Asianet News MalayalamAsianet News Malayalam

ഒന്നുമില്ലായ്മയിൽ നിന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയിലേക്ക്; ഇന്ത്യക്ക് അഭിമാനിക്കാനേറെയെന്ന് മന്ത്രി

കോളനിവൽക്കരണം ഇന്ത്യയെ ഏറ്റവും ദരിദ്രമായ അവസ്ഥയിലേക്കെത്തിച്ചിരുന്നു. അവിടെനിന്ന് 75 വർഷങ്ങൾക്കിപ്പുറം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നുനിൽക്കുകയാണെന്നും മന്ത്രി ന്യൂയോർക്കിൽ അഭിപ്രായപ്പെട്ടു. 

from nothing to the fifth largest economy in the world s jaishankar says that india has a lot to be proud of
Author
First Published Sep 24, 2022, 9:02 PM IST

ദില്ലി: 75 വർഷക്കാലത്തെ ഇന്ത്യയുടെ സാമ്പത്തികവളർച്ചയിൽ അഭിമാനം കൊള്ളുന്നതാ‌യി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കോളനിവൽക്കരണം ഇന്ത്യയെ ഏറ്റവും ദരിദ്രമായ അവസ്ഥയിലേക്കെത്തിച്ചിരുന്നു. അവിടെനിന്ന് 75 വർഷങ്ങൾക്കിപ്പുറം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നുനിൽക്കുകയാണെന്നും മന്ത്രി ന്യൂയോർക്കിൽ അഭിപ്രായപ്പെട്ടു. 

 ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ കോളനിവൽക്കരണം മൂലം നമ്മൾ ദരിദ്രരാജ്യങ്ങളിലൊന്നാ‌യിരുന്നു. എന്നാൽ, സ്വാതന്ത്ര്യലബ്ധിയുടെ 75ാം വർഷത്തിൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ തലയുയർത്തിപ്പിടിച്ച് നിൽക്കുകയാണ്. എസ് ജയശങ്കർ പറഞ്ഞു. ന്യൂ‌യോർക്കിൽ ‘India@75’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഫ്​ഗാനിസ്ഥാനിൽ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ട ദിവസം അർദ്ധരാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോൺവിളിച്ച ഓർമ്മ പങ്കുവച്ച്  എസ് ജയശങ്കർ ഇന്നലെ ന്യൂയോർക്കിൽ സംസാരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ പ്രശംസിച്ചായിരുന്നു  ആ പ്രസം​ഗം. 
2016ലെ സംഭവമാണ് വിദേശകാര്യമന്ത്രി പങ്കുവച്ചത്. അഫ്​ഗാനിൽ യുദ്ധം കൊടുമ്പിരികൊണ്ട സമയത്താണ് മസർ ഇ ഷെരീഫിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ടത്. അന്ന് വിദേശകാര്യസെക്രട്ടറിയായിരുന്നു ജയശങ്കർ. ഉറങ്ങിയില്ലാരുന്നോ എന്ന് ചോദിച്ചാണ് പ്രധാനമന്ത്രിയുടെ വിളി വന്നതെന്ന് ജയശങ്കർ പറയുന്നു.  "അർദ്ധരാത്രിയിലാണ് ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുതുടങ്ങിയപ്പോഴാണ് എന്റെ ഫോണിൽ വിളി വന്നത്. ഞാനാകെ ആശ്ചര്യപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് വിളിക്കാറില്ല, ആരെങ്കിലും വഴി കണക്ട് ചെയ്യാറാണ് പതിവ്. പക്ഷേ, ഇത് അദ്ദേഹം നേരിട്ട് വിളിച്ചിരിക്കുന്നു. 

ഞാൻ ഉറങ്ങിയില്ലാരുന്നോ എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. അപ്പോൾ സമയം 12.30 കഴിഞ്ഞു. ഉണർന്നിരിക്കുകയല്ലാതെ ഞാൻ മറ്റെന്ത് ചെയ്യാൻ? അദ്ദേഹത്തിന്റെ ജീവിതത്തെ സംബന്ധിച്ച് ആ സമയത്ത് ഉണർന്നിരിക്കുക എന്നത് സ്വാഭാവികമാണല്ലോ!

ടിവി കാണുകയായിരുന്നോ? പ്രധാനമന്ത്രി ചോദിച്ചു. അതെ, ഞാൻ മറുപടി നൽകി. കാര്യങ്ങൾ അറിയുന്ന ഉടൻതന്നെ വിളിച്ചറിയിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. എന്തായാലും രണ്ട് മൂന്ന് മണിക്കൂറെടുക്കുമെന്നും അപ്പോൾത്തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വിവരമറിയിക്കാമെന്നും ഞാൻ മറുപടി നൽകി. എന്നെ വിളിച്ചാൽ മതി ഉടൻ പ്രധാനമന്ത്രി മറുപടി നൽകി". എസ് ജയശങ്കർ പറഞ്ഞു
 
അത്തരമൊരു സാഹചര്യത്തിൽ അദ്ദേഹം കാണിച്ച ഉത്തരവാദിത്തം പ്രശംസനീയമാണെന്ന് പറഞ്ഞ ജയശങ്കർ കൊവിഡ് പ്രതിസന്ധിയെ നേരിട്ട സമയത്തെക്കുറിച്ചും വാചാലനായി. ലോകനേതാക്കൾ കൊവിഡ് സമയത്തെ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് നോക്കിയാൽത്തന്നെ മോദിയുടെ നേതൃപാടവവും അർപ്പണബോധവും എത്ര വലുതെന്ന് മനസിലാവും. വിലയ തീരുമാനങ്ങളെടുക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ അദ്ദേഹം കൈകാര്യം ചെയ്യുന്ന രീതി തന്നെ നോക്കിയാൽ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.  

Read Also; വഴക്കുപറഞ്ഞു, അധ്യാപകനെ ഓടിച്ചിട്ട് വെടിവച്ച് പത്താം ക്ലാസുകാരൻ; വിദേശത്തല്ല, സംഭവം ഇന്ത്യയിൽ

Follow Us:
Download App:
  • android
  • ios