ദില്ലി: കേന്ദ്ര ജല മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്വിറ്ററിലൂടെ ശെഖാവത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ടെസ്റ്റ് നടത്തിയത്. കൊവിഡ് പോസിറ്റീവ് ആണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതേ സമയം കൊവിഡ് ബാധിച്ച്  ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഗായകൻ എസ്ബി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയിൽ നിലവിൽ മാറ്റമില്ല. വെൻ്റിലേറ്ററിന്‍റെ സഹായത്തിലാണ് അദ്ദേഹം കഴിയുന്നത്. എക്മോ ചികിത്സ തുടരുന്നു. പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ കൂടി അലട്ടുന്നത് സ്ഥിതി വഷളാക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.