ഹൈദരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. 'നിങ്ങള്‍ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി നരേന്ദ്ര മോദിയെ കൊണ്ടുവരൂ. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. അദ്ദേഹത്തിന്റെ യോഗങ്ങള്‍ സംഘടിപ്പിക്കൂ. എത്ര സീറ്റ് നേടുമെന്ന് നമുക്ക് നോക്കാം'-പാര്‍ട്ടി റാലിയില്‍ ഒവൈസി പറഞ്ഞു. വാര്‍ത്താ ഏജന്‍സി എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹൈദരാബാദ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി കേന്ദ്ര നേതാക്കളെ പ്രചാരണത്തിനായി രംഗത്തിറക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് മോദിയെ വെല്ലുവിളിച്ച് ഒവൈസി രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പില്‍ ബിജെപി വികസനത്തെക്കുറിച്ച് സംസാരിക്കില്ല. ഹൈദരാബാദ് വികസിച്ച സിറ്റിയാണ്. നിരവധി അന്താരാഷ്ട്ര കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം നശിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഹൈദരാബാദിന്റെ ബ്രാന്റിന് കളങ്കം വരുത്തുകയാണ് ലക്ഷ്യമെന്നും ഒവൈസി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദില്‍ അനധികൃതമായി കടന്നുകയറിവരുണ്ടെന്ന് ബിജെപി നേതാവ് ബണ്ഡി സഞ്ജയ്, തേജസ്വി സൂര്യ എന്നിവര്‍ പറഞ്ഞിരുന്നു.

രോഹിംഗ്യന്‍ മുസ്ലീങ്ങളും പാകിസ്ഥാനികളും ഹൈദരാബാദിലുണ്ടെന്നാണ് ഇവര്‍ ആരോപിച്ചത്. രാജ്യത്തേക്ക് ആരെങ്കിലും കടന്നുകയറിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ നരേന്ദ്രമോദിയും അമിത് ഷായുമാണെന്ന് ഒവൈസി പറഞ്ഞു.ഡിസംബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ്