Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി മ്യൂസിയത്തിൽ നരേന്ദ്ര മോദി ഗ്യാലറി തുറന്നു; ആദ്യസന്ദർശക ദ്രൗപദി മുർമു, എതിർപ്പുമായി പ്രതിപക്ഷം

ജീവിച്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ പേരിൽ ഗ്യാലറി തുറന്നത് അല്പത്തരമാണെന്ന് കോൺഗ്രസ് നേതാക്കള്‍

Gallery Dedicated to Prime Minister Narendra Modi at the Pradhan Mantri Museum SSM
Author
First Published Jan 20, 2024, 12:41 PM IST

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടു മാസം ശേഷിക്കെ ദില്ലിയിലെ പ്രധാനമന്ത്രി മ്യൂസിയത്തിൽ നരേന്ദ്ര മോദി ഗ്യാലറി തുറന്ന് കേന്ദ്ര സർക്കാർ. മോദി ഉപയോഗിച്ച വസ്ത്രങ്ങൾ വരെ പ്രദർശിപ്പിക്കുന്ന മ്യൂസിയത്തിലെ ആദ്യ സന്ദർശകയായി എത്തിയത് രാഷ്ട്രപതി ദ്രൗപദി മുർമു ആണ്. തെരഞ്ഞെടുപ്പിൽ മോദിയുടെ പ്രതിച്ഛായ കൂട്ടാൻ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗം മുതൽ വിദേശ സന്ദർശനങ്ങളുടെ വിശദാംശങ്ങൾ വരെ ഉൾപ്പെടുത്തിയാണ് മോദി ഗ്യാലറി തുറന്നത്. 8 വിഭാഗങ്ങളിലായി മോദിയുടെ ജീവിതവും ഭരണനേട്ടങ്ങളും അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഗെയിമുകൾ വഴിയും വെർച്വൽ റിയാലിറ്റിയിലൂടെയും മോദിയുടെ വിവിധ പദ്ധതികളെക്കുറിച്ചറിയാം. പ്രതിരോധ രംഗത്തെ നീക്കങ്ങളും സൈനിക നടപടികളും തിയേറ്ററിലിരുന്ന് കാണാം. മന്‍കീ ബാത്തും പരീക്ഷാ പേചർച്ചയും ഗാലറിയിലിരുന്ന് കേൾക്കാം. തെജസ് വിമാനത്തില്‍ മോദി യാത്ര ചെയ്തപ്പോൾ ധരിച്ച സ്യൂട്ടും വാച്ചും വരെ പ്രദർശിപ്പിച്ചാണ് ഗ്യാലറി തയ്യാറാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച തുറന്ന ഗ്യാലറിയിലെ ആദ്യ സന്ദർശക രാഷ്ട്രപതി ദ്രൗപദി മുർമുവായിരുന്നു. 

ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 16 വർഷം താമസിച്ചിരുന്ന തീൻമൂർത്തി ഭവനാണ് പിന്നീട് നെഹ്റു മ്യൂസിയമാക്കിയത്. മോദി അധികാരത്തിലെത്തിയതിന് പിന്നാലെ മ്യൂസിയം നവീകരിച്ച് പ്രധാനമന്ത്രി സം​ഗ്രഹാലയയാക്കി മാറ്റി. നെഹ്റു ലൈബ്രറി പ്രധാനമന്ത്രി ലൈബ്രറിയുമാക്കി. നെഹ്റുവിനെ ചരിത്രത്തിൽനിന്നും മായ്ച്ചുകളയാനുള്ള നീക്കമാണിതെന്ന് കോൺ​ഗ്രസ് വിമർശിച്ചിരുന്നു.

ജീവിച്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ പേരിൽ ഗ്യാലറി തുറന്നത് അല്പത്തരമാണെന്നും കോൺഗ്രസ് നേതാക്കൾ വിമർശിക്കുന്നു. എന്നാൽ ഇതിൽ രാഷ്ട്രീയമില്ലെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയല്ല നിർമ്മാണമെന്നും അധികൃതർ അവകാശപ്പെട്ടു. ദിവസവും രണ്ടായിരത്തോളം പേരാണ് പ്രധാനമന്ത്രി മൂസിയത്തിൽ എത്തുന്നത്. ഇതുവരെ ആകെ 7 ലക്ഷത്തിലധികം പേർ മ്യൂസിയം സന്ദർശിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios