2010 ഫെബ്രുവരി 13നാണ് രാജ്യത്തെ ഞെട്ടിച്ച് കൊറേഗാവ് പാര്‍ക്കില്‍ സ്ഫോടനം നടന്നത്. ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 50ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പുണെ: 2010ലെ ജര്‍മന്‍ ബേക്കറി സ്ഫോടനക്കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സഹസ്ഥാപകന്‍ യാസീന്‍ ഭട്കലിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. തീഹാര്‍ ജയിലില്‍ തടവുകാരനായി കഴിഞ്ഞിരുന്ന ഭട്കലിനെ പുണെ സെഷന്ർസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഭട്കയില്‍ കുറ്റം നിഷേധിക്കുകയും സംഭവത്തില്‍ തനിയ്ക്ക് പങ്കില്ലെന്ന് കോടതിയിലും ആവര്‍ത്തിച്ചു.

ജര്‍മന്‍ ബേക്കറി സ്ഫോടനക്കേസില്‍ 2013ലാണ് ഭട്കലിനെ അറസ്റ്റ് ചെയ്യുന്നത്. ഈ കേസില്‍ ഭട്കലിനെ ആദ്യമായാണ് കോടതിയില്‍ ഹാജരാക്കുന്നത്. ഹൈദരാബാദ് സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഭട്കല്‍ തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. 2010 ഫെബ്രുവരി 13നാണ് രാജ്യത്തെ ഞെട്ടിച്ച് കൊറേഗാവ് പാര്‍ക്കില്‍ സ്ഫോടനം നടന്നത്. ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 50ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

വാദം കേള്‍ക്കലിന് ഭട്കലിനെ ദില്ലി തിഹാര്‍ ജയിലില്‍നിന്ന് പുണെയില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വിഡിയോ കോണ്‍ഫറന്‍സിങ് വാദം കേള്‍ക്കാന്‍ അനുവദിക്കണമെന്നും ദില്ലി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ജൂണ്‍ 15നാണ് കേസ് പരിഗണിക്കുന്നത്. ദില്ലി പൊലീസിന്‍റെ ആവശ്യത്തെ ഭട്കലിന്‍റെ അഭിഭാഷകന്‍ എതിര്‍ത്തു. 2013ലെ ഹൈദരാബാദ് സ്ഫോടനക്കേസില്‍ ഭട്കലിനെയും മറ്റ് നാല് പേരെയും എന്‍ഐഎ കോടതി 2016ല്‍ ശിക്ഷിച്ചിരുന്നു.