ദില്ലി: കള്ളക്കടത്ത് തലവൻ രവി പൂജാരിയെ ഇന്ത്യയിൽ എത്തിച്ചു. സെനഗലിൽ പിടിയിലായ രവി പൂജാരിയെ കൊണ്ട് വന്ന വിമാനം ദില്ലിയിൽ എത്തി. കർണാടക പൊലീസാണ് വിമാനത്തിൽ ഇയാൾക്ക് ഒപ്പം ഉള്ളത്. പുലർച്ചയോടെ മറ്റൊരു വിമാനത്തിൽ രവി പൂജാരിയെ ബംഗളുരുവിൽ എത്തിക്കും. കൊലപാതകം ഉൾപ്പടെ 200 ഓളം കേസുകളിൽ പ്രതിയാണ് രവി പൂജാരി.

കഴിഞ്ഞ മാസമാണ് രവി പൂജാരി സെനഗൽ പൊലീസിന്റെ പിടിയിൽ ആകുന്നത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ സെനഗലില്‍ പിടിയിലായ രവി പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.

രവി പൂജാരിയെ പിടികൂടാനുള്ള ഓപ്പറേഷനില്‍ ദക്ഷിണാഫ്രിക്കന്‍ ഏജന്‍സികളും സഹായിച്ചു. ബുര്‍ക്കിനഫാസോ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് രവി പൂജാരി ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്. ഇന്ത്യയില്‍ ഇയാള്‍ക്കെതിരെ കൊലക്കേസുകള്‍ അടക്കം ഇരുന്നൂറിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്തിടെ കൊച്ചിയില്‍ നടന്ന ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലും രവി പൂജാരിക്ക് പങ്കുണ്ട്.