ഗ്രാമീണർ 20 കിലോമീറ്ററോളം വാഹനം പിന്തുടർന്നതിനെ തുടർന്ന് പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പോലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

ഭോപ്പാൽ: പട്ടാപ്പകൽ ഒരു പ്ലസ് ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. ഗന്ധ്വാനി ബസ് സ്റ്റാൻഡ് പരിസരത്ത് തിങ്കളാഴ്ചയാണ് നഗരത്തെ ഭീതിയിലാക്കിയ സംഭവം നടന്നത്.

പെൺകുട്ടി എടിഎമ്മിന് സമീപം നിൽക്കുമ്പോൾ ഒരു മഹീന്ദ്ര ബൊലേറോ വാഹനം പെട്ടെന്ന് അവിടെ നിർത്തുകയായിരുന്നു. മൂന്ന് പേർ വാഹനത്തിൽ നിന്ന് ഇറങ്ങി വിദ്യാർത്ഥിനിയെ വായിൽ തുണി തിരുകി വാഹനത്തിലേക്ക് വലിച്ചിഴച്ച് കയറ്റി. ആളുകൾ നോക്കിനിൽക്കെയാണ് സംഭവം. സ്ഥലത്തുണ്ടായിരുന്നവർ ബൈക്കുകളിലും കാറുകളിലുമായി ഇവരെ പിന്തുടർന്നു.

ഏകദേശം 20 കിലോ മീറ്ററോളം നീണ്ട ഈ പിന്തുടരലിന് ശേഷം വാഹനത്തെ വളഞ്ഞു. ഇതോടെ പ്രതികൾ വാഹനത്തിന്‍റെ വേഗത കൂട്ടിയതോടെ മറ്റൊരു വാഹനത്തിൽ ഇടിച്ച് മറിഞ്ഞു. തുടർന്ന് പ്രതികൾ പെൺകുട്ടിയെ വാഹനത്തിൽ ഉപേക്ഷിച്ച് ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഗ്രാമീണർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തി. സംഭവത്തിൽ മൂന്ന് പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അവരെ പിടികൂടാൻ പൊലീസ് തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് സൂപ്രണ്ട് മായാങ്ക് അവസ്തി പറഞ്ഞു.