ദില്ലി തിഹാര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന സന്ദീപിന് വിവാഹ ചടങ്ങിനായി ആറു മണിക്കൂര്‍ പരോളാണ് കോടതി അനുവദിച്ചത്.
ദില്ലി: വന്‍ പൊലീസ് സുരക്ഷയില്‍ ഗുണ്ടാ നേതാക്കാളായ സന്ദീപ് കാലാ ജാതേഡിയും അനുരാധ ചൗധരിയും വിവാഹിതരായി. ദ്വാരകയിലെ സന്തോഷ് ഗാര്‍ഡനിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ദില്ലി തിഹാര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന സന്ദീപിന് വിവാഹ ചടങ്ങിനായി ആറു മണിക്കൂര്‍ പരോളാണ് കോടതി അനുവദിച്ചത്. ചടങ്ങിന് ശേഷം ഇന്ന് തന്നെ സന്ദീപ് ജയിലിലേക്ക് തിരികെ പോകും.
കമാന്‍ഡോകളുടെയും 250 പൊലീസുകാരുടെയും കാവലിലാണ് ചടങ്ങുകള്‍ നടന്നത്. വധൂവരന്‍മാര്‍ തങ്ങളെ വെട്ടിച്ചു കടന്നുകളയാതെ നോക്കുക എന്നതായിരുന്നു പൊലീസിന്റെ പ്രധാന ഉദേശം. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ഡ്രോണുകളും, ഹാളിന്റെ കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിച്ച് വന്‍ സുരക്ഷയാണ് ഒരുക്കിയത്. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 150 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവരുടെയും പേര് വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. സന്ദീപിന്റെ അഭിഭാഷകനായിരുന്നു വിവാഹത്തിന്റെ മേല്‍നോട്ടം.
ഹരിയാന, ദില്ലി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഇടം പിടിച്ചവരും തലയ്ക്കു വലിയ വിലയുള്ള കൊടുംകുറ്റവാളികളുമാണ് സന്ദീപും അനുരാധയും. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ വലംകയ്യാണ് ഹരിയാന സ്വദേശി സന്ദീപ്. ജാമ്യം കിട്ടി ജയിലില്‍ നിന്നിറങ്ങിയ അനുരാധ രാജസ്ഥാനിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന അനന്ത്പാല്‍ സിങ്ങിന്റെ സംഘത്തിലെ പ്രധാനിയാണ്. ഇംഗ്ലീഷ് സംസാരിക്കാനും എകെ 47 തോക്ക് കൈകാര്യം ചെയ്യാനുമുള്ള കഴിവാണ് അനുരാധയെ പ്രണയിക്കാന്‍ കാരണമെന്ന് സന്ദീപ് പറഞ്ഞിരുന്നു. എംബിഎ ബിരുദധാരിയാണ് അനുരാധ. തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങി 12 ഓളം ക്രിമിനല്‍ കേസുകള്‍ പ്രതിയാണ് അനുരാധ. രാജസ്ഥാനിലെ ഏറ്റവും ക്രൂരനായ ഗുണ്ടാസംഘത്തില്‍ ഒരാളായാണ് അനുരാധയെ പൊലീസ് കണക്കാക്കുന്നത്.
2020ലാണ് സന്ദീപും അനുരാധയും പ്രണയത്തിലായത്. നിരവധി കേസുകളില്‍ പ്രതികളായതോടെ ഇരുവരും ഒൡവില്‍ പോയിരുന്നു. 2021 ജൂലൈ 31ന് ഉത്തരാഖണ്ഡില്‍ നിന്ന് മടങ്ങുമ്പോള്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്നാണ് അനുരാധയെയും സന്ദീപിനെയും രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവം; സ്റ്റേഷനില്‍ പ്രതിഷേധം

