Asianet News MalayalamAsianet News Malayalam

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

മതേതര ജനാധിപത്യ മൂല്യങ്ങളുയർത്തി പിടിക്കുന്ന പാർട്ടിക്ക് ദേശീയ കാഴ്ചപ്പാടും വ്യക്തമായ നിലപാടും ഉണ്ടെന്ന് ആസാദ് വ്യക്തമാക്കി.

Ghulan Nabi Azad announces his new party
Author
First Published Sep 26, 2022, 1:50 PM IST

ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഗുലാം നബി ആസാദ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്നാണ് പേര് . പാർട്ടിയുടെ കൊടിയും ആസാദ് ജമ്മുവില്‍ വാർത്താ സമ്മേളനത്തില്‍ പുറത്തിറക്കി. മതേതര ജനാധിപത്യ മൂല്യങ്ങളുയർത്തി പിടിക്കുന്ന പാർട്ടിക്ക് ദേശീയ കാഴ്ചപ്പാടും വ്യക്തമായ നിലപാടും ഉണ്ടെന്ന് ആസാദ് വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റ് 26നാണ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ഗുലാം നബി ആസാദ് കോൺഗ്രസില്‍നിന്നും രാജിവച്ചത്.

കലാപക്കൊടി ഉയര്‍ത്തിയ ശേഷമാണ് കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവായിരുന്ന ആസാദ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നത്. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. 

ജമ്മു കശ്മീരിൽ കോണ്‍ഗ്രസിന്‍റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയിൽ നിന്ന് തന്നെ ഗുലാം നബി പടിയിറങ്ങിയത്. കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളില്‍ ആസാദുമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന എഐസിസി പുനഃസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നായിരുന്നു ഗുലാം നബി ആസാദ് കൂടി ഉൾപ്പെട്ട ഗ്രൂപ്പ് 23 ന്‍റെ വിമര്‍ശനം. ഏറെ നാളുകള്‍ നീണ്ട അസ്വാരസ്യങ്ങള്‍ക്ക് ഒടുവിലാണ് ഗുലാം നബി ആസാദിന്‍റെ രാജി. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ഗുലാം നബി ആസാദ് രാജിവച്ചിരുന്നു.

 

Follow Us:
Download App:
  • android
  • ios