്ട്.
ഈ സംഭവം ഉള്‍പ്പെടെ കഴിഞ്ഞ ഒരു മാസത്തിനിടെ നീലഗിരി ജില്ലയില്‍ മൂന്നു ആണ്‍ കടുവകളും ഒരു പെണ്‍കടുവയും ആറു കടുവ കുഞ്ഞുങ്ങളും ഉള്‍പ്പെടെ പത്തു കടുവകളാണ് ചത്തത്. സെപ്റ്റംബര്‍ 14നാണ് നാലു കടുവ കുഞ്ഞുങ്ങളെ ചിന്നക്കൂനൂരില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് മുതുമല കടുവ സങ്കേതത്തില്‍നിന്നുള്ള സംഘം സ്ഥലത്തെത്തി നിരീക്ഷണിച്ചു. അമ്മ കടുവ സമീപത്തുണ്ടായാല്‍ ആക്രമണത്തിനുള്ള സാധ്യതയുള്ളതിനാല്‍ കടുവ കുഞ്ഞുങ്ങളുടെ അടുത്തേക്ക് സംഘത്തിന് പോകാനായിരുന്നില്ല. അമ്മ കടുവ സമീപത്തുണ്ടെന്ന് കര്‍ഷകരും വനംവകുപ്പിനെ അറിയിച്ചിരുന്നു. ഇരപിടിക്കാന്‍ പോയ അമ്മ കടുവ തിരിച്ചുവരുമെന്ന കരുതി ക്യാമറ ഉള്‍പ്പെടെ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചു. എന്നാല്‍, സെപ്റ്റംബര്‍ 17ന് ഒരു കടുവ കുഞ്ഞിനെ ചത്തനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രണ്ടു കടുവ കുഞ്ഞുങ്ങളെ കൂടി ചത്ത നിലയില്‍ കണ്ടെത്തി. ഉടനെ തന്നെ നാലാമത്തെ കടുവ കുഞ്ഞിനെ രക്ഷപ്പെടുത്തിയെങ്കിലും ചികിത്സയോട് പ്രതികരിച്ചില്ല. തുടര്‍ന്ന് ഇതും ചത്തു.
കുറച്ചു കടുവ കുഞ്ഞുങ്ങള്‍ക്ക് അമ്മ കടുവ മുലയൂട്ടിയിരുന്നില്ലെന്നും ഭക്ഷണം ലഭിക്കാതെയാണ് കടുവ കുഞ്ഞുങ്ങള്‍ ചത്തതെന്നും പോസ്റ്റോര്‍ട്ടില്‍ വ്യക്തമായതായി എംടിആര്‍ ഫീല്‍ഡ് ഡയറക്ടര്‍ ഡി. വെങ്കടേഷ് പറഞ്ഞു. കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലത്ത് കടുവ വേട്ടയാടിയ നിലയില്‍ മാനിന്‍റെ അധികം പഴക്കമില്ലാത്ത ജഡം കണ്ടെത്തിയിരുന്നു. ഇതിനാല്‍ തന്നെ അമ്മ കടുവ സമീപത്തുതന്നെ ഉണ്ടായിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതര്‍. അമ്മ കടുവയുടെ സഞ്ചാരം നിരീക്ഷിക്കാന്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
പലകാരണങ്ങളാല്‍ അമ്മ കടുവ കടുവ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാറുണ്ടെന്നും അമ്മ കടുവയുടെ പാലില്ലാതെ ജീവന്‍ നിലനിര്‍ത്തുക ഏറെ ശ്രമകരമാണെന്നും അധികൃതര്‍ പറഞ്ഞു.