രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് ഇറങ്ങിച്ചെല്ലുകയാണ്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ ആദ്യത്തെ എപ്പിസോഡ്. രണ്ട് ചാനലുകൾ, രണ്ട് ചിത്രങ്ങൾ പിന്നെ ചില അധികാര വടംവലികളുടെയും കഥയാണ് ഇത്തവണ.

അധികാരത്തിന്റെ ഇടനാഴികളിലെ തിരശ്ശീലയ്ക്ക് പിന്നിൽ ഏത് കാലത്തും ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അതിൽ ഗൂഢാലോചനകളുണ്ട്, അഭിപ്രായങ്ങളുണ്ട്. അധികാരക്കളികളും രാഷ്ട്രീയ ഇടങ്ങളിലെ ആഭ്യന്തര കലഹങ്ങളുമുണ്ട്. രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് ഇറങ്ങിച്ചെല്ലുകയാണ്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ ആദ്യത്തെ എപ്പിസോഡ്. രണ്ട് ചാനലുകൾ, രണ്ട് ചിത്രങ്ങൾ പിന്നെ ചില അധികാര വടംവലികളുടെയും കഥയാണ് ഇത്തവണ.

രാജ്യസഭാ ഉപാധ്യക്ഷൻ ജ​ഗദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല

ബ്രേക്കിങ് ന്യൂസ്

രാജ്യസഭ ടിവി ചാനലും ലോക്‌സഭാ ടിവി ചാനലും സൻസദ് ടിവിയായി ലയിപ്പിച്ചതു മുതൽ ഇവ രണ്ടും തമ്മിലുള്ള വടംവലി രസകരമായി പോകുകയാണ്. ഇതുവരെ, ലോക്സഭയ്ക്കാണ് നേരിയ മുൻതൂക്കം ഉണ്ടായിരുന്നത്, എന്നാൽ പുതിയ വൈസ് പ്രസിഡന്റ് സ്ഥാനമേറ്റതിന് ശേഷം കാര്യങ്ങൾ മാറിയതായി തോന്നുന്നു. മുൻഗണനാക്രമം നോക്കിയാലും വൈസ് പ്രസിഡന്റ് രണ്ടാം സ്ഥാനത്തും സ്പീക്കര്‍ ആറാം സ്ഥാനത്തുമാണല്ലോ. രണ്ടുപേരും രാജസ്ഥാനിൽ നിന്നുള്ളവരാണ്, രണ്ടുപേര്‍ക്കും ചാനലിൽ ദൃശ്യമാകാനുള്ള ഒരു അവസരവും നഷ്ടപ്പെടാൻ ആഗ്രഹവും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ എന്താണ്, എത്ര നേരം ആരെയാണ് കാണിച്ചത് തുടങ്ങിയ കണക്കുകൾ സൂക്ഷിക്കുന്ന തിരക്കിലാണത്രെ രണ്ട് ഓഫീസുകളും. അതാത് മേലധികാരികളുടെ സ്‌ക്രീൻ സമയം മറ്റുള്ളവരേക്കാൾ കുറവായതിൽ ഉദ്യോഗസ്ഥര്‍ പരിഭ്രാന്തരാകുന്നു എന്നും കേൾവിയുണ്ട്. എന്തായാലും കാഴ്ചക്കാര്‍ക്ക് ഒരു ഇടവേളയുടെ ആവശ്യമുണ്ട് എന്ന് തോന്നുന്നു!

ഏവിയേഷൻ സഹമന്ത്രി ജനറൽ വി കെ സിങ്

ഷൂട്ട് അറ്റ് സൈറ്റ്

ആർമി ഹൗസിൽ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ വിജയ് ദിവസ് വാർഷിക പരിപാടി സംഘടിപ്പിക്കുകയുണ്ടായി. മെഡലുകളുമായി യൂണിഫോമിലെത്തിയ ഉന്നത ഉദ്യോഗസ്ഥർ ജനക്കൂട്ടവുമായി ഇടകലർന്ന പരിപാടി. ചടങ്ങിനെത്തിയ സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ വി കെ സിങ്ങിന്റെ പതിഞ്ഞ ശരീരഭാഷ ആദ്യമേ തന്നെ പ്രകടമായിരുന്നു എന്നാണ് ദില്ലി വൃത്തങ്ങൾ. അദ്ദേഹം ആദ്യം വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ പിന്നിൽ ഇരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നുവരുന്നതിന് തൊട്ടുമുൻപായി മുൻനിരയുടെ ഇടത് മൂലയിലേക്ക് മാറി. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിശിഷ്ടാതിഥികളെ അഭിവാദ്യം ചെയ്ത സമയത്ത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡുമായി ചൂടേറിയ സംഭാഷണത്തിൽ ഏര്‍പ്പെട്ട ജനറൽ വി കെ സിംഗിനെ കാണാമായിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു അകത്തേക്ക് കടക്കുന്നതിന് മുമ്പായി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തുന്നതും കണ്ടിരുന്നു. എന്താണ് സംസാരിക്കുന്നത് എന്ന് കേൾക്കാൻ ആര്‍ക്കും കൗതുകം തോന്നുന്ന ഒരു രംഗം. എല്ലാവര്‍ക്കും മൊബൈൽ ഫോണുകൾ ഉള്ളിൽ കൊണ്ടുപോകാൻ അനുവാദമില്ലെങ്കിലും നയതന്ത്ര രംഗത്തെ ചിലര്‍ക്ക് ഇത് ബാധകമായിരുന്നില്ല. അവര്‍ പ്രധാനമന്ത്രിക്കൊപ്പം ആവേശത്തോടെ സെൽഫികൾ ക്ലിക്കുചെയ്യുന്നതും കാണാമായിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവർ

രണ്ടു ചിത്രങ്ങൾ ചില ചിന്തകൾ

കഴിഞ്ഞ രണ്ടാഴ്ചയിൽ രണ്ടു ചിത്രങ്ങളാണ് ഏറെ വൈറലായത്. ഒന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നർമ്മം പങ്കിടുന്ന ചിത്രം. രണ്ട്, മുൻപ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ പ്രധാനമന്ത്രി ഊഷ്മളമായി സ്വീകരിക്കുന്ന ചിത്രം. 

ഒന്നാമത്തെ ചിത്രം വൈറലാക്കിയത് ബിജെപി പ്രവർത്തകർ തന്നെയാണ്. പ്രത്യേകിച്ച് കേരളത്തിൽ. മോദിയുടെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായ സീതാറാം യെച്ചൂരി പൊട്ടിച്ചിരിച്ചു കൊണ്ടാണ് മോദിക്ക് കൈകൊടുക്കുന്നത്. ഇവർ എന്താണ് സംസാരിച്ചത് എന്നറിയാനായിരുന്നു മാധ്യമപ്രവർത്തകർക്ക് കൗതുകം. മോദിയോട് ആർക്കും ചോദിക്കാനാവില്ല. അതിനാൽ ഇടതുനേതാക്കളോട് ഇക്കാര്യം മാധ്യമപ്രവർത്തകർ നിരന്തരം ചോദിക്കുകയാണ്. പൊട്ടിച്ചിരിക്കാൻ കാര്യമായൊന്നും പറഞ്ഞില്ലെന്നാണ് കിട്ടുന്ന ഉത്തരം. ‘അങ്ങനെ കാണാറില്ലല്ലോ.....നിങ്ങൾ എന്നെ മുങ്ങി നടക്കുകയല്ലേ?” എന്നർത്ഥം വരുന്നു ഒരു വാചകം മോദി പറഞ്ഞു. ഇതു കേട്ട് മോദിയുടെ കൈപിടിച്ച് യെച്ചൂരി പൊട്ടിച്ചിരിച്ചു. വലിയ സംഭാഷണം ഒന്നും ഉണ്ടായില്ലെങ്കിലും വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ആ ചിത്രത്തിന് ചെറുതല്ലാത്ത പ്രധാന്യമുണ്ട്.

രണ്ടാമത്തെ ചിത്രം പ്രധാനമന്ത്രിയെ കാണാൻ മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ എത്തിയതാണ്. വീൽ ചെയറിൽ ഇരിക്കുന്ന ദേവഗൗഡയോട് പ്രധാനമന്ത്രി ഏറെ സൗഹൃദം കാട്ടുന്നുണ്ട്. കർണ്ണാടകയിലെ രണ്ട് പ്രാദേശിക വിഷയങ്ങൾ സംസാരിക്കാൻ പോയെന്നാണ് ദേവഗൗഡ അറിയിച്ചത്. കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചിത്രം ഉയർത്തുന്ന രാഷ്ട്രീയ മാനം ചെറുതല്ല. പ്രധാനമന്ത്രിയായി ദേവഗൗഡയെ തെരഞ്ഞെടുത്ത യോഗത്തിലുണ്ടായിരുന്ന ഒരു നേതാവ് ഈ കൂടിക്കാഴ്ച നടന്ന ദിവസം പാർലമെൻറിൽ വന്നിരുന്നു. പഴയ കാലം നേതാവ് ഓർത്തു. 96ൽ ഐക്യമുന്നണി വന്നപ്പോൾ പ്രധാനമന്ത്രിയാകാൻ ആദ്യം ഉയർന്ന പേര് വിപി സിംഗിൻറേതായിരുന്നു. ഒഴിഞ്ഞു മാറിയ വിപി സിംഗ് ജ്യോതി ബസുവിനെ നിർദ്ദേശിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി രണ്ടു തവണ ഇത് തള്ളി. തമിഴ്നാട് ഭവനിൽ ചേർന്ന അവസാന യോഗത്തിൽ ചുറ്റുപാടും ഇരിക്കുന്ന നേതാക്കളെ നോക്കിയ ജ്യോതി ബസുവിൻറെ മനസിൽ രണ്ടു മുഖങ്ങൾ പതിഞ്ഞു. ഒന്ന് ജി കെ മൂപ്പനാർ, മറ്റൊന്ന് ദേവഗൗഡ. അടുത്തു നിന്ന ഒരു 'കുട്ടി' നേതാവിനെ ജ്യോതി ബസു പി. ചിദംബരത്തിൻറെ അടുത്ത് അയച്ചു. മൂപ്പനാരുടെ കാര്യം ചോദിക്കാനായിരുന്നു ഇത്. വേണ്ട എന്ന് കൈകൾ കൊണ്ടുള്ള ആംഗ്യത്തിലൂടെ ചിദംബരം അറിയിച്ചു. ദേവഗൗഡയുടെ പേര് ജ്യോതിബസു നിർദ്ദേശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ പ്രധാനമന്ത്രി എച്ച് ഡി ജേവ​ഗൗഡയെ സന്ദർശിച്ചപ്പോൾ

ആഗ്രഹമുണ്ടായിരുന്നെങ്കിലും ദേവഗൗഡ ജ്യോതിബസുവിനോടു പറഞ്ഞു. “ മഹാരഥൻമാരിരിക്കുന്ന ഇവിടെ എൻറെ പേര് പറഞ്ഞതെങ്ങനെ എന്ന് മനസ്സിലാകുന്നില്ല. പക്ഷെ തീരുമാനിക്കേണ്ടത് എൻറെ നേതാവാണ്,” ലാലുപ്രസാദ് യാദവ് ആയിരുന്നു ആ നേതാവ്. ഒരു കാല് മടിയിൽ കയറ്റി വച്ച് ഇരിക്കുകയായിരുന്ന ലാലു മനസില്ലാമനസോടെയാണെങ്കിലും പറഞ്ഞു. “ങാ, അങ്ങനെയാകട്ടെ.” ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രധാനമന്ത്രിയെ അങ്ങനെ തീരുമാനിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ

ഓണം VS ക്രിസ്മസ്

ഓണത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വാരാഘോഷ ചടങ്ങുകള്‍ സമാപിക്കുന്നത് വര്‍ണാഭമായ ഘോഷയാത്രയോടെയാണ്. ഗവര്‍ണറും ഭാര്യയുമാണ് സാധാരണ അതിലെ മുഖ്യാതിഥികള്‍. എന്നാല്‍, 2022 സെപ്തംബര്‍ 12-ന് തലസ്ഥാനത്ത് ചടങ്ങ് നടക്കുമ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പത്‌നിയും 398 കിലോ മീറ്റര്‍ അകലെ അട്ടപ്പാടിയിലെ ആദിവാസികള്‍ക്കൊപ്പമായിരുന്നു. ചടങ്ങിന് സര്‍ക്കാര്‍ ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ അന്ന് വിട്ടുനിന്നത്. ഉന്നതവിദ്യാഭ്യാസ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാറും ഗവര്‍ണറും തമ്മിലുണ്ടായ ശീതസമരമായിരുന്നു ഇതിനു കാരണം.

അതു കഴിഞ്ഞ് മൂന്ന് മാസങ്ങള്‍. ക്രിസ്മസിന് 11 ദിവസം മുമ്പ്, ഡിസംബര്‍ 14-ന് ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവനില്‍ ഒരു ക്രിസ്മസ് വിരുന്ന് നടന്നു. സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള വിവാദ ബില്‍ നിയമസഭ പാസ്സാക്കിയതിന്റെ തൊട്ടുപിറ്റേന്ന് നടന്ന വിരുന്നില്‍ പതിവില്‍നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷനേതാവിനെയും സ്പീക്കറിനെയുമടക്കം ഗവര്‍ണര്‍ ക്ഷണിച്ചു. എന്നാല്‍ ഇവരാരും വിരുന്നില്‍ പങ്കെടുത്തില്ല. ഗവര്‍ണര്‍-സര്‍ക്കാര്‍ ശീതയുദ്ധത്തിന്റെ തുടര്‍ച്ചയാണ് ബഹിഷ്‌കരണമെങ്കിലും ചീഫ് സെക്രട്ടറി, ഡി.ജി.പി, പൊതുഭരണ സെക്രട്ടറി മറ്റ് വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരും മതമേലധ്യക്ഷന്‍മാരും മധുരം പങ്കിടാനെത്തി. രണ്ടു ദിവസം മുമ്പ് തന്നെ വിരുന്നിന് പോവേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഘടകകക്ഷി മന്ത്രിമാരുടെ യോഗം തീരുമാനിച്ചിരുന്നു. ബഹിഷ്‌കരണ വിവരം തലേന്ന് തന്നെ വാര്‍ത്തയാവുകയും ചെയ്തു.ഓണാഘോഷ ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിന് ഗവര്‍ണര്‍ നല്‍കിയ മധുരപ്രതികാരമായിരുന്നു ക്രിസ്മസ് വിരുന്നിലെ ക്ഷണവും ബിഹ്ഷകരണവുമെന്നാണ് പറയുന്നത്. മുന്‍വര്‍ഷം മതമേലധ്യക്ഷരെ മാത്രമായിരുന്നു ഗവറണര്‍ ക്രിസ്മസ് വിരുന്നിന് ക്ഷണിച്ചത്.

ഗവര്‍ണറെ നിശിതമായി വിമര്‍ശിച്ച്, സര്‍ക്കാര്‍ ചാന്‍സലര്‍ ബില്‍ പാസ്സാക്കിയതിന്റെ പിറ്റേന്ന് തന്നെ വിരുന്ന് നടത്തിയതും യാദൃശ്ചികമല്ലെന്നാണ് പറച്ചില്‍. സത്യത്തില്‍ രണ്ട് ആഘോഷങ്ങളിലും കുടുക്കിലായത് സര്‍ക്കാറായിരുന്നു. ആഘോഷങ്ങളെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന നാട്ടുനടപ്പ് ഇരുകക്ഷികളും കൃത്യമായി ഉപയോഗിച്ചപ്പോള്‍ മാറിമറിഞ്ഞത് ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങളായിരുന്നു. സര്‍ക്കാറും ഗവര്‍ണറും രണ്ട് തട്ടിലാണെന്ന സന്ദേശമാണ് ഇത് നല്‍കിയത്.