ബെംഗളൂരു: വിവാഹം കഴിക്കാൻ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ഇരുപത്തിയൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ. കർണാടകയിലെ ഹാസൻ ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. കേസിൽ മുപ്പതുകാരനായ മനുകുമാറിനെയും  സുഹൃത്തുക്കളായ പ്രവീൺ (23), വിനയ് (25) എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ടൈലറിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബസ്സ് കാത്തുനിൽക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ സ്ഥലത്തെത്തിയ മനുകുമാറും സുഹൃത്തുക്കളും പെൺകുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടു. എന്നാൽ, കാറില്‍ കയറാന്‍ പെൺകുട്ടി വിസ്സമ്മതിക്കുകയായിരുന്നു. തുടർന്ന് മനുകുമാർ നിർബന്ധിച്ച് പെൺകുട്ടിയെ കാറിലേക്ക് പിടിച്ചുകയറ്റി. കാറിൽ വച്ച് പെൺകുട്ടിയുടെ എതിർപ്പ് വകവയ്ക്കാതെ മനുകുമാർ താലികെട്ടുകയും ഇതിന്റെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. പെൺകുട്ടിയുടെ സമ്മതമില്ലാതെ ബലംപ്രയോ​ഗിച്ച് താലിക്കെട്ടുന്നതിന്റെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂ​ഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

സമയം ഏറെ വൈകിയിട്ടും മകളെ കാണാതായതോടെയാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പരാതിയിൽ കേസെടുത്ത പൊലീസ് പെൺകുട്ടിക്കും പ്രതികൾക്കുമായി അന്വേഷണം ആരംഭിച്ചു. പ്രതികൾ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയും ചിത്രങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽനിന്ന് പെൺകുട്ടിയും മനുകുമാറും രാമനഗരയിലെ ഒരു ക്ഷേത്രത്തിൽ നിൽക്കുന്ന ഫോട്ടോ പൊലീസിന് ലഭിച്ചു.

രാമനഗരയിലെ ബേവൂരിലെത്തിയ സംഘത്തെ തിരിച്ചറിഞ്ഞ നാട്ടുകാർ പെൺകുട്ടിയുടെ അച്ഛനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ ബേവൂരു സ്വദേശിയാണ്. നാട്ടുകാരുടെ ഇടപെടൽ സംഘത്തെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഉറക്കഗുളികകൾ കഴിച്ച് പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ ബന്ധുവാണ് അറസ്റ്റിലായ മനുകുമാർ. ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാൻ താത്പര്യം അറിയിച്ചിരുന്നെങ്കിലും വീട്ടുകാരും പെൺകുട്ടിയും എതിർക്കുയായിരുന്നു. ഇതിൽ പ്രകോപിതനായാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.