ചൈനയും പാകിസ്ഥാനും ഇന്ത്യയുമായുള്ള നിലപാട് മയപ്പെടുത്തി ചര്‍ച്ചകള്‍ക്ക് തയ്യാറായ പശ്ചാത്തലത്തിലാണ് ചുമതലയേല്‍ക്കുന്നതെങ്കിലും വെല്ലുവിളികള്‍ നിരവധിയാണെന്നാണ് മനോജ് പാണ്ഡെ.
ദില്ലി: പുതിയ കരസേന മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ (General Manoj Pande) ചുമതലയേറ്റു. സേനാ നവീകരണമാണ് പ്രധാന ദൗത്യമെന്ന് മനോജ് പാണ്ഡെ പറഞ്ഞു. വെല്ലുവിളികളെ ശക്തിയുക്തം നേരിടുമെന്നും ചുമതയേറ്റ ശേഷം കരസേന മേധാവി വ്യക്തമാക്കി. അതേസമയം സംയുക്ത സൈനിക മേധാവി പ്രഖ്യാപനം നീളുകയാണ്.
കരസേനയുടെ ഇരുപത്തിയൊന്‍പതാമത് മേധാവിയായിട്ടാണ് മനോജ് പാണ്ഡെ ചുമതലയേറ്റത്. ജനറല്‍ എം എം നരവനെ പടിയിറങ്ങിയതിന് പിന്നാലെയാണ് മനോജ് പാണ്ഡെ പുതിയ ദൗത്യം ഏറ്റെടുത്തത്. സേനയിലെ ഏറ്റവും മുതിര്‍ന്ന ലഫ്റ്റനന്‍റായ മനോജ് പാണ്ഡെ എഞ്ചിനിയറിംഗ് വിംഗില്‍ നിന്ന് കരസേന മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ്. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷം ജനറല്‍ മനോജ് പാണ്ഡെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ചൈനയും പാകിസ്ഥാനും ഇന്ത്യയുമായുള്ള നിലപാട് മയപ്പെടുത്തി ചര്‍ച്ചകള്‍ക്ക് തയ്യാറായ പശ്ചാത്തലത്തിലാണ് ചുമതലയേല്‍ക്കുന്നതെങ്കിലും വെല്ലുവിളികള്‍ നിരവധിയാണെന്നാണ് മനോജ് പാണ്ഡെ പറയുന്നത്. സേനാ നവീകരണം ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഒരേ മനസോടെ മൂന്ന് സേനകളും ഒന്നിച്ച് നീങ്ങുമെന്നും മനോജ് പാണ്ഡെ വ്യക്തമാക്കി. ഉപമേധാവിയായി ജനറല്‍ ബി എസ് രാജുവും ചുമതലയേറ്റു.
ആരാണ് മനോജ് പാണ്ഡെ?
- എഞ്ചിനിയറിംഗ് വിഭാഗത്തില്‍ നിന്ന് കരസേന മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥന്‍
- മഹാരാഷ്ട്ര സ്വദേശി
- നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സൈനിക വിദ്യാഭ്യാസം
- 1982ല്‍ ഔദ്യോഗിക ജീവിതം തുടങ്ങി
- ഓപ്പറേഷന്‍ പരാക്രം, ഓപ്പറേഷന്‍ വിജയ് എന്നിവയുടെ ഭാഗമായി
- കശ്മീര്‍ അതിര്‍ത്തിയിലെ എഞ്ചിനിയറിംഗ് റെജിമെന്‍റിലും , ഇന്‍ഫന്‍ട്രി ബ്രിഗേഡിലും സുപ്രധാന ചുമതലകള്‍
- ദില്ലിയിലെ കരസേന ആസ്ഥാനത്ത് ഡയറക്ടര്‍ ജനറല്‍ പദവിയിലും സേവനമനുഷ്ഠിച്ചു
സംയുക്ത സൈനിക മേധാവി പ്രഖ്യാപനം നീളുന്നു
അതേസമയം സംയുക്ത സൈനിക മേധാവിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പദവിയില്‍ ആദ്യം നിയമിതനായ ജനറല്‍ ബിപിന്‍ റാവത്ത് കരസേന മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് തൊട്ട് മുന്‍പ് പ്രഖ്യാപനം വന്നിരുന്നു. ഇന്നലെ വിരമിച്ച ജനറല്‍ എം എം നരവനെയെ പരിഗണിക്കുന്നുവെന്നാണ് അഭ്യൂഹങ്ങളെങ്കിലും സേനയില്‍ നിന്ന് അടുത്തിടെ വിരമിച്ച ലഫ് . ജനറല്‍ രാജ് ശുക്ല, ലപ് ജനറല്‍ സി പി മൊഹന്തി, ലഫ് ജനറല്‍ യോഗേഷ് കുമാര്‍ ജോഷി എന്നിവരും സാധ്യത പട്ടികയിലുണ്ട്.
