ദില്ലി: പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ സംഘടിപ്പിച്ച പരിപാടിയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെൺകുട്ടിക്ക് നക്സൽ ബന്ധമുള്ളതായി കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. അമുല്യ ലിയോണ എന്ന പെൺകുട്ടിയാണ് പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയത്. ഹൈദരാബോദ് എംപി അസദുദീൻ ഒവൈസിയുൾപ്പെടെയുള്ളവർ വേദിയിലുണ്ടായിരുന്നു. പെൺകുട്ടിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

ഇത്തരം പരാമർശങ്ങൾ‌ നടത്തിയതിന്റെ പേരിൽ പെൺകുട്ടി തീർച്ചയായും ശിക്ഷിക്കപ്പെടണമെന്നായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം. ''അവരുടെ അച്ഛൻ  പറഞ്ഞത്, കാലും കയ്യും തല്ലിയൊടിക്കാനാണ്. അവൾക്ക് ജാമ്യം ലഭിക്കരുതെന്നും അവളെ രക്ഷിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.'' യെദിയൂരപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ''ഇത്തരം ​ഗ്രൂപ്പുകൾക്ക് പിന്നിൽ അമൂല്യയെപ്പോലെ വളർന്നു വരുന്ന പെൺകുട്ടികളാണ്. അവരെക്കുറിച്ച് കൃത്യമായി അന്വേഷണം നടത്തി കർശനമായ നടപടി സ്വീകരിക്കണം. ആരാണ് ഇവരെ പിന്തുണയ്ക്കുന്നതെന്ന് അപ്പോൾ മനസ്സിലാകും. ആ പെൺകുട്ടിക്ക് നക്സലുകളുമായി ബന്ധമുണ്ടെന്ന് തെളിവുണ്ട്. പെൺകുട്ടി ശിക്ഷിക്കപ്പെടേണ്ട ആളാണ്. കൂടാതെ ഇത്തരം സംഘടനകൾക്കെതിരെയും നടപടിയെടുക്കണം.'' യെദിയൂരപ്പ പറഞ്ഞു.

വേദിയിലെത്തിയ പെൺകുട്ടി പാകിസ്ഥാന്‍ സിന്ദാബാദ്' എന്നാണ് മുദ്രാവാക്യം മുഴക്കിയത്. പെണ്‍കുട്ടി മുദ്രാവാക്യം മുഴക്കുന്നതിനിടെ നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ചോദിച്ച് ഒവൈസി എഴുന്നേറ്റു. തുടര്‍ന്ന് പ്രസംഗം തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. പെണ്‍കുട്ടിയെ 124എ വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. തന്‍റെ പാര്‍ട്ടിക്കോ തനിക്കോ പെണ്‍കുട്ടിയുമായി ബന്ധമില്ലെന്നും ഇങ്ങനെയുള്ളവര്‍ പരിപാടിയില്‍ ഉണ്ടാവുമെന്ന് സംഘാടകര്‍ പറഞ്ഞിരുന്നുവെങ്കില്‍ താന്‍ വരില്ലായിരുന്നുവെന്നും ഒവൈസി പിന്നീട് വ്യക്തമാക്കി.  ഞങ്ങള്‍ ഇന്ത്യക്കാരാണ്. പാകിസ്ഥാനെ പിന്തുണക്കുന്നവരല്ലെന്നും അദ്ദേഹം വിശദീകരിച്ചു. സേവ് കോണ്‍സ്റ്റിറ്റ്യൂഷന്‍റെ ബാനറിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.