നേതാവിന്റെ വിജയത്തില്‍ അവര്‍ക്കാര്‍ക്കും സംശയമേ ഉണ്ടായിരുന്നില്ല. എങ്കിലും നേതാവ് എട്ടു നിലയില്‍ പൊട്ടി. 

രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്. 

മെഴുകുതിരിയും പൂക്കളും 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിടപറഞ്ഞിട്ട് മൂന്ന് ആഴ്ചകള്‍. അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുള്ള നീണ്ട യാത്രയും അവസാനമായി കാണാന്‍ ഒഴുകിനിറഞ്ഞ മനുഷ്യരും അവിസ്മരണീയമായ കാഴ്ചയായിരുന്നു. യാത്രയ്ക്കിടെ അനേകം പേര്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ ഇപ്പോഴും ട്രെന്‍ഡിംഗാണ്. 

എന്നാല്‍, പുതുപ്പള്ളി വലിയ പള്ളിയിലെ ഖബറിടത്തിലേക്ക് ഇപ്പോഴും ആളൊഴുക്കാണ്. നൂറുകണക്കിനാളുകള്‍ പ്രവൃത്തി ദിവസങ്ങളില്‍പോലും തീര്‍ത്ഥയാത്ര പോലെ എത്തുന്നു. പ്രശ്‌നപരിഹാരം തേടി കല്ലറയ്ക്കു ചുറ്റും നിവേദനങ്ങള്‍ നിറയുന്നു. 

ജനമനസ്സുകളില്‍ ഉമ്മന്‍ ചാണ്ടി പുണ്യാളനായി കഴിഞ്ഞെന്നാണ് ്രപതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. വിശ്വാസികളെ പുണ്യാളന്മാരാക്കാത്ത കീഴ് വഴക്കം ഓര്‍ത്തഡോക്‌സ് സഭ മറി കടക്കണമെന്ന് സീറോ മലബാര്‍ സഭാ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. വിശ്വാസികളെ വിശുദ്ധരായി പ്രഖ്യാപിക്കാത്ത ഇടം ഇവിടെ മാത്രമാണെന്നാണ് ഓര്‍ത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസന്നാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് വ്യക്തമാക്കിയത്. 

അതിനിടയില്‍, ഇതിലെ ബിസിനസ് സാധ്യതകള്‍ കണ്ടെത്തിയവരുമുണ്ട്. കല്ലറ സന്ദര്‍ശിക്കാനായി പ്രത്യേക തീര്‍ത്ഥാടക പാക്കേജ് ആരംഭിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു ടൂര്‍ ഏജന്‍സി. സമീപത്തെ പള്ളികള്‍ കൂടി സന്ദര്‍ശിക്കുന്ന വിധത്തില്‍ ദ്വിദിന പാക്കേജ് വരെ നിലവിലുണ്ട്. മെഴുകുതിരികള്‍ കത്തിക്കാനും പുഷ്പാര്‍ച്ചന നടത്താനും പാക്കേജില്‍ അവസരമുണ്ട്. കൂടുതല്‍ ടൂര്‍ ഏജന്‍സികള്‍ ഈ വഴിക്ക് വരാനിടയുണ്ട് എന്നാണ് സൂചന. 

ഉമ്മന്‍ ചാണ്ടിയുടെ കുടുംബം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും വിശ്വാസങ്ങളെ ചോദ്യം ചെയ്യാനില്ലെന്നുമാണ് അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയത്. 

ചുവന്ന ഡയറിക്ക് വിലങ്ങ് വീഴുമോ? 

മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ രഹസ്യങ്ങള്‍ അടങ്ങിയ ആ ചുവന്ന ഡയറി എന്നേക്കുമായി അടച്ചുവെക്കാനുള്ള നീക്കങ്ങളിലാണ് രാജസ്ഥാന്‍ ഭരണകൂടം. സര്‍ക്കാറിന് തലവേദനയാവുന്ന കൂടൂതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ബലപ്രയോഗം നടത്താനും തയ്യാറാണ് സര്‍ക്കാര്‍. 

പുറത്താക്കപ്പെട്ട മുന്‍ മന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധയാണ് ഡയറിയുമായി രംഗത്തുവന്നത്. ഗെഹ്ലോട്ടിന്റെ രഹസ്യങ്ങള്‍ അടങ്ങിയ ഒരു ചുവന്ന ഡയറി തന്റെ കൈയിലുണ്ട്. അത് പുറത്തുവിടും എന്നായിരുന്നു ഭീഷണി. വെറുതെ പറയുക മാത്രമല്ല, അതിലേതെന്ന് പറഞ്ഞ് ചില പേജുകള്‍ അദ്ദേഹം പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ പേരുകള്‍ വരെ അതിലുണ്ടായിരുന്നു. 

ഇതോടെയാണ് എന്തു വില കൊടുത്തും ഗുദ്ധയെ ഒതുക്കാനുള്ള നീക്കം ശക്തമായത്. ഡയറിയില്‍ എന്തായാലും കോണ്‍ഗ്രസിന്‌വലിയ പരിക്കേല്‍പ്പിക്കും എന്നാണ് കരുതുന്നത്. ഗുദ്ധയ്‌ക്കെതിരെ നിയമനപടികള്‍ക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍ എന്നാണ് സൂചന. എങ്കിലും പന്ത് ഇപ്പോഴും ഗുദ്ധയുടെ കളത്തിലാണ്. 


ഒരു ചെറ്യേ അബദ്ധം!

കളത്തിലെ സൂചനകള്‍ മനസ്സിലാക്കി തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ നടത്തുകയാണ് തെരഞ്ഞെടുപ്പ് പ്രവചന വിദഗ്ധരുടെ പണി. പ്രവചനത്തിന്റെ കൃത്യത, പരിഹാര ക്രിയകള്‍ എന്നതിന് അനുസരിച്ചാണ് ഇവരുടെ റേറ്റിംഗും പ്രതിഫലവും. 

ഇമ്മാതിരി പ്രവചനങ്ങളെയും തന്ത്രങ്ങളെയും നേതാക്കന്‍മാര്‍ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതോടെ ഈ പണിചെയ്യാന്‍ ആളുകളുടെ കുത്തൊഴുക്കാണിപ്പോള്‍. എന്നാല്‍, ഇവരില്‍ പലര്‍ക്കും ഇതിന്റെ അടിസ്ഥാന ധാരണകളോ ശാസ്ത്രീയ ധാരണകളോ ഇല്ലെന്നതാണ് വാസ്തവം. 

ഉദാഹരണത്തിന് ്രപമുഖനായ ഈ ബി.ജെ.പി നേതാവിനെ എടുക്കുക. അദ്ദേഹം കൂടെ കൂട്ടിയത് 10 വിദഗ്ധരെ. നേതാവിന്റെ വിജയത്തില്‍ അവര്‍ക്കാര്‍ക്കും സംശയമേ ഉണ്ടായിരുന്നില്ല. എങ്കിലും നേതാവ് എട്ടു നിലയില്‍ പൊട്ടി. 

അതിനു പിന്നാലെ, തെറ്റ് സമ്മതിക്കാതെ പലതരം ന്യായങ്ങളമായി ഇറങ്ങിയിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പ് ജ്യോതിഷികള്‍. തെറ്റു പറ്റി എന്നതൊഴിച്ച് മറ്റെന്തു ന്യായവും ഇവരില്‍നിന്ന് പ്രതീക്ഷിക്കാം!