കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അടിയേറ്റത് അവിടത്തെ ബി.ജെ.പി നേതൃത്വത്തിനു മാത്രമല്ല, അയല്‍ സംസ്ഥാനമായ തമിഴകത്തെ ബി.ജെ.പി അധ്യക്ഷനും കിട്ടി, നല്ല പണി.

രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്. 

പഞ്ചറായ സ്വപ്നങ്ങള്‍

ഹൈദരാബാദ്: പറ്റിയാല്‍ കേന്ദ്രം ഭരിക്കണം, ഒത്താല്‍ ഒന്നു പ്രധാനമന്ത്രിയാവണം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മനസ്സില്‍ കുറച്ചുനാളായി ഇതാണ് പൂതി. സ്വന്തം പാര്‍ട്ടിയായ ബി ആര്‍ എസിന്റെ (ഭാരത് രാഷ്ട്ര സമിതി) വണ്ടിയെ ഒന്ന് ദില്ലിയില്‍ എത്തിക്കാനുള്ള ആ സ്വപ്‌നത്തിനിടയിലാണ്, കര്‍ണാടകയില്‍നിന്ന് കട്ടപ്പണി വന്നത്. സ്‌പോട്ടില്‍ പഞ്ചറായി, റാവുവിന്റെ സ്വപ്‌നവണ്ടി!

കോണ്‍ഗ്രസ് ഇതര, ബി.ജെ.പി ഇതര ബദല്‍ എന്ന സാദ്ധ്യത മുന്നില്‍ക്കണ്ട് കുറേ നാളായി മാരത്തോണ്‍ മീറ്റിംഗുകളിലായിരുന്നു റാവു. ചെറുപാര്‍ട്ടികളെ ഒന്നിപ്പിച്ച് കേന്ദ്രം പിടിക്കുക, കരുത്തുള്ള ദേശീയ നായകനായി സ്വയം പ്രതിഷ്ഠിക്കുക, ഇതായിരുന്നു തന്ത്രം. എച്ച് ഡി കുമാരസ്വാമിയെ കൂട്ടുപിടിക്കുക, തൂക്കു പാര്‍ലമെന്റ് വന്നാല്‍ കിംഗ്‌മേക്കറാവുക. ഇതായിരുന്നു മന്ത്രം. എന്നാല്‍, കിട്ടിയത് എട്ടിന്റെ പണി! 

സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞയ്ക്ക് റാവുവിന് ക്ഷണം കിട്ടാതിരുന്നത് വെറുതെയല്ല എന്നര്‍ത്ഥം. 


എലിയായി മാറിയ പുലി 

ചെന്നൈ: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അടിയേറ്റത് അവിടത്തെ ബി.ജെ.പി നേതൃത്വത്തിനു മാത്രമല്ല, അയല്‍ സംസ്ഥാനമായ തമിഴകത്തെ ബി.ജെ.പി അധ്യക്ഷനും കിട്ടി, നല്ല പണി. അതിനാലാണ്, ഫലം വരുംവരെ പുലിയെപ്പോലെ നടന്ന തമിഴ്‌നാട് ബി ജെ. പി അധ്യക്ഷന്‍ ഇപ്പോള്‍ എലിയെപ്പോലെ നടക്കുന്നത്. 

കര്‍ണാടക ബി.ജെ.പി പ്രവര്‍ത്തനങ്ങളുടെ സഹചുമതല അദ്ദേഹത്തിനായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം ഇദ്ദേഹം ഇടപെട്ടു. കര്‍ണാടക ബി.ജെ.പിക്കുള്ളിലെ പ്രശ്‌നങ്ങള്‍ വഷളാക്കിയതില്‍ ആ ഇടപെടലുകള്‍ക്ക് പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. സംഗതി എന്തായാലും ഫലം വന്നതോടെ വായടച്ചു, ഈ നേതാവ്. 

കേരളത്തില്‍ ഗുസ്തി, ദില്ലിയില്‍ ദോസ്തി

തിരുവനന്തപുരം: കര്‍ണാടക സത്യപ്രതിജ്ഞ ചടങ്ങില്‍ അഭാവം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രദ്ധിക്കപ്പെട്ടത്. പ്രതിപക്ഷ ഐക്യത്തിന്റെ മുഖമായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെവെട്ടി. 

എന്നാല്‍, മറ്റ് പല ബി ജെ. പി ഇതര മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞയ്ക്ക് എത്തി. ഒപ്പം, പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ നേതാവ് ഡി രാജ. പ്രതിപക്ഷ ഐക്യം കൊട്ടിഘോഷിച്ച് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കൊപ്പം ഇവര്‍ കൈകോര്‍ത്തുനിന്ന അതേ സമയം കേരളത്തില്‍ പിണറായി സര്‍ക്കാറിനെതിരെ വമ്പന്‍ പ്രതിഷേധ പരിപാടി നടത്തുകയായിരുന്നു യു ഡി എഫ്. രണ്ട് പരിപാടികളുടെയും ദൃശ്യങ്ങള്‍ ഒരേ സമയം ചാനലുകളില്‍ മാറിമാറി പ്രത്യക്ഷപ്പെട്ടപ്പോള്‍, 'കേരളത്തില്‍ ഗുസ്തി, ദില്ലിയില്‍ ദോസ്തി' എന്ന വെങ്കയ്യനായിഡുവിന്റെ പറച്ചിലാണ് പലരും ഓര്‍ത്തത്! 

ട്വന്റി ട്വന്റി 

ബംഗളുരു: ട്വന്റി ട്വന്റി ക്രിക്കറ്റ് മാച്ചിനെ തോല്‍പ്പിക്കുന്ന സസ്‌പെന്‍സ്. കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലെ വോട്ടെണ്ണലില്‍ ഇത്തവണ കണ്ടത് ഇത്തരമൊരു അനുഭവം. വോട്ടെണ്ണല്‍ കഴിഞ്ഞപാടെ ജേതാവായത് കോണ്‍ഗ്രസിലെ സൗമ്യ റെഡ്ഡി. ഭൂരിപക്ഷം വെറും 150. വൈകിയില്ല, കോണ്‍ഗ്രസുകാര്‍ ആഘോഷം തുടങ്ങി. 

അതിനിടെ ബി.ജെ.പി വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. ബംഗളുരു സൗത്ത് എം പി തേജസ്വി സൂര്യ ബൂത്തില്‍ നേരിട്ടെത്തി ഇക്കാര്യം ആവശ്യപ്പെട്ടു. 

തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനം വന്നു. വീണ്ടും വോട്ടെണ്ണല്‍. ഇത്തവണ ജയിച്ചത് ബി.ജെ.പിയിലെ സി കെ രാമമൂര്‍ത്തി. ഭൂരിപക്ഷം, 17. അതോടെ വീണ്ടും റീ കൗണ്ടിംഗ് ആവശ്യമുയര്‍ന്നു. ഇത്തവണ ആവശ്യം വന്നത് കോണ്‍ഗ്രസില്‍ നിന്നായിരുന്നു. അങ്ങനെ വീണ്ടും വോട്ടെണ്ണി. വിജയം ബി.ജെ.പിക്കു തന്നെ. 17 വോട്ടിന് മൂര്‍ത്തി ജയിച്ചു. സൗമ്യ റെഡ്ഡിക്ക് ആകെ ആശ്വാസമായത് ബി ടി എം ലേ ഔട്ട് മണ്ഡലത്തില്‍ പിതാവ് രാമലിംഗ റെഡ്ഡിയുടെ മിന്നും ജയം. 

ഇവിടെ മാത്രമല്ല, മറ്റ് ചില മണ്ഡലങ്ങൡലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഗാന്ധിനഗറില്‍ 105 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ ദിനേശ് ഗുണ്ടുറാവു വെന്നിക്കൊടി നാട്ടിയത്. ശൃംഗേരിയില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം എല്‍ എ രാജുഗൗഡ ജയിച്ചത് 201 വോട്ടുകള്‍ക്കാണ്. പോസ്റ്റല്‍ വോട്ടുകളാണ് ഗൗഡയ്ക്ക് തുണയായത്.