Asianet News MalayalamAsianet News Malayalam

വാര്‍ത്ത തള്ളി സിബിഐ; ബൊഫോഴ്സ് കേസില്‍ തുടരന്വേഷണം നടത്തും

സ്വകാര്യ അന്വേഷകന്‍ മിഖായേല്‍ ഹെര്‍ഷ്മാന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് അനുമതി തേടി വിചാരണക്കോടതിയെ സമീപിച്ചതെന്നും തുടരന്വേഷണ ഹര്‍ജി പിന്‍വലിക്കാന്‍ സിബിഐ അപേക്ഷ നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും സിബിഐ വക്താവ് പറഞ്ഞു.

further probe in bofors to continue: cbi
Author
New Delhi, First Published May 16, 2019, 8:14 PM IST

ദില്ലി: ബൊഫോഴ്സ് ആയുധ ഇടപാട് കേസില്‍ തുടരന്വേഷണം വേണ്ടെന്ന് ദില്ലി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെന്ന വാര്‍ത്ത തള്ളി സിബിഐ. പുതിയ തെളിവുകളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ തുടരന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സിബിഐ വക്താവ് നിതിന്‍ വകന്‍കര്‍ പറഞ്ഞു. സ്വകാര്യ അന്വേഷകന്‍ മിഖായേല്‍ ഹെര്‍ഷ്മാന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് അനുമതി തേടി വിചാരണക്കോടതിയെ സമീപിച്ചതെന്നും തുടരന്വേഷണ ഹര്‍ജി പിന്‍വലിക്കാന്‍ സിബിഐ അപേക്ഷ നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് ഒമ്പതിന് തുടരന്വേഷണ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സിബിഐക്ക് സ്വാതന്ത്ര്യവും അധികാരവുമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തുടരന്വേഷണത്തിന് കോടതിയുടെ അനുവാദം നിര്‍ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2005 മെയ് 31ന് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള ദില്ലി ഹൈക്കോടതി വിധിക്കെതിരെ 13 വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ഫെബ്രുവരി രണ്ടിനാണ് സുപ്രീം കോടതിയിലും സിബിഐ ഹരജി സമര്‍പ്പിച്ചത്.

ഹര്‍ജി സമര്‍പ്പിക്കാന്‍ 13 വര്‍ഷം കാലതാമസമെടുത്തെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളി. എങ്കിലും എതിര്‍കക്ഷിയെന്ന നിലയില്‍ കേസില്‍ സിബിഐയുടെ ഹര്‍ജിക്ക് സാധുതയുണ്ടായിരുന്നതിനാലാണ് വിചാരണക്കോടതിയില്‍ തള്ളിപ്പോകാതിരുന്നത്.  അഭിഭാഷകനും ബിജെപി നേതാവുമായ അജയ് അഗര്‍വാളാണ് അപ്പീല്‍ നല്‍കിയിരുന്നത്. എന്നാല്‍, ലോക്സഭ തെരഞ്ഞെടുപ്പില്‍ യുപിയിലെ റായ്ബറേലിയില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ബിജെപിയോട് ഉടക്കിയിരിക്കുകയാണ് അജയ് അഗര്‍വാള്‍. പ്രൈവറ്റ് അന്വേഷകനായ മിഖായേല്‍ ഹെര്‍ഷ്മാന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടത്. തുടരന്വേഷണത്തിന് അറ്റോര്‍ണി ജനറലും അനുവാദം നല്‍കി. കേസ് അട്ടമറിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രമിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍. 

1986ലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബൊഫോഴ്സ് അഴിമതി കേസ് നടക്കുന്നത്. സൈന്യത്തിന് 400 തോക്കുകള്‍ വാങ്ങാന്‍ 1986ല്‍ 1437 കോടി രൂപക്ക് സ്വീഡിഷ് ആയുധ കമ്പനിയുമായി ഇന്ത്യ കരാറിലെത്തി. എന്നാല്‍, കരാര്‍ ലഭിക്കാന്‍ സ്വീഡിഷ് കമ്പനി ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്ന് സ്വീഡിഷ് റേഡിയോ പുറത്തുവിട്ടതോടെയാണ് അഴിമതി ആരോപണം പുറത്തുവന്നത്. കേസില്‍ മുന്‍ രാജീവ് ഗാന്ധി അടക്കമുള്ള പ്രതികളെ 2005ല്‍ വെറുതെ വിട്ടു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios