ഗാസയിലെ സമാധാന കരാർ കൂടുതൽ വഷളാകുന്നു. മൃതദേഹങ്ങൾ കൈമാറുന്നതിൽ ഹമാസ് കൃത്രിമത്വം കാണിച്ചെന്ന് ഇസ്രയേല്‍

ഗാസ: ഗാസയിലെ സമാധാന കരാർ കൂടുതൽ വഷളാകുന്നു. മൃതദേഹങ്ങൾ കൈമാറുന്നതിൽ കൃത്രിമത്വം കാണിച്ചതിലൂടെ ഹമാസ് ഇസ്രയേലിനെയും അമേരിക്കയെയും ലോകത്തെയും ചതിച്ചെന്ന രൂക്ഷമായ പ്രതീകരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരിക്കുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 90 ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു ഇസ്രയേൽ സൈനികനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

കസ്റ്റഡിയിലുള്ള മൃതദേഹം ഹമാസ് പുറത്തെടുത്ത് മണ്ണിട്ടു മൂടി വീണ്ടും കുഴിച്ചെടുക്കുന്നതായി ആരോപിച്ചുള്ള വീഡിയോയാണ് ഇസ്രയേലിന്റെ പിടിവള്ളി. ഇതിലൂടെ അമേരിക്കയെ ഉൾപ്പടെ ഹമാസിനെതിരായ നിലപാടിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് അമേരിക്കയെയും ലോകത്തെയും ഹമാസ് ചതിച്ചെന്ന ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രസ്താവന. മൃതദേഹങ്ങൾ കെട്ടിടങ്ങൾക്കടിയിലാണെന്നും തെരഞ്ഞെുക്കാൻ സമയം വേണമെന്നും തെറ്റിദ്ധരിപ്പിച്ച് ഹമാസ് ഗൂഢലക്ഷ്യത്തോടെ സമയം നീട്ടിയെടുക്കുകയാണെന്നാണ് ഇസ്രയേൽ വാദം. എന്നാൽ ഇസ്രയേൽ ബോംബിങ്ങിൽ തകർന്ന കെട്ടിടങ്ങൾക്കിടയിലാണ് മൃതദേഹങ്ങളെന്ന് ഹമാസ് വാദിക്കുന്നു. എന്നാല്‍ എല്ലാ മൃതദേഹങ്ങളും ഹമാസിന്റെ പക്കലുണ്ടെന്ന് ഇസ്രയേലും.

മൃതദേഹം കൈമാറുന്നത് വൈകിച്ചുവെന്നാരോപിച്ചാണ് ആക്രമണം വീണ്ടും തുടങ്ങിയത്. 90 ലധികമാണ് മരണം. ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടതും ഇസ്രയേലിനെ ചൊടിപ്പിച്ചിട്ടുണ്ട്. കൂടാതെ മൃതദേഹങ്ങൾ കൈമാറുന്നത് ഹമാസും നിർത്തിവെച്ചു. പുറത്തുവന്ന വിഡീയോയിൽ റെഡ് ക്രോസ് അംഗങ്ങളും ഉണ്ടെന്നതിനാൽ റെഡ്ക്രോസ് നിലപാട് നിർണയകമാകും.

YouTube video player