രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്‍ക്ക് ലേഖകര്‍ പറയുന്ന,അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്. 

നിശബ്ദമായ യുസിസി 

എന്തുകൊണ്ടാണ് ഏക സിവിൽ കോഡിൽ (യുസിസി) ബിജെപി ഇപ്പോൾ നിശബ്ദത പാലിക്കുന്നത്? ചർച്ചകളിലെ പ്രാരംഭ ആവേശത്തിന് ശേഷം, കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ളതുപോലെ മോദി സർക്കാർ ഈ ചർച്ചകൾ സജീവമാക്കുന്നില്ല. ഈ പിൻവലിയലിനെ കർണാടക തെരഞ്ഞെടുപ്പ് പരാജയവും മണിപ്പൂർ കലാപവും കാരണമായി എന്നാണ് ആം ആദ്മി പറയുന്നത്. പക്ഷെ ഇതിന് പിന്നിൽ യഥാർത്ഥത്തിൽ മറ്റൊരു കാരണം ഉണ്ടോ? താൽക്കാലിക പിൻവലിയൽ പ്രധാനമന്ത്രിയുടെ വലിയൊരു ലക്ഷ്യവും അഭിലാഷവും നിറവേറ്റാനുള്ള സമയമെടുക്കലാണോ?, അങ്ങനെയും വിലയിരുത്താം.

ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുന്നതിൽ തന്റെ എല്ലാ ഊർജവും കേന്ദ്രീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമമെന്നാണ് വിവരം. നിലവിൽ മോദി സർക്കാർ ജി20 ഉച്ചകോടിയിൽ സജീവമാണ്. കൂടാതെ, അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാനിരിക്കുന്നു. ജനുവരിയിൽ അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇതൊക്കെ നോക്കുമ്പോൾ 2024 -ലെ തെരഞ്ഞെടുപ്പ് വരെ യുസിസി ബിൽ അവതരിപ്പിക്കുന്നത് പ്രധാനമന്ത്രി വൈകിപ്പിച്ചേക്കുമെന്നാണ് ഊഹാപോഹങ്ങൾ. മോദിയുടെ പ്രാഥമിക ശ്രദ്ധ ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി, ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുക എന്നതിലേക്ക് മാറിയിരിക്കുന്നുവെന്നാണ് സംസാരം.

പോസ്റ്റ് മാറിയ ഗോൾ

ലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയും കേരളത്തിലെ സിപിഎം സൈബർ ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധം എന്താണ്? ശരിയായ ഉത്തരം കണ്ടെത്താൻ മാർഗമില്ലെങ്കിലും, ക്രിക്കറ്റ് താരത്തിന്റെ സോഷ്യൽ മീഡിയ കമന്റ് ബോക്സുകൾ ചില ബന്ധങ്ങളുടെ സൂചനകൾ നൽകുന്നുണ്ട്. അടുത്തിടെ താരത്തിന്റെ കമന്റ് ബോക്സ് സൈബർ ഗ്രൂപ്പുകളിൽ നിന്നുള്ള വിദ്വേഷ സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. ഇതോടെ ചില വെട്ടുകിളികളായ സൈബർ ഗ്രൂപ്പുകളുടെ നിലവാരം പുറത്തുവന്നെന്നാണ് പൊതു സംസാരം. അടുത്തിടെയാണ് ഒരു കാർഷിക പരിപാടിയിൽ മന്ത്രിമാരെ വേദിയിലിരുത്തി, കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ നടൻ ജയസൂര്യ തുറന്നുപറഞ്ഞത്. കേരളത്തിലെ കർഷകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ ഇടതുപക്ഷ സർക്കാർ പരാജയപ്പെട്ടെന്ന തരത്തിലായിരുന്നു നടൻ ജയസൂര്യയുടെ വിമർശനം. ആയിരക്കണക്കിന് കർഷകർക്ക് അവരിൽ നിന്ന് സംഭരിച്ച നെല്ലിന് തറവില നൽകിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകർ പട്ടിണിയിലാണെന്നും, ചില ആത്മഹത്യ ചെയ്യുകയും ചെയ്യുന്നുവെന്നും ജയസൂര്യ പറഞ്ഞു. ഓണത്തിന് തലേന്ന് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജയസൂര്യയുടെ വിമർശനം. 

അവിടെയുണ്ടായിരുന്ന കൃഷിമന്ത്രി പി പ്രസാദും മന്ത്രി പി രാജീവും കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പല കോണിൽ നിന്നും വിമർശനങ്ങൾ തുടർന്നു. ഇതോടെ സൈബർ ഗ്രൂപ്പുകളിൽ നിന്ന് ജയസൂര്യക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടാവുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് ക്രിക്കറ്റ് താരം സനത് ജയസൂര്യയിലേക്കു് നീണ്ട പോസ്റ്റ് മാറിയ ഗോൾ. എന്തായാലും സംഭവം വ്യാപക പരിഹസത്തിന് ഇടയായതോടെയാണ് കമന്റ് ബോക്സിന് അൽപമെങ്കിലും വിശ്രമം ലഭിച്ചതെന്നാണ് വിവരം.

'ബനാന റിപ്പബ്ലിക്'

രാജസ്ഥാൻ സർക്കാരിലെ ഏറ്റവും ശക്തനായ മന്ത്രിമാരിൽ ഒരാളാണ് അച്ഛൻ. പക്ഷെ ഇതൊന്നും മകൻ വല്യ കാര്യമാക്കുന്നില്ലെന്ന് വേണം പറയാം. ഇടയ്ക്കിടെ അച്ഛനെ നാണം കെടുത്താൻ അദ്ദേഹം മറക്കാറില്ലെന്നാണ് പൊതു പരിഹാസം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സർക്കാർ ആശുപത്രിയിലേക്ക് ഓടിക്കയറിയതാണ് സമീപകാല സംഭവം. പിറന്നാൾ ആഘോഷിക്കാൻ എത്തിയ മന്ത്രിയുടെ മകന് കുറച്ച് പിന്തുണക്കാരും ഉണ്ടായിരുന്നു.

കയ്യിൽ കരുതിയിരുന്ന വാഴപ്പഴം വിതരണം ചെയ്തായിരുന്നു ജീവകാരുണ്യ പ്രവർത്തനം. പക്ഷെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരു രോഗി അധികമായി വാഴപ്പഴം വേണമെന്ന് ആവശ്യപ്പെട്ടതോടെ സംഭവം കയ്യിൽ നിന്ന് പോയി. മന്ത്രിപുത്രൻ ആകെ കയ്യിൽ കരുതിയിരുന്നത് കുറച്ച് പഴങ്ങൾ മാത്രമായിരുന്നു. ഇനിയും പഴം വേണമെന്ന ആവശ്യം മന്ത്രിപുത്രന് രസിച്ചില്ല. അത് അദ്ദേഹമങ്ങ് പ്രകടിപ്പിക്കുകയും ചെയ്തതോടെ ജീവകാരുണ്യം ആകെ കുളമായി.

ബഹളത്തിൽ കലാശിച്ചു. ഒരു പടി കൂടി കടന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ മന്ത്രിപുത്രനെ തടഞ്ഞുവയ്ക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. ഒടുവിൽ മന്ത്രി തന്നെ ആശുപത്രിയിലെത്തി രോഗിയോണ് ക്ഷമാപണം നടത്തിയ ശേഷമാണ് പ്രശ്നങ്ങൾക്ക് അയവുണ്ടായത്. സംഭവം നടന്നത് സ്വന്തം മണ്ഡലത്തിൽ കൂടിയാണെന്നതാണ് മന്ത്രിയെ ആശങ്കയിലാക്കുന്ന പ്രധാന കാര്യം. അങ്ങനെ അതൊരു 'ബനാന റിപ്പബ്ലിക്' ആയി.

Read more: ആപ്പിന്‍റെ ആശങ്ക, കന്നട രാഷ്ട്രീയത്തിലെ ശിവശക്തി, തുടർഭരണത്തില്‍ തിളച്ച് മറിയുന്ന ധിക്കാരം

ക്രൗഡ് പുള്ളർ മത്സരം

രാജസ്ഥാനിൽ 'ബിഗ് ബോസ്' അസാധാരണമായ ഉത്തരവ് വന്നതിന് പിന്നാലെ രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾ പരക്കം പായുകയാണ്. എന്താണ് ഇത്രവലിയ ഉത്തരവെന്നൊക്കെ തോന്നാം പക്ഷെ, കാര്യം തമാശയല്ല. കൺവെൻഷനിൽ ഏറ്റവും കൂടുതൽ അനുഭാവികളെ പങ്കെടുപ്പിക്കുന്നയാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കുമെന്നാണ് പോലും ഉത്തരവ്. ശക്തി പ്രകടനം നടത്താനുള്ള ഈ ആവശ്യം കോൺഗ്രസ് നേതാക്കളെ ഇത് വലിയ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഗെഹ്‌ലോട്ട് മന്ത്രിസഭയിലെ മന്ത്രിമാരെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നതെന്നാണ് സംസാരം. മന്ത്രിമാരായ ശേഷം ജനങ്ങളെ കാണാത്തവരാണ് പലരുമെന്നതു തന്നെ കാര്യം. ഇങ്ങനെയിരിക്കുമ്പോൾ വോട്ടർമാരോട് ഇക്കാര്യവും പറഞ്ഞ് ചെന്നാൽ ചിലപ്പോൾ പണിപാളുമോ എന്ന് ചെറിയൊരു ഭയം, അല്ല,എന്നാലുമൊരു പരിഭ്രമം...

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം