കൊഹിമ: നാഗാലാന്‍റ് പട്ടിയിറച്ചി വില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഗുവഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് സ്റ്റേ ചെയ്തു. പട്ടിയിറച്ചി വില്‍പ്പനക്കാരുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. കഴിഞ്ഞ ജൂലൈ മാസം നാലാം തീയതിയാണ് നാഗാലാന്‍റില്‍ പട്ടിയിറച്ചി വില്‍പ്പനയും ഇറക്കുമതിയും നാഗാലാന്‍റ് സര്‍ക്കാര്‍ നിരോധിച്ചത്.

ഇതിനെതിരെ കഴിഞ്ഞ സെപ്തംബര്‍ 2നാണ് കൊഹിമ മുന്‍സിപ്പാലിറ്റിയുടെ കീഴിലുള്ള ലൈസന്‍സുള്ള പട്ടിയിറച്ചി വില്‍പ്പനക്കാര്‍ കോടതിയെ സമീപിച്ചത്. പട്ടിയിറച്ചി നിരോധനത്തിന് നിയമപരമായ അടിത്തറയില്ലെന്നാണ് ഇവര്‍ വാദിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസില്‍ നാഗാലാന്‍റ് സര്‍ക്കാറിന്‍റെ സത്യവാങ്മൂലം ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പിന്നീട് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് നിരോധന ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.

കേസ് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് എത്തുന്ന ദിവസം വരെയാണ് ഇപ്പോള്‍‍ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ നല്‍കിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷ നിയമത്തിലെ വകുപ്പുകള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് പട്ടിയിറച്ചി നിരോധനം നടപ്പിലാക്കിയത് എന്നാണ് ഹര്‍ജിക്കാരുടെ ഒരു പ്രധാന വാദം. ജൂലൈ 4ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ഇറച്ചിക്കായി നായയെ വില്‍ക്കുന്നത് പൂര്‍ണ്ണമായി നിരോധിച്ചിരുന്നു. ഒപ്പം നായകളുടെ ഇറക്കുമതിയും, വേവിച്ചോ, വേവിക്കാതെയോ ഉള്ള പട്ടിയിറച്ചി വില്‍പ്പനയും നിരോധിച്ചിരുന്നു.