ബിഎസ്‍പിയും ആംആദ്മി പാര്‍ട്ടിയും ജെഡിഎസും യോഗത്തില്‍ പങ്കെടുക്കില്ല.  

ദില്ലി: പെഗാസസ് ഫോൺ ചോർത്തലിൽ സമാന്തര പാർലമെന്‍റ് സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കാൻ പ്രതിഷേധം. ദില്ലിയിൽ കോൺസ്റ്റിറ്റ്യൂഷൻ ക്ലബില്‍ നിന്ന് സൈക്കിളിൽ പാർലമെന്‍റില്‍ എത്തിയാണ് ഇന്ന് പ്രതിപക്ഷം നിലപാട് കടുപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പെട്രോൾ, പാചകവാതക വില വർദ്ധനയ്ക്ക് എതിരയെുള്ള പോസ്റ്ററുകളാണ് സൈക്കിളിൽ ഉണ്ടായിരുന്നത്. 

പതിനഞ്ച് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം ചേർന്ന ശേഷമാണ് പ്രതിപക്ഷ അംഗങ്ങൾ തെരുവിലേക്ക് ഇറങ്ങിയത്. ബിഎസ്പിയും ആംആദ്മി പാർട്ടിയും പങ്കെടുത്തില്ല. പെഗാസസ് ഫോൺ ചോർത്തലിൽ ജെഡിയു നേതാവ് നിതീഷ്കുമാറും അന്വേഷണം ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ ഒത്തുതീർപ്പ് വേണ്ടെന്ന് യോഗം ധാരണയിലെത്തി. പാർലമെന്‍റിന് അകത്ത് ചർച്ചയില്ലാത്തതിനാൽ സമാന്തര ചർച്ച പുറത്ത് നടത്തി പെഗാസസ് ചോർത്തലിലെ ജനവികാരം പ്രകടിപ്പിക്കുമെന്നും യോഗം പ്രഖ്യാപിച്ചു.

പിന്നീട് ഇരുസഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. രാജ്യം പാർലമെന്‍റിലെ സംഭവങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് മറക്കരുതെന്ന് സ്പീക്കർ ഓം ബിർളയും രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവും പറഞ്ഞു. പ്രതിപക്ഷം സഭ മുടക്കുകയാണെന്ന് ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി ആഞ്ഞടിച്ചു. ചർച്ചയ്ക്ക് തയ്യാറാവാത്ത് പ്രതിപക്ഷമാണെന്നും സർക്കാർ പറഞ്ഞു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അന്വേഷണം ആവശ്യപ്പെട്ടതിനോട് സർക്കാർ മൗനം പാലിക്കുകയാണ്. സമ്മേളനം വെട്ടിച്ചുരുക്കുന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.