ഗംഗാജലം ഭാരതത്തിൽ ചരിത്രാതീത കാലം തൊട്ടുതന്നെ ഉപയോഗത്തിലുള്ള പ്രാചീന ഹാൻഡ് സാനിറ്റൈസർ ആണ് എന്നാണ് ശർമ്മ പറയുന്നത്. 

മീററ്റ് : ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലുള്ള ഒരു പൊലീസ് സ്റ്റേഷനാണ് നൗചണ്ഡി. കൊവിഡ് കാലത്ത് ഒരുവിധം എല്ലാ പൊതു ഇടങ്ങളിലും പതിവുള്ള സാനിറ്റൈസർ ഡിസ്പെൻസിങ് സംവിധാനം ഈ സ്റ്റേഷനിൽ നമുക്ക് കാണാൻ സാധിക്കില്ല. അതിനു പകരം ഇവിടെ ഒരുക്കിയിട്ടുള്ളത് വരുന്നവരുടെ കൈകളിലേക്ക് ഗംഗാജലം സ്പ്രേ ചെയ്തുകൊടുക്കാൻ നിയുക്തനായിട്ടുള്ള ഒരു സിവിൽ പൊലീസ് ഓഫീസറെ ആണ്. ഗംഗാജലം മാത്രമല്ല കൊവിഡിൽ നിന്ന് സുരക്ഷയേകുക എന്ന ഉദ്ദേശ്യത്തോടെ ഈ സ്റ്റേഷനിൽ നിന്ന് നമുക്ക് സൗജന്യമായി തരുന്നത്. സ്റ്റേഷനിൽ വരുന്നവരുടെ എല്ലാം തന്നെ നെറ്റിയിൽ ചന്ദനം അരച്ചതും തേച്ചുവിടുന്നുണ്ട് ഈ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. 

Scroll to load tweet…

കൊവിഡ് മഹാമാരിയെ എതിരിടാനുള്ള ഈ നൂതനമായ സംവിധാനം കണ്ടെത്തി നടപ്പിലാക്കിയിട്ടുള്ളത് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയ സബ് ഇൻസ്‌പെക്ടർ പ്രേം ചന്ദ് ശർമ്മയാണ്. ഗംഗാജലം ഭാരതത്തിൽ ചരിത്രാതീത കാലം തൊട്ടുതന്നെ ഉപയോഗത്തിലുള്ള പ്രാചീന ഹാൻഡ് സാനിറ്റൈസർ ആണ് എന്നാണ് ശർമ്മ പറയുന്നത്. ഇങ്ങനെ, സ്റ്റേഷനിൽ വരുന്നവരുടെയും പോവുന്നവരുടെയും കയ്യിൽ ഇറ്റിയ്ക്കാൻ വേണ്ടി കുപ്പികണക്കിനു ഗംഗാജലമാണ് തന്റെ മേശപ്പുറത്ത് ഇൻസ്‌പെക്ടർ വരുത്തി സൂക്ഷിച്ചിട്ടുള്ളത്. നെറ്റിയിൽ ചന്ദനം പുരട്ടുന്നത് പ്രശ്നങ്ങളുമായി വരുന്നവർക്ക് അവയ്ക്കുള്ള പരിഹാരവും എളുപ്പത്തിൽ നേടിക്കൊടുക്കുമെന്നും ശർമ്മ പറയുന്നുണ്ട്. ഇതിനൊക്കെ പുറമെ ചന്ദനം പുരട്ടിക്കൊടുക്കുന്നതിനൊപ്പം വിശേഷാൽ സാനിറ്റൈസിങ് മന്ത്രങ്ങളും ഇൻസ്‌പെക്ടർ ശർമ്മ ഉരുവിടുന്നുണ്ട്. 

പിയുഷ് റായി എന്നൊരാളാണ് ട്വിറ്ററിൽ ഈ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്തത്. പുതിയ പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്തിയതിനു ശേഷം തന്റെ സ്റ്റേഷൻ പരിധിയിൽ രോഗവ്യാപനത്തിനു ശമനവും, കുറ്റകൃത്യങ്ങൾക്ക് കുറവുമുണ്ടായിട്ടുണ്ട് എന്നുവരെ ഇൻസ്‌പെക്ടർ പ്രേം ചന്ദ് ശർമ്മ അവകാശപ്പെടുന്നുണ്ട്.