വരുന്ന തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ പാര്‍ട്ടിയെ നയിക്കാന്‍ രാജ്ഞി മതി എന്ന് ബിജെ.പി കേന്ദ്ര നേതൃത്വം ഉറച്ചതോടെ എല്ലാ പ്രതീക്ഷയും അടിഞ്ഞ് കടാപ്പുറത്ത് പാട്ടുംപാടി നടക്കുകയാണ് ഈ മുതിര്‍ന്ന നേതാവ്.

രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്. 

ഒന്നു കെട്ടിപ്പിടിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ? ചിലപ്പോള്‍ അതിനും സാധ്യതയുണ്ട് എന്നാണ് കര്‍ണാടകയില്‍നിന്നുള്ള വാര്‍ത്തകള്‍. 

സംഗതി വെറുമൊരു ആലിംഗനമാണ്. രണ്ട് നേതാക്കള്‍ പൊതുപരിപാടിക്കിടെ കണ്ടു, കെട്ടിപ്പിടിച്ചു; അതിസാധാരണമായ സംഭവം. പക്ഷേ, കര്‍ണാടക രാഷ്ട്രീയത്തില്‍ അതിപ്പോള്‍ വലിയ വാര്‍ത്തയാണ്. കാരണം, കെട്ടിപ്പിടിച്ചത് ബി.ജെ.പിയുടെ തീപ്പൊരി നേതാവ് അനന്ത് കുമാര്‍ ഹെഗ്‌ഡേയും കോണ്‍ഗ്രസ് നേതാവ് സതീഷ് സെയിലുമാണ്. 

കോണ്‍ഗ്രസിനെ ബദ്ധശത്രുവായി കാണുന്നയാളാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഹെഗ്‌ഡേ. സംഘപരിവാറിന്റെ തീപ്പൊരി നേതാവ്. നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഹെഗ്‌ഡേ കോണ്‍ഗ്രസിന്റെ കണ്ണിലെ കരടായിരുന്നു, ഒരുകാലത്ത്. 

കാര്‍വാറിലെ ജില്ലാ പഞ്ചായത്ത് പരിപാടിക്കിടയിലാണ് ഇരുനേതാക്കളും കണ്ടതും ആലിംഗനം ചെയ്തതും. അതിനു ശേഷം ഇരുവരും ഒരു മണിക്കൂര്‍ സ്വകാര്യമായി സംസാരിച്ചു. പരിപാടിക്കുശേഷം ഒരു കാറിലാണ് ഇരുവരും മടങ്ങിയത്. 

കുറച്ചു കാലമായി രാഷ്ട്രീയ വനവാസത്തിലാണ് ഹെഗ്‌ഡേ. രാഷ്ട്രീയം വിടുന്നുവെന്നും പ്രചാരണമുണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വവുമായുള്ള പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ ഇച്ചിരി വിട്ടുനില്‍ക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അംഗോല സന്ദര്‍ശനപരിപാടിയില്‍ ഹെഗ്‌ഡേയുടെ അഭാവം വാര്‍ത്തയായിരുന്നു. അതിനിടയിലാണ്, ബദ്ധശത്രുവായ കോണ്‍ഗ്രസിന്റെ നേതാവുമായുള്ള ആലിംഗനം. ആകാശം പൊട്ടിവീണില്ലെങ്കിലും വഴി മാറ്റാന്‍ ഒരാലിംഗനവും മതിയാവും എന്നാണ് പറച്ചിലുകള്‍. 

ഇതൊക്കെ ഒരു പ്രായമാണോ! 

കസേര പോവുമെന്ന ആധിയിലാണ് കര്‍ണാടകയിലെ, സപ്തതി പിന്നിട്ട ബി.ജെ.പി എംപി സംഗണ്ണ കരാടി. കൊപ്പാലയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ കരാടിക്ക് ഇത്തവണ ടിക്കറ്റ് കിട്ടാനിടയില്ല എന്ന വ്യാപക പ്രചാരണമാണ്, തലമൂത്ത ഈ നേതാവിന്റെ ഹൃദയമിടിപ്പ് കൂട്ടുന്നത്. 

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 28-ല്‍ 26 സീറ്റും നേടിയ കര്‍ണാടകയില്‍ ഇത്തവണ യുവരക്തങ്ങളെ പരീക്ഷിക്കാനാണ് ബി.ജെ.പി തീരുമാനമെന്നാണ് വാര്‍ത്തകള്‍. ഇതാണ് ഇദ്ദേഹത്തിന്റെ സമാധാനം കെടുത്തുന്നത്. 

വയസ്സ് 73 ആയെങ്കിലും കരാടി ചെറുപ്പമാണ് എന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ പക്ഷം. ഇനിയും ഏറെ അങ്കത്തിന് ബാല്യമുണ്ടെന്നും അവര്‍ ആണയിടുന്നു. ഇത് ശരിവെക്കുക മാത്രമല്ല, ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു, കാരാടി. ''പ്രധാനമന്ത്രി മോദിയുടെ പ്രായമൊക്കെ എനിക്കുമുണ്ട്. മോദിക്ക് ടിക്കറ്റുണ്ടെങ്കില്‍ എനിക്കും കിട്ടണം. ഇല്ലെങ്കില്‍ വേണ്ട.''-ഇതാണ്, കരാടിയുടെ പ്രസ്താവന. 

സംഗതി പിശകാണെന്ന് കണ്ട് ബി.ജെ.പി നേതാക്കളായ യെദിയൂരപ്പയും ബൊമ്മെയും കരാടിയെ സമാധാനിപ്പിക്കാന്‍ രംഗത്തുണ്ട്. 

കരാടി മാത്രമല്ല, കസേര പോവുമെന്ന ആധിയില്‍, കര്‍ണാടകയിലെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളില്‍ പലരും മാധ്യമങ്ങളുടെ പിന്നാലെ നടപ്പാണിപ്പോള്‍. 


ഹൈബിയുടെ സമയം! 

കൃത്യസമയത്തെ ഗോള്‍ ഫുട്‌ബോളില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും കാര്യങ്ങള്‍ മാറ്റിമറിക്കും. കൈവിട്ടു പോവുന്ന ഘട്ടമെത്തുമ്പോള്‍, ചില നേതാക്കള്‍ വിചിത്രമായ വിഷയങ്ങളുമായി ചാടിവീഴുന്നതും ചര്‍ച്ചകളെ വഴി തിരിച്ചുവിടുന്നതും ഇൗ ധാരണയിലാണ്. 

എറണാകുളം എം പി ഹൈബി ഈഡനുമായി ബന്ധപ്പെട്ട പുതിയ വിവാദത്തെ ഈ തലത്തില്‍വേണം കാണാന്‍. കെ. പി സി സി പ്രസിഡന്റ് കെ സുധാകരന്‍ കേസില്‍ പെട്ടതിനെ തുടര്‍ന്ന്, ആകെ വലഞ്ഞു നില്‍ക്കുന്ന സമയത്താണ്, ഹൈബി കോണ്‍ഗ്രസിന് പുതുശ്വാസം പകര്‍ന്നത്. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനുള്ള ഹൈബിയുടെ ശ്രമങ്ങളാണ്, കെ പി സിസി പ്രസിഡന്റിനെതിരായ വിവാദങ്ങളെ തല്‍ക്കാലത്തേക്ക് എങ്കിലും മായ്ച്ചുകളഞ്ഞത്. ആരോപണപ്രത്യാരോപണങ്ങള്‍ ഒറ്റയടിക്ക് നിലച്ചു. ഗ്രൂപ്പ് വ്യത്യാസം മറന്ന് നേതാക്കള്‍ ഹൈബിയെ ചീത്തവിളിക്കുന്ന തിരക്കിലായി. 

ഹൈബിയുടെ ഈ അപ്രതീക്ഷിത ഗോള്‍ സിപിഎമ്മിനും വലിയ ആശ്വാസമാണ് നല്‍കിയത്. മുഖ്യമന്ത്രിയ്ക്ക് എതിരെ ആരോപണങ്ങളുമായി ഉയര്‍ന്നെഴുന്നേറ്റ കോണ്‍ഗ്രസ് തല്‍ക്കാലം ആ കലാപരിപാടിയൊക്കെ മാറ്റിവെച്ച് ഹൈബിയുടെ പിറകിലാണ്. 


മൊബൈല്‍ ഫോണ്‍ പടിക്കുപുറത്ത്!

മൊബൈല്‍ ഫോണ്‍ പേടിയിലാണ് ഉത്തര്‍പ്രദേശിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ മേധാവി. സ്വന്തം പാര്‍ട്ടി നേതാക്കളെയാണ് ഈ നേതാജിക്ക് ഭയം. കോര്‍ കമ്മി യോഗത്തിലെ 'രഹസ്യങ്ങള്‍' 'വിശ്വസ്തരുടെ തന്നെ' മൊബൈല്‍ ഫോണ്‍ വഴി ചോരുമോ എന്നാണ് ആധി. 

ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഈ യുവനേതാവ് അതിഭയങ്കരമായി സെന്‍സിറ്റീവാണ്. ഈയടുത്താണ്, സുപ്രധാന യോഗത്തിന്റെ വീഡിയോയും ഓഡിയോയും ചോര്‍ന്ന്, നമ്മുടെ നേതാവ് ആകെ നാണം കെട്ടത്. കൂട്ടത്തിലൊരു നേതാവ് രഹസ്യങ്ങള്‍ ചോര്‍ത്തി ശത്രുപക്ഷത്തിന് നല്‍കിയെന്നാണ് കേഡര്‍മാരുടെ കുറ്റപ്പെടുത്തല്‍. ഇമ്മാരി പാരകളുടെ എണ്ണം കൂടുമോ എന്നാണ് യുവനേതാവിന്റെ ഇപ്പോഴത്തെ മുഖ്യഭീതി. 

യോഗത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍ ചെരിപ്പിനൊപ്പം, മൊബൈല്‍ ഫോണും ഹാളിനു പുറത്തുവക്കണമെന്ന നിയമം വരാന്‍ അധികം താമസില്ല, എന്നര്‍ത്ഥം! 


അതിത്തിരി പുളിക്കും!

വരുന്ന തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ പാര്‍ട്ടിയെ നയിക്കാന്‍ രാജ്ഞി മതി എന്ന് ബിജെ.പി കേന്ദ്ര നേതൃത്വം ഉറച്ചതോടെ എല്ലാ പ്രതീക്ഷയും അടിഞ്ഞ് കടാപ്പുറത്ത് പാട്ടുംപാടി നടക്കുകയാണ് ഈ മുതിര്‍ന്ന നേതാവ്. ആളെ കൂട്ടാനും പൊടുന്നനെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും മിടുക്കനായ നേതാവ്, ഹൃദയംപൊട്ടിയ അവസ്ഥയിലാണ് ഇപ്പോള്‍ നടപ്പ്. 

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യപരിഗണന, അല്ലെങ്കില്‍, കേന്ദ്രമന്ത്രിസഭയില്‍ ഉന്നതപദവി- തുരുതുരാ പ്രതിഷേധ പരിപാടികള്‍ നടത്തി ഈയടുത്തായി വാര്‍ത്തകളില്‍ ഇടം നേടാന്‍ നമ്മുടെ നേതാവിനെ പ്രേരിപ്പിച്ചത് ഈ ആഗ്രഹങ്ങളാണ്. എന്നാല്‍, ഇതിനുപകരമായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ തണുപ്പന്‍ മനോഭാവമാണ്. ഇതോടെ കാര്യങ്ങള്‍ അപകടത്തിലാണെന്ന് നേതാവ് ഉടനടി തിരിച്ചറിഞ്ഞു. 

ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ ഒരു പ്രതിഷേധവും വേണ്ട എന്നാണ് പുള്ളി ഇപ്പോള്‍ സ്വന്തം അനുയായികള്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദേശം. കസേര കിട്ടാത്ത സാഹചര്യത്തില്‍ എനര്‍ജി കളഞ്ഞിട്ടെന്താണ് കാര്യം!