ഭോപ്പാൽ: എല്ലാ ദിവസവും 24 കിലോമീറ്റർ സൈക്കിൾ ചവിട്ടി സ്കൂളിൽ എത്തിയ വിദ്യാർത്ഥിനി സ്വന്തമാക്കിയത് മിന്നും വിജയം. മധ്യപ്രദേശിലെ റോഷാനി ഭഡോരിയ എന്ന മിടുക്കിയാണ് പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി ഏവർക്കും മാതൃകയായി മാറിയത്. ചമ്പൽ മേഖലയിലെ ഭിന്ദ് ജില്ലയിലുള്ള അജ്നോൽ ഗ്രാമവാസിയാണ് റോഷാനിയും കുടുംബവും താമസിക്കുന്നത്. 

98.7 ശതമാനം മാർക്ക് സ്വന്തമാക്കിയാണ് റോഷാനി നാടിനും സ്കൂളിനും അഭിമാനമായി മാറിയത്. ഞായറാഴ്ച ആയിരുന്നു ഫലപ്രഖ്യാപനം. ഇതോടെ സിവിൽ സർവീസിൽ ചേരാനുള്ള ആ​ഗ്രഹമാണ് ഈ 15കാരി സ്വന്തമാക്കിയത്. പുരുഷോത്തം ഭഡോരിയ എന്ന കർഷകന്റെ മൂന്ന് മക്കളിൽ ഒരാളാണ് റോഷാനി. മകളുടെ വിജയത്തിൽ അതിയായ സന്തോഷവും അതിനെക്കാൾ ഉപരി മകളെ ഓർത്ത് അഭിമാനവും തോന്നുന്നുവെന്ന് പുരുഷോത്തം പറയുന്നു.

എട്ടാം ക്ലാസ് വരെ മകൾ ബസ് സൗകര്യമുള്ള മറ്റൊരു സ്കൂളിൽ പഠിച്ചിരുന്നുവെന്ന് പുരുഷോത്തം ഭഡോരിയ പിടിഐയോട് പറഞ്ഞു. പിന്നീട് അജ്നോലില്‍ നിന്ന് 12 കിലോമീറ്റർ അകലെയുള്ള മെഹ്ഗാവിലെ ഒരു സർക്കാർ സ്കൂളിലേക്ക് മാറി, അവിടെ ഗതാഗത സൗകര്യം ലഭ്യമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. രണ്ട് വർഷം മുമ്പാണ് റോഹാനി മെഹ്ഗാവ്സ് ഗവൺമെന്റ് ഗേൾസ് സ്കൂളിലെ ഒൻപതാം ക്ലാസ്സിൽ ചേർന്നത്. ഇവിടെയും ആവശ്യമായ ​ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ നിരവധി ദിവസങ്ങളിൽ സ്കൂളിൽ എത്താൻ റോഷാനിക്ക് സൈക്കിൾ ചവിട്ടേണ്ടി വന്നു.

"സൈക്കിളിൽ സ്‌കൂളിൽ പോകുന്നത് ബുദ്ധിമുട്ടായിരുന്നു. സ്കൂളിൽ എത്താനായി ഞാൻ വർഷത്തിൽ 60 മുതൽ 70 ദിവസം വരെ സൈക്കിൾ ചവിട്ടി. സമയം കിട്ടുമ്പോഴെല്ലാം അച്ഛൻ എന്നെ മോട്ടോർ സൈക്കിളിൽ കൊണ്ടുപോകും. വീട്ടിൽ തിരിച്ചെത്തിയ ശേഷം എല്ലാ ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ പഠിക്കും. ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥ ആകുകയാണ് എന്റെ ലക്ഷ്യം" റോഷാനി പറഞ്ഞു.

റോഷാനിയുടെ വിജയ വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. മകളുടെ തുടർ പഠനത്തിനായി ആവശ്യമായ ​ഗതാ​ഗത സൗകര്യം ഒരുക്കുമെന്ന് പുരുഷോത്തം പറഞ്ഞു.