സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കൽ എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ടകൾ. വിവിധ ലോകനേതാക്കളുമായും ചർച്ച നടത്തുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
ദില്ലി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക് തിരിച്ചു. ജപ്പാനിലെ ഒസാക്കയാണ് ഉച്ചകോടിയുടെ വേദി. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഒസാക്കയിലേക്ക് പോകുന്നതിന്റെ വിവരങ്ങൾ നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കൽ എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ടകൾ. വിവിധ ലോകനേതാക്കളുമായും ചർച്ച നടത്തുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. 2022-ൽ നടക്കാൻ പോകുന്ന ജി 20 ഉച്ചകോടിയുടെ ആതിഥേയരാവാൻ തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഒസാക്ക ഉച്ചകോടി നിർണായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജി 20 ഉച്ചകോടിക്കിടെ ഒസാക്കയില്‍ വച്ച് നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തി. നരേന്ദ്ര മോദിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയ പോംപെയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായും പ്രത്യേകം ചര്‍ച്ച നടത്തി. വ്യവസായം, ഊർജ്ജം തുടങ്ങിയ മേഖലകളിലാണ് ഇന്ന് ചർച്ച നടന്നത്.
