Asianet News MalayalamAsianet News Malayalam

കൊടുംകുറ്റവാളി വികാസ് ദുബെ ഉജ്ജയിനിലെത്തിയത് അഭിഭാഷകന്റെ കാറിൽ; രണ്ട് അഭിഭാഷകർ പിടിയിൽ

ലക്നൗ സ്വദേശിയായ മനോജ് യാദവിന്റെ പേരിലുള്ളതാണ് ഈ കാർ. ഇതുമായി ബന്ധപ്പെട്ട് രണ്ട് അഭിഭാഷകരെ യു പി പൊലീസ് കസ്റ്റഡിയിലെടുത്തു. 

gangster vikas dube arrest updates
Author
Lucknow, First Published Jul 9, 2020, 2:42 PM IST

ദില്ലി: എട്ട് പൊലീസുകാരെ ഏറ്റുമുട്ടലിനിടെ വധിച്ച് ഉത്ത‍ർപ്രദേശിൽ നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി വികാസ് ദുബെ ഉജ്ജയിനിലെത്തിയത് അഭിഭാഷകന്റെ ചിഹ്നം പതിച്ച കാറിൽ എന്ന് റിപ്പോർട്ട്. കാൺപൂരിൽ നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ചതും ഇതേ കാർ ആണ്. ലക്നൗ സ്വദേശിയായ മനോജ് യാദവിന്റെ പേരിലുള്ളതാണ് ഈ കാർ. ഇതുമായി ബന്ധപ്പെട്ട് രണ്ട് അഭിഭാഷകരെ യു പി പൊലീസ് കസ്റ്റഡിയിലെടുത്തു. 

മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയിൻ മഹാകാളി ക്ഷേത്രത്തിൽ നിന്നുമാണ് ഇയാളെ ഇന്ന് പിടികൂടിയത്. ഇന്ന് രാവിലെ എട്ട് മണിയോടെ മഹാകാളി ക്ഷേത്രത്തിൽ ദ‍ർശനം നടത്തി പുറത്തേക്കിറങ്ങിയ ദുബെയെ ക്ഷേത്രപരിസരത്തെ ഒരു കടയുടമയാണ് തിരിച്ചറിഞ്ഞതെന്നാണ് പുറത്തു വരുന്ന വിവരം. മാധ്യമവാ‍ർത്തകളിലൂടെ കണ്ടു പരിചയമുള്ള ദുബെയെ തിരിച്ചറിഞ്ഞ കടയുടമ വിവരം സുരക്ഷാജീവനക്കാരെ അറിയിക്കുകയായിരുന്നു. സുരക്ഷാജീവനക്കാർ ഇയാളെ തടഞ്ഞ് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. ഇയാൾ ഒരു വ്യാജതിരിച്ചറിയൽ കാ‍ർഡ് കാണിച്ചെങ്കിലും വിട്ടയക്കാൻ സുരക്ഷാജീവനക്കാ‍ർ തയ്യാറാവാതിരുന്നതോടെ വാക്കേറ്റവും തുടർന്ന് ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം ഇയാളേയും കൂട്ടാളികളായ രണ്ടു പേരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദുബെ പിടിയിലായ വിവരം പുറത്തു വന്നതിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാനുമായി യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് സംസാരിച്ചു. നടപടികൾ എത്രയും വേ​ഗം പൂ‍ർത്തിയാക്കി ദുബെയെ യുപി പൊലീസിന് കൈമാറാൻ മുഖ്യമന്ത്രിമാരുടെ ച‍ർച്ചയിൽ തീരുമാനമായിട്ടുണ്ട്. 

കഴിഞ്ഞയാഴ്ച കാൺപൂരിൽ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പൊലീസുകാരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പീഡനം അടക്കം അറുപതോളം കേസുകളിൽ പ്രതിയായ ദുബെ യുപിയിലെ ക്രിമിനൽ പശ്ചാത്തലമുള്ള രാഷ്ട്രീയനേതാക്കളുടെ പിന്തുണയിലാണ് പൊലീസിനെ വെല്ലുന്ന കൊടും കുറ്റവാളിയായി മാറിയത്. വ‍ർഷങ്ങളായി പൊലീസിനെ വെല്ലുവിളിച്ച് കാൺപൂ‍ർ കേന്ദ്രമായി പ്രവ‍ർത്തിച്ചു വരുന്ന ദുബെയെ പിടികൂടാനായി ഒരാഴ്ച മുൻപാണ് കാൺപൂ‍ർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളുടെ ​ഗ്രാമത്തിലെത്തിയത്. അ‍ർധരാത്രിയിൽ എത്തിയ പൊലീസിനെ തിരിച്ചറിഞ്ഞ ​ദുബെയും സംഘവും ഇവ‍ർക്ക് നേരെ വെടിവച്ചു.  ഈ ആക്രമണത്തിലാണ് എട്ട് പൊലീസുകാ‍ർ കൊല്ലപ്പെട്ടത്. സംഭവം ദേശീയതലത്തിൽ വിവാദമായതോടെ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് തന്നെ നേരിട്ട് വിഷയത്തിൽ ഇടപെടുകയും എത്രയും പെട്ടെന്ന് ദുബെയെ പിടികൂടാൻ ഉത്തരവിടുകയും ചെയ്തു. പൊലീസുകാരുടെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ദുബെയ്ക്ക് വേണ്ടി മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് യുപി പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അ‍ഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.  

Read Also: എട്ടുപോലീസുകാരെ വധിച്ച വികാസ് ദുബെ പിടിയിൽ, അറിയാം ശിവ്‌ലിയിലെ ഈ കുപ്രസിദ്ധ ഡോണിന്റെ കുറ്റകൃത്യങ്ങളുടെ ചരിത്രം...

 

Follow Us:
Download App:
  • android
  • ios