Asianet News MalayalamAsianet News Malayalam

ഗുജറാത്തില്‍ വന്ദേഭാരത് ട്രെയിന്‍ വീണ്ടും പശുവിനെ ഇടിച്ച് തെറിപ്പിച്ചു

 രണ്ടുമാസം മുമ്പാണ് ഇതുവഴി വന്ദേഭാരത് സര്‍വ്വീസ് ആരംഭിച്ചത്. സര്‍വ്വീസ് ആരംഭിച്ചതിന് ശേഷം നാലാമത്തെ അപകടമാണിത്.

Gandhinagar Mumbai Vande Bharat Express hits into cattle in Gujarat
Author
First Published Dec 2, 2022, 9:48 AM IST

അഹമ്മദാബാദ്: ഗുജറാത്തില്‍ വന്ദേഭാരത് ട്രെയിന്‍ കന്നുകാലികളെ ഇടിച്ച് വീണ്ടും അപകടം. ട്രെയിനിടിച്ച്  പശുക്കള്‍ ചത്തു. ഗാന്ധി നഗര്‍ - മുംബൈ വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്  ആണ് ഗുജറാത്തിലെ ഉദ്‌വാഡ, വാപി സ്റ്റേഷനുകൾക്കിടയിൽ വെച്ച് പശുക്കളെ ഇടിച്ച് തെറിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. വൈകുന്നേരം 6.23 ഓടെ ഉദ്‌വാഡയ്ക്കും വാപിക്കും ഇടയിലുള്ള ലെവൽ ക്രോസ് നമ്പർ 87 ന് സമീപമാണ് സംഭവം നടന്നതെന്ന് പശ്ചിമ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് താക്കൂർ വ്യക്തമാക്കി.

അപകടത്തില്‍  മുൻവശത്തെ പാനലുകള്‍ തകര്‍ന്നിട്ടുണ്ട്. പാനലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതൊഴിച്ചാല്‍ ട്രെയിനിന് മറ്റ് തകരാറുകളൊന്നും ഉണ്ടായിട്ടില്ലെന്നും സര്‍വ്വീസ് കഴിഞ്ഞ ഉടനെ തകരാറുകള്‍ പരിഹരിച്ചെന്നും സുമിത് താക്കൂര്‍ വ്യക്തമാക്കി. രണ്ടുമാസം മുമ്പാണ് ഇതുവഴി വന്ദേഭാരത് സര്‍വ്വീസ് ആരംഭിച്ചത്. സര്‍വ്വീസ് ആരംഭിച്ചതിന് ശേഷം നാലാമത്തെ അപകടമാണിത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഏറെ നേരം വൈകിയാണ് ഓടിയത്.

നേരത്തെ മൂന്ന് തവണ പാളത്തിൽ കന്നുകാലികളുമായി കൂട്ടിയിടിച്ച് ട്രെയിൻ കേടായിട്ടുണ്ട്. ഒക്‌ടോബർ ആറിന് വത്വ, മണിനഗർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ നാല് പോത്തുകളെ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചിരുന്നു. അന്നും ട്രെയിനിന്‍റെ മുന്‍വശത്തെ പാനലുകള്‍ തകര്‍ന്നു. തൊട്ടടുത്ത ദിവസവും ട്രെയിന്‍ അപകടത്തില്‍പ്പെട്ടു.  ആനന്ദിന് സമീപം ഒരു പശുവിനെ ട്രെയിൻ ഇടിച്ചിട്ടു. മറ്റൊരു സംഭവത്തിൽ ഗുജറാത്തിലെ അതുൽ റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് കാളയെ ഇടിച്ച് തെറിപ്പിച്ച് അപകടമുണ്ടായിരുന്നു.

Read More : വിളിക്കാത്ത വിവാഹത്തിന് ചെന്ന് ഭക്ഷണം കഴിച്ചു, എംബിഎ വിദ്യാർത്ഥിയെക്കൊണ്ട് പാത്രം കഴുകിപ്പിച്ചു

Follow Us:
Download App:
  • android
  • ios