ദില്ലി: ദേശീയ ജനസംഖ്യ രജിസ്റ്റര്‍(എന്‍ പി ആര്‍) ദേശീയ പൗരത്വ പട്ടികക്ക് (എന്‍ ആര്‍ സി) വേണ്ടിയുള്ള മുന്നൊരുക്കമാണെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. എന്‍ പി ആര്‍ കണക്കെടുക്കാന്‍ വരുമ്പോള്‍ തെറ്റായ പേരും വിവരവും നല്‍കി ജനം പ്രതിഷേധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദില്ലി യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. എന്‍ ആര്‍ സി രാജ്യത്തെ മുസ്ലീങ്ങള്‍ക്കെതിരെയാണെന്നും അവര്‍ വ്യക്തമാക്കി.  

ആസൂത്രിതമായ നീക്കങ്ങളെ നാം ഒരുമിച്ച് ചെറുക്കണം. എന്‍ പി ആര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ നമ്മള്‍ തെറ്റായ പേര് നല്‍കണം. നമ്മുടെ ഫോണ്‍ നമ്പര്‍, ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവര്‍ അവര്‍ ചോദിക്കും. മേല്‍വിലാസം ചോദിക്കുമ്പോള്‍ 7RCR എന്നൊക്കെ പറയുക. ലാത്തിയെയും ബുള്ളറ്റിനെയും നേരിടാനല്ല നാം ജനിച്ചതെന്നും അരുന്ധതി റോയ് പറഞ്ഞു. 

എന്‍ ആര്‍ സി സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും ഡിറ്റന്‍ഷന്‍ ക്യാമ്പുകളുടെ നിര്‍മാണം തുടങ്ങിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞത് നുണയാണ്.  നുണയാണെന്ന ബോധ്യത്തോടെയാണ് പ്രധാനമന്ത്രി അത് പറഞ്ഞത്. മാധ്യമങ്ങള്‍ അവരുടെ കൈയിലാണെന്നും അവരെ ചോദ്യം ചെയ്യില്ലെന്നും അറിയുന്നതുകൊണ്ടാണ് കള്ളം പറയുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ പട്ടികക്കെതിരെയും ജനം തെരുവിലിറങ്ങിയപ്പോഴാണ് എന്‍ പി ആറുമായി രംഗത്തുവന്നത്.

യുപിയില്‍ മുസ്ലീങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയാണ്. പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും മുസ്ലീങ്ങളെ മാത്രമല്ല, ദലിതരെയും പിന്നാക്കക്കാരെയും പാവങ്ങളെയും ആദിവാസികളെയും ബാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.