ഭരണമുന്നണിയുടെ ശ്രദ്ധ കവരുക എന്ന ഉദ്ദേശ്യത്തോടെ ചെണ്ട കൊട്ടിപ്പഠിക്കുകയാണ് താരമെന്നാണ് തമിഴകത്തെ പറച്ചിലുകള്‍. 

രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്. 


ദൈവത്തിനൊരു ശുപാര്‍ശക്കത്ത് 

പ്രിയപ്പെട്ട ദൈവമേ,

ജീവിച്ചിരിക്കുമ്പോള്‍ ലക്ഷക്കണക്കിന് മലയാളികളെ സഹായിച്ച ഒരാളാണ് ഈ കത്തുമായി വരുന്ന ഉമ്മന്‍ചാണ്ടി. ആര്‍ക്കും എപ്പോഴും ഏതാവശ്യത്തിനും സമീപിക്കാവുന്ന ആളായിരുന്നു അദ്ദേഹം. എന്നാല്‍, തനിക്കായി ശുപാര്‍ശ സംഘടിപ്പിക്കുന്ന കാര്യത്തില്‍ വലിയ പിടിയില്ലാത്തതിനാലാണ് ഈ കത്ത്. ദയവ് ചെയ്ത് ചാണ്ടി സാറിന് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കണം. 

പ്രാര്‍ത്ഥനകളോടെ, മാലാഖമാര്‍.

ഇക്കഴിഞ്ഞ ദിവസം വിടപറഞ്ഞ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറ്റുള്ളവരെ സഹായിക്കുന്നതിന് എഴുതി നല്‍കിയിരുന്ന ശുപാര്‍ശക്കത്തിന്റെ മാതൃകയിലുള്ള ഈ കത്ത് അന്തരിച്ച നേതാവിന്റെ ഓര്‍മ്മക്കായി, സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതാണ്. 

അവസാനമായി ഒരു നോക്കു കാണാന്‍ നിരത്തുകളില്‍ ഒഴുകിനിറഞ്ഞ മനുഷ്യര്‍ക്കിടയിലൂടെ തിരുവനന്തപുരത്തുനിന്നും വെറും 160 കിലോ മീറ്റര്‍ അകലെ പുതുപ്പള്ളിയിലേക്ക് എത്താന്‍ അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ച വാഹനം എടുത്തത് 36 മണിക്കൂറുകളാണ്. തങ്ങളുടെ ജീവിതത്തെ ഉമ്മന്‍ചാണ്ടി മാറ്റിമറിച്ചത് എങ്ങനെയാണെന്ന് വിലപിക്കുന്ന ആയിരങ്ങളെയാണ് ഈ യാത്രക്കിടയില്‍ കേരളം കണ്ടത്.

സമാനതകളില്ലായിരുന്നു ആ വ്യക്തിത്വത്തിന്. അദ്ദേഹത്തിന് ഒരിക്കലും സ്വകാര്യമായൊരു നിമിഷമുണ്ടായിരുന്നില്ല. കുളിമുറിയുടെ വാതിലിനു പുറത്തുപോലും സഹായം ആവശ്യപ്പെട്ട് ആളുകള്‍ തടിച്ചുകൂടിയിരുന്നു. കുളികഴിഞ്ഞിറങ്ങി, വെറുമൊരു ഖദര്‍ മുണ്ട് മാത്രം ധരിച്ച്, തന്റെ മുന്നിലുള്ളവരുടെ ആവലാതികള്‍ കേട്ട് അദ്ദേഹം അധികാരികള്‍ക്ക് പ്രശ്‌നപരിഹാരത്തിന് നിര്‍ദേശം നല്‍കി. 

അനേകം സവിശേഷതകളുണ്ടായിരുന്നു അദ്ദേഹത്തിന്. 

ചീകാത്ത മുടി: അനുസരണയില്ലാത്ത മുടിയായിരുന്നു ട്രേഡ് മാര്‍ക്ക്. മുടി ചീകല്‍ ഒരിക്കലുമദ്ദേഹത്തെ അലട്ടിയില്ല. കുളി കഴിഞ്ഞ്, മുടി ചീകാനൊരു ചീപ്പ് എടുക്കാന്‍പോലും അദ്ദേഹത്തിന് നേരം കിട്ടാറില്ലെന്ന് ഉറ്റവര്‍ പറയുന്നു. 

പോക്കറ്റ് ഡയറി: എപ്പോഴും പോക്കറ്റില്‍ ഒരു കുഞ്ഞു ഡയറി ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ പോലും അതു വായിച്ചെടുക്കാനാവില്ല. പക്ഷേ, അദ്ദേഹമത് വായിച്ചു, അതിനനുസരിച്ച് കൃത്യമായി പരിപാടികള്‍ക്കെത്തി. ആ ഡയറിയില്‍ അദ്ദേഹത്തെ കൊണ്ട് എഴുതിപ്പിക്കുന്ന കാര്യം ഓരോ പരിപാടിയുടെ സംഘാടകരും ഉറപ്പുവരുത്തി. 

ചാണ്ടിയിസം: ഒപ്പമുള്ളവര്‍ ഈ സ്വഭാവസവിശേഷതകളെ ഇങ്ങനെ വിളിച്ചു. തന്റെ മുന്നില്‍ സഹായത്തിന് എത്തുന്നവരുടെ ജാതിയോ പാര്‍ട്ടിയോ ഒരിക്കലും അദ്ദേഹം തിരക്കിയില്ല. മരണാനന്തരം പുറത്തുവന്ന സാധാരണ മനുഷ്യരുടെ അനേകം ഓര്‍മ്മകള്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. 

അടിക്കുറിപ്പ്: മരണാനന്തരം, സോഷ്യല്‍ മീഡിയയിലടക്കം ഒരു താരതമ്യം വ്യാപകമായി. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയനുമായി താരതമ്യം ചെയ്തുള്ള താരതമ്യങ്ങള്‍. ഇരുവരുടെയും ജനങ്ങളുമായുള്ള ഇടപെടല്‍ വ്യത്യസ്തമായിരുന്നു. ആര്‍ക്കും ഏതുസമയത്തും കയറിച്ചെല്ലാവുന്ന ഒരിടമായിരുന്നു ഉമ്മന്‍ ചാണ്ടിക്കാലത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് എങ്കില്‍ പിണറായിയുടെ ഓഫീസില്‍ സാധാരണക്കാര്‍ക്ക് എത്തുക എളുപ്പമല്ല. നിരവധി പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ പിണറായി പുറത്തിറങ്ങുമ്പോള്‍, പൈലറ്റ് വാഹനമോ അകമ്പടിയോ ഉണ്ടായിരുന്നില്ല ഉമ്മന്‍ ചാണ്ടിക്ക്. കീറിയ ഖദര്‍ കുപ്പായത്തിന് പുറത്ത് ഒരു സുരക്ഷാ കവചവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. 

നേതാക്കളും ജനങ്ങളും തമ്മിലുള്ള അടുപ്പത്തെയും അകലത്തെയും കുറിച്ചുള്ള ഈ താരതമ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സത്യത്തില്‍, ഉമ്മന്‍ചാണ്ടിയില്‍നിന്നും ഇടതുപക്ഷത്തിന് പഠിക്കാനില്ലേ? 


ദ്വയാര്‍ത്ഥ യുദ്ധങ്ങള്‍! 

സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കിയ കര്‍ണാടക മോഡല്‍ ഏറെ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. എന്നാല്‍, ആ ചര്‍ച്ചകള്‍ എല്ലാം അത്ര ആരോഗ്യകരമല്ല. 

കര്‍ണാടക വിധാന്‍സഭയില്‍ ഈയിടെ നടന്ന ഒരു ചര്‍ച്ച ഉദാഹരണം. നോണ്‍ എ സി ബസുകളില്‍ മാത്രമാണ് ഈ യാത്രാസൗകര്യമെന്നാണ് ചര്‍ച്ചയില്‍ പ്രതിപക്ഷം ആരോപിച്ചത്. ബി.ജെ.പിയുടെ എ ദേവഗൗഡ ഒരുപടികൂടി കടന്ന് ഇങ്ങനെ പറഞ്ഞു: 'തോന്നുന്നിടത്തെല്ലാം കറങ്ങാനാണ് പെണ്ണുങ്ങള്‍ ഈ സൗജന്യം ഉപയോഗിക്കുന്നത്.' 

ആ പ്രയോഗത്തിലെ ദ്വയാര്‍ത്ഥം ഉടന്‍തന്നെ ഭരണപക്ഷത്തിന്റെ വിമര്‍ശനം വിളിച്ചുവരുത്തി. ഏതാണ് ഈ തോന്നുന്നിടം എന്ന് വിശദീകരിക്കണമെന്ന് കോണ്‍ഗ്രസിലെ എസ് രവി ആവശ്യപ്പെട്ടു. സ്ത്രീകളെക്കുറിച്ച് ഇങ്ങനെ പറയുന്നത് ദ്വയാര്‍ത്ഥമാണെന്ന് വിശദീകരിച്ച രവി ബി.ജെ.പിയിലെ തേജസ്വിനി ഗൗഡയോട് ഈ വിഷയത്തില്‍ അഭിപ്രായം ചോദിച്ചു. എന്നാല്‍, തേജസ്വിനി ഈ ചൂണ്ടയില്‍ കൊത്തിയില്ല. അവര്‍ ദേവഗൗഡയെ പിന്തുണയ്ക്കുകയും മോശം അര്‍ത്ഥമൊന്നും അദ്ദേഹം കല്‍പ്പിച്ചിട്ടില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍, കാര്യങ്ങള്‍ അവിടെ നിന്നില്ല. ജെ ഡി എസിലെ ടിബ്ബെ ഗൗഡ ഇക്കാര്യത്തില്‍ ഒരഭിപ്രായപ്രകടനം നടത്തി വെട്ടിലായി. കാര്യമൊന്നും പിടികിട്ടാത്ത അദ്ദേഹം നടത്തിയത് മറ്റൊരു ദ്വയാര്‍ത്ഥ പ്രയോഗമായിരുന്നു. തേജസ്വിനിയെ മോശമാക്കുന്ന വിധത്തിലുള്ള ആ പരാമര്‍ശത്തില്‍ ടിബ്ബ ഗൗഡ പെട്ടു. എന്താണ് ആ പരാമര്‍ശമെന്ന് വ്യക്തമാക്കണമെന്ന് തേജസ്വിനി ആവശ്യപ്പെട്ടു. പിന്നീട് ഗൗഡ വാ തുറന്നേയില്ല.


പണി പാളി

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിനു പിന്നിലെ ബുദ്ധികേന്ദ്രമെന്നു കരുതുന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിനെ തെലങ്കാന കോണ്‍ഗ്രസ് അടുപ്പിക്കാത്തത് എന്താണ്? പല കഥകളും ഇതുമായി ബന്ധപ്പെട്ട് പരക്കുന്നുണ്ട്. 

കര്‍ണാടക വിജയം തെലങ്കാനയില്‍ ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുനിലിനെ തെലങ്കാനയിലേക്ക് പരിഗണിച്ചത്. എന്നാല്‍, തെലങ്കാന കോണ്‍ഗ്രസ് ഇദ്ദേഹത്തെ വെട്ടി പകരം മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശശികാന്ത് സെന്തിലിനെ പരിഗണിച്ചു. പകരമായി സുനിലിന് രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതല കിട്ടി. 

വൈ എസ് ശര്‍മിളയുമായി കൈ കോര്‍ക്കണമെന്ന സുനിലിന്റെ നിര്‍ദേശമാണ് ഈ മാറ്റത്തിനു പിന്നിലെന്നാണ് പറച്ചില്‍. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി ഈ നിര്‍ദേശത്തിന് എതിരായിരുന്നതിനാല്‍, രായ്ക്കുരാമാനം സുനിലിനെ അവിടന്ന് കെട്ടുകെട്ടിക്കുകയായിരുന്നത്രെ. 


ഉറങ്ങുന്ന നേതാജി

ഉറക്കം നടിക്കുന്ന നേതാക്കളെ ഉണര്‍ത്താന്‍ ഒരു ഭൂകമ്പത്തിന് പോലുമാവില്ല. 

ജുലൈ 21-ന് പുലര്‍ച്ചെ നാലു മണിക്കാണ് ആ നഗരത്തില്‍ ആദ്യ ഭൂചലനം ഉണ്ടായത്. തൊട്ടുപിന്നാലെ രണ്ടു തവണ കൂടി ഭൂമി കുലുങ്ങി. നഗരമാകെ ഭീതിയില്‍ നടുങ്ങിയപ്പോഴും നമ്മുടെ നേതാജി ഇക്കാര്യം അറിഞ്ഞില്ല. അഞ്ചു മണിക്കൂര്‍ എടുത്തു നേതാവിന്റെ പ്രതികരണം പുറത്തുവരാന്‍. 

ഭൂചലനം നടന്ന ഉടന്‍ തന്നെ മറ്റൊരു നഗരത്തിലുള്ള ബി.ജെ.പി നേതാവ് ജനങ്ങളുടെ സുരക്ഷയെ ചൊല്ലി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, ഭൂമി കുലുങ്ങിയ നഗരത്തിലെ നേതാജി ആവട്ടെ ട്വീറ്റ് ചെയ്തത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. 


താരത്തിന്റെ ചെണ്ട 

ഡപ്പാംകൂത്തും കൊട്ടുമില്ലാതെ തമിഴ്‌നാട്ടില്‍ ആഘോഷങ്ങളില്ല. അതിനാലാവണം, സ്വന്തമായി ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കിയ തമിഴ് സിനിമാ താരം ചിഹ്‌നമായി ചെണ്ട ആവശ്യപ്പെട്ടത്. ചെണ്ട കൊട്ടിന്റെ മൂര്‍ധന്യത്തിലായിരുന്നു അേദ്ദഹത്തിന്റെ പാര്‍ട്ടി പ്രഖ്യാപനം പോലും.

അതു കഴിഞ്ഞ് തെരഞ്ഞെടുപ്പ് വന്നു. അമ്മയുടെ പാര്‍ട്ടിയുടെ ഒത്താശയോടെ പ്രതിപക്ഷ നേതാവാകാന്‍ താരം കുപ്പായം തുന്നിച്ചു. എന്നാല്‍, പണിപാളി. അമ്മയ്‌ക്കെതിരെയും പാര്‍ട്ടിക്കെതിരെയും താരം നടത്തിയ പ്രസ്താവനകള്‍ തിരിഞ്ഞുകൊത്തി. തുടര്‍ന്ന് താരം ബി.ജെ.പി ക്യാമ്പിലെത്തി. എന്നാല്‍, അവിടെയും താരത്തിന് ഗതികിട്ടിയില്ല. 2024-ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി വിളിച്ച യോഗത്തിന് ഒറ്റ എം എല്‍ എയുള്ള പാര്‍ട്ടികള്‍ക്ക് പോലും ക്ഷണം കിട്ടിയപ്പോള്‍ നമ്മുടെ താരത്തിന്റെ പാര്‍ട്ടിക്കു മാത്രം അവഗണനയായിരുന്നു. 

ഇതോടെ ഭരണമുന്നണിയുമായി അടുക്കാനുള്ള ശ്രമങ്ങളിലാണ് താരം. ഭരണമുന്നണിയുടെ ശ്രദ്ധ കവരുക എന്ന ഉദ്ദേശ്യത്തോടെ ചെണ്ട കൊട്ടിപ്പഠിക്കുകയാണ് താരമെന്നാണ് തമിഴകത്തെ പറച്ചിലുകള്‍.