Asianet News MalayalamAsianet News Malayalam

'ഗീലാനിയുടെ ഗൂഢതന്ത്രങ്ങൾ'; ഒരു ആർമി ജനറലിന്റെ നേരനുഭവങ്ങൾ

അന്ന് വീട്ടുതടങ്കലിൽ ഇരുന്നുകൊണ്ട് തന്റെ മൊബൈൽ ഫോൺ വഴി ഇയാൾ നാട്ടുകാരെ പറഞ്ഞിളക്കിക്കൊണ്ടിരുന്നു.

Geelani and his methodology an army generals account Syed Atah Hasnain writes
Author
Delhi, First Published Sep 6, 2021, 5:10 PM IST

റിട്ട. ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈൻ എഴുതിയ ലേഖനം

സയ്യിദ് അലി ഷാ ഗീലാനി
- ജമ്മുകശ്മീരിലെ വിഘടനവാദ പ്രസ്ഥാനങ്ങളെ ഉത്ഭവകാലം തൊട്ടു നയിച്ചുകൊണ്ടിരുന്ന ആ ഭീകരൻ തന്റെ തൊണ്ണൂറ്റിഒന്നാം വയസ്സിൽ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. സെപ്തംബർ ഒന്നാം തീയതിയായിരുന്നു ഗീലാനിയുടെ മരണം. മരണം സംഭവിക്കുന്നതിന് തൊട്ടു മുമ്പുള്ള ആഴ്ചകളിൽ ഗീലാനിയുടെ മരണം കശ്മീരിലെ വിഘടനവാദ പ്രസ്ഥാനങ്ങളെ എങ്ങനെ ബാധിക്കും എന്നത് സംബന്ധിച്ച് നിരവധി ചർച്ചകൾ നടക്കുകയുണ്ടായി.

പതിനഞ്ചു മാസം മുമ്പുതന്നെ ഗീലാനി ഹുറിയത്തിന്റെ ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു എങ്കിലും ഗീലാനിയുടെ മരണം ചലനങ്ങൾ ഉണ്ടാക്കിയത് കാശ്മീരിൽ മാത്രമല്ല, അയൽ രാജ്യങ്ങളിൽ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ കടുത്ത സുരക്ഷാ മുൻകരുതലുകളാണ് ഗീലാനിയുടെ മരണത്തെ ചുറ്റിപ്പറ്റി താഴ്‌വരയിൽ കൈക്കൊള്ളപ്പെട്ടത്. ഹുറിയത്തിന്റെ മറ്റുള്ള 'രക്തസാക്ഷി'കളുടെ കുഴിമാടങ്ങൾക്കരികിൽ തന്നെയും ഖബറടക്കണം എന്നുള്ള ഗീലാനിയുടെ അന്തിമാഭിലാഷത്തിനു വിരുദ്ധമായി വളരെ രഹസ്യമായ ഒരു ഖബറടക്കമാണ് നടത്തപ്പെട്ടത്. പ്രതിഷേധങ്ങൾ ഒഴിവാക്കാൻ വേണ്ടി താത്കാലികമായി താഴ്വരയിലെ ഇന്റർനെറ്റ് ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു.  അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ കുറെ ആഴ്ചകളായി നടന്നുകൊണ്ടിരിക്കുന്ന, കശ്മീർ എന്ന പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്ര ഭരണ പ്രദേശത്തിന്റെ സുരക്ഷയെക്കൂടി ബാധിച്ചേക്കാവുന്ന, താലിബാൻ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ അധിക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കപ്പെട്ടത്.

ശ്രീനഗർ വിമാനത്താവളത്തിൽ വെച്ചുള്ള യാദൃച്ഛികമായി കണ്ടുമുട്ടൽ

ഈ അവസരത്തിൽ ഹുറിയത്തിന്റെ സ്ഥാപക നേതാവ് എന്ന നിലയ്ക്ക് ഗീലാനി പ്രവർത്തിച്ച കാര്യങ്ങൾ ഓർത്തെടുക്കുന്നത് ഉചിതമാവും. 2004 -ൽ മൂല സംഘടനയിൽ നിന്ന് വേർപെട്ട്, തെഹ്രീക് എ ഹുറിയത്ത് എന്ന പേരിൽ പുതിയൊരു സംഘടനയ്ക്ക് രൂപം നൽകിയിരുന്നു ഗീലാനി. പാകിസ്താനോട് മാത്രം എന്നും അടിയുറച്ച കൂറ് പ്രകടിപ്പിച്ചിരുന്ന ഇയാൾ ഒരു കാലത്തും ഇന്ത്യൻ ഗവൺമെന്റുമായി ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. മുസ്ലിം യുണൈറ്റഡ്  ഫ്രണ്ടിന്റെ ബാനറിൽ 1987 ഗീലാനി തെരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും ഉണ്ടായിട്ടുണ്ട്. എന്നാൽ അക്കൊല്ലം തന്നെ താഴ്‌വരയിൽ ഭീകരപ്രസ്ഥാനങ്ങൾ സജീവമായതോടെ ആ രാഷ്ട്രീയ പ്രവർത്തനം അകാലത്തിൽ അവസാനിക്കുകയായിരുന്നു. വടക്കൻ കശ്മീരിലെ സോപോർ പ്രവിശ്യയിൽ ജനിച്ച ഗീലാനി, ജമായത് എ ഇസ്ലാമി കശ്മീരിന്റെ ആജീവനാന്ത അനുഭാവിയും ആയിരുന്നു.

കാശ്മീരിൽ നിരവധി വർഷങ്ങൾ ചെലവിട്ടിട്ടും, ഒരിക്കൽ മാത്രമാണ് യാദൃച്ഛികമായി ഗീലാനിയെ കണ്ടുമുട്ടാൻ എനിക്ക് സാധിച്ചിട്ടുള്ളത് ഒരിക്കൽ മാത്രമാണ്, ശ്രീനഗർ വിമാനത്താവളത്തിൽ വെച്ച്. അന്ന് തമ്മിൽ ചിരിച്ചു എങ്കിലും, ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാമായിരുന്നു. 2005 -ൽ ഞാൻ ഉറി ബ്രിഗേഡിനെ കമാൻഡ് ചെയ്തുകൊണ്ടിരുന്ന കാലത്ത്, ഗീലാനി അന്ന് ഞങ്ങൾ കമ്മീഷൻ ചെയ്ത കമാൻ അമൻ സേതു എന്ന പാലം കടന്നു പാക് അധീന കാശ്മീരിലേക്ക് ഒരു ശ്രീനഗർ മുസാഫറാബാദ് ബസിൽ യാത്ര ചെയ്യാനിരുന്നതാണ്. അവസാന നിമിഷമാണ് അന്ന് തന്റെ പാകിസ്താനിലെ ഹുറിയത് നേതാക്കളെ കാണാനുള്ള ആ യാത്ര ഗീലാനി റദ്ദാക്കുന്നത്.

2008  ഏപ്രിൽ 24 വരെ കാര്യങ്ങൾ ഏറെക്കുറെ ശാന്തമായിരുന്നു. അന്നാണ്, തൻവീർ അഹമ്മദ്, ഇംതിയാസ് കുപ്രസിദ്ധരായ രണ്ടു കാശ്മീരി ഭീകരരെ എന്റെ സൈനികർ ഒരു എൻകൗണ്ടറിൽ വെടിവെച്ചുവീഴ്ത്തുന്നത്. തങ്ങളുടെ മയ്യത്തു നമസ്കാരം നയിക്കുന്നത് ഗീലാനി ആയിരിക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. അന്ന് അതിനായി അവിടെ എത്തുകയും ചെയ്തിരുന്നു അയാൾ. ഈ ഒരു സന്ദർഭത്തിൽ നിന്നാണ് കലുഷിതമായ തന്റെ യാത്ര ഗീലാനി തുടങ്ങുന്നതും.

അന്ന്, അമർനാഥ് ക്ഷേത്രത്തിനു വേണ്ടി കാടിനു നടുവിലെ ഒരു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് പ്രദേശവാസികളെ സംഘടിപ്പിച്ച് ഗീലാനി ഒരു പ്രതിഷേധം സംഘടിപ്പിക്കുന്നു. അന്ന് വീട്ടുതടങ്കലിൽ ഇരുന്നുകൊണ്ട് തന്റെ മൊബൈൽ ഫോൺ വഴി ഇയാൾ നാട്ടുകാരെ പറഞ്ഞിളക്കിക്കൊണ്ടിരുന്നു. അന്നാണ് ഇയാളെക്കുറിച്ച് ഞാൻ കുറേക്കൂടി വിസ്താരമായി അറിയുന്നത്. ഗീലാനിയുടെ ഉപജാപങ്ങളുടെ ഫലമായി താഴ്വരയിലെ കൗമാരക്കാരും യുവാക്കളും പട്ടാളക്കാർക്ക് നേരെ കല്ലേറുമായി രംഗത്തുവരുന്നു. പട്ടാളത്തിന്റെ മറുപടി നടപടികളിൽ നിരവധിപേർ അന്ന് വെടിയേറ്റ് മരിക്കുന്നുണ്ട്. ഇങ്ങനെ അക്രമത്തിനിറങ്ങുന്നവരോട് സംയമനം പാലിക്കാൻ ഗീലാനി ആവശ്യപ്പെട്ടിരുന്നു എങ്കിൽ ഈ മരണങ്ങൾ ഉറപ്പാക്കാൻ സാധിച്ചിരുന്നേനെ.

2009 ഗീലാനി ഷോപ്പിയാനിലെ രണ്ടു യുവതികളുടെ കേസും ഇതേ വികാരങ്ങൾ ഇളക്കി വിടാൻ പ്രയോജനപ്പെടുത്തി. 2010 പ്രതിഷേധങ്ങളുടെ തുടർച്ചയായ മൂന്നാം വർഷമായിരുന്നു. അക്കൊല്ലം മച്ചിൽ കേസും, ടിയർ ഗ്യാസ് ഷെൽ വന്നുകൊണ്ട് പതിനൊന്നുകാരൻ തുഫൈൽ മാട്ടൂ കൊല്ലപ്പെട്ട നിർഭാഗ്യകരമായ സംഭവവും തന്റെ രഹസ്യ അജണ്ടകൾക്ക് ഗീലാനി പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. അന്ന് സൈന്യം അതിനെ പ്രതിഷേധഭീകരത എന്നാണ് വിളിച്ചത്. അത് ഗീലാനിയോ, അയാളുടെ സഹകാരികളായ ദുഖ്‌തരാൻ എ മില്ലത്തിന്റെ മഷാരത്ത് ആലമോ, ആസിയാ അന്ദ്രാബിയോ ഒക്കെ പ്രതീക്ഷിച്ചിരുന്നതിനും അപ്പുറത്തേക്ക് കൈവിട്ടു പോയി. ഒരു വർഷത്തോളം കശ്മീർ എരിഞ്ഞപ്പോൾ, 117 കാശ്മീരി യുവാക്കളാണ് പൊലീസ് നടപടികളെത്തുടർന്ന് വെടിയേറ്റ് മരിച്ചത്.  അവിടെയും മുതലെടുപ്പിന് ശ്രമിച്ച ഗീലാനി യുവാക്കളോട് ആർമി ക്യാമ്പുകൾ വളഞ്ഞു പ്രതിഷേധിക്കാൻ ആഹ്വാനം  ചെയ്തു. സൈന്യത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ബോധ്യപ്പെട്ട ഗീലാനി തന്നെ പിന്നീട് അത് പിൻവലിക്കുകയാണുണ്ടായത്.

അതിനു ശേഷം ഒരിക്കൽ, 2011 മെയിൽ, ബാരാമുള്ളയിൽ അറിയപ്പെടുന്ന ഒരു മൗലവി മരണപ്പെട്ട സമയം. സമാധാന പ്രേമിയായ ആ സാധുമനുഷ്യനാണ് പല കാര്യങ്ങളിലും എനിക്ക് വേണ്ട ഉപദേശങ്ങൾ തന്നുകൊണ്ടിരുന്നത്. മരണാനന്തരം ആ കുടുംബത്തെ സന്ദർശിക്കാൻ ഗീലാനി എത്തും എന്ന് എനിക്കുറപ്പുണ്ടായിരുന്നു. അയാൾ വരും മുമ്പ് അവരെ കണ്ട്, അനുശോചനം രേഖപ്പെടുത്തണം എന്നെനിക്ക് തോന്നി. ആകാശം മുട്ടെ വളർന്നു നിന്ന ഗീലാനിയുടെ ദുരഭിമാനത്തിന് മുറിവേൽപ്പിക്കാൻ ഇങ്ങനെ ചിലതു സംഭവിക്കേണ്ടതുണ്ട് എന്നും എനിക്ക് തോന്നി. അങ്ങനെ ഒരു ഹെലികോപ്റ്ററിൽ ചെന്നിറങ്ങി ഞാൻ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം അവിടെ വന്ന ഗീലാനി തനിക്കു മുമ്പേ ഇന്ത്യൻ സൈന്യത്തിന്റെ ഒരു പ്രതിനിധി വന്നു പോയി എന്ന വിവരം അറിഞ്ഞ് വിഷണ്ണനായതായി ഞാനറിഞ്ഞു.

2012 ന്റെ തുടക്കത്തിലാണ് വുള്ളർ കിനാരെ എന്ന പേരിൽ ഗീലാനി ഒരു ആത്മ കഥ എഴുതി പ്രസിദ്ധപ്പെടുത്തുന്നത്. അതിന്റെ ആറു കോപ്പികൾ അന്ന് പ്രസാധന ചടങ്ങിൽ ചെന്ന് എന്റെ സഹപ്രവർത്തകർ വാങ്ങുകയുണ്ടായി. ഈ കോപ്പികൾ കോർപ്സ് കമാണ്ടർ ആയ എനിക്കാണ് എന്നറിഞ്ഞ്, 'എന്തിനായിരുന്നു ആ പുസ്തകം വാങ്ങൽ' എന്ന മട്ടിൽ ഒരു കാശ്മീരി പത്രം അതേപ്പറ്റി ചെറിയൊരു വാർത്ത വരെ അന്ന് കൊടുക്കുന്നുണ്ട്. "ഗീലാനി, സ്വന്തം ചിന്തകൾ വിശദമായി പകർത്തിയ ഒരു ഗ്രന്ഥമാണ് ഇതെന്നറിഞ്ഞു. അദ്ദേഹത്തിന്റെ പ്രവർത്തന പദ്ധതിയുടെ പിന്നിലെ ചേതോവികാരം മനസ്സിലാക്കാൻ വേണ്ടിയാണ് ഞാനും സഹപ്രവർത്തകരും ഇതിന്റെ കോപ്പികൾ വാങ്ങി വായിക്കുന്നത്" എന്ന് ഞാൻ അന്നൊരു മറുപടിയും മാധ്യമങ്ങൾക്ക് നൽകിയിരുന്നു. അന്ന് അതുകേട്ട് ഗിലാനി സന്തുഷ്ടനായതായും ഞാൻ അറിയുകയുണ്ടായി.

നാട്ടിൽ നടക്കുന്ന ഓരോ സംഭവങ്ങളുടെയും പേരിൽ കലാപങ്ങൾ ഇളക്കിവിടാനുള്ള ഗീലാനിയുടെ അസാമാന്യമായ സിദ്ധി ഈ മരണത്തോടെ ഗീലാനിയെ ആരാധിച്ചിരുന്നവരും, പാക് മണ്ണിലെ അയാളുടെ ഹാൻഡ്‌ലർമാരും തീർച്ചയായും നഷ്ടബോധത്തോടെ തന്നെ ഓർക്കും. അവസാന കാലത്ത് കശ്മീരിലെ യുവജനങ്ങളെ സ്വാധീനിക്കാനുള്ള ശേഷി ഗീലാനിക്ക് നഷ്ടപ്പെട്ടു വരികയായിരുന്നു. ആർട്ടിക്കിൾ 370 ഭേദഗതി ചെയ്യപ്പെട്ടതോടെ, ആർട്ടിക്കിൾ 35A റദ്ദാക്കപ്പെട്ടതോടെ വിഘടനവാദമെന്ന വികാരം ഏറെക്കുറെ കുറ്റിയറ്റ അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട് എന്ന് ഉറപ്പായിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios