ചൊവ്വാഴ്ചയാണ് സ്കൂൾ ജീവനക്കാർ ശുചിമുറിയിൽ രക്തക്കറ കണ്ടത്. പിന്നാലെ 5ാം ക്ലാസ് മുതൽ 10ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികളെ കൺവെൻഷൻ ഹാളിൽ വിളിച്ചുവരുത്തിയായിരുന്നു വിചാരണ

താനെ: സ്കൂളിലെ ശുചിമുറിയിൽ രക്തക്കറ കണ്ടതിന് പിന്നാലെ 10 വിദ്യാർത്ഥിനികളെ വസ്ത്രമഴിച്ച് ആ‍ർത്തവ പരിശോധന നടത്തി അധ്യാപകർ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സംഭവത്തിൽ 4 വനിതാ അധ്യാപകരും സ്കൂളിലെ രണ്ട് ട്രസ്റ്റിമർക്കുമെതിരെ കേസ്. സ്കൂൾ പ്രിൻസിപ്പലിനെയും സഹായിയെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത അധ്യാപകരെ ഇന്ന് കോടതിയിൽ ഹാജരാക്കി.

വിദ്യാർത്ഥിനികൾ സ്കൂളിൽ വച്ച് നേരിട്ട അപമാനം വീട്ടുകാരോട് വിശദമാക്കിയതിന് പിന്നാലെ രക്ഷിതാക്കൾ സ്കൂളിന് മുൻപിൽ പ്രതിഷേധിച്ചിരുന്നു. പോക്സോ വകുപ്പിലെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് അധ്യാപകരടക്കമുള്ളവ‍ർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ചൊവ്വാഴ്ചയാണ് സ്കൂൾ ജീവനക്കാർ ശുചിമുറിയിൽ രക്തക്കറ കണ്ടത്. ഇവർ വിവരം പ്രിൻസിപ്പലിനെ അറിയിച്ചു. ഇതോടെ 5ാം ക്ലാസ് മുതൽ 10ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികളെ കൺവെൻഷൻ ഹാളിൽ വിളിച്ചുവരുത്തിയ ശേഷം പ്രൊജക്ടർ ഉപയോഗിച്ച് രക്തക്കറ കാണിച്ചുകൊടുത്തു. ഇതിന് പിന്നാലെയാണ് ആർത്തവം ഉള്ള വിദ്യാർത്ഥിനികളുടെ വിവരം ശേഖരിച്ചത്. വിരലടയാളം അടക്കമുള്ള വിവരമാണ് ആർത്തവമാണെന്ന് പറഞ്ഞ വിദ്യാർത്ഥിനികളിൽ നിന്ന് ശേഖരിച്ചത്.

ഇതിന് പിന്നാലെ ആ‍ർത്തവമുണ്ടെന്ന് പറ‌ഞ്ഞ വിദ്യാർത്ഥിനികളെ ശുചിമുറിയിലെത്തിച്ചാണ് വസ്ത്രമഴിച്ച് പരിശോധന നടത്തിയത്. ഇതിനിടയിൽ സാനിറ്ററി പാ‍ഡ് വൃത്തിയായി ഇരുന്ന വിദ്യാർത്ഥിനിയെ നുണ പറഞ്ഞുവെന്ന് ആരോപിച്ച് ബമായി വിരലടയാളവും ശേഖരിച്ചു. വിദ്യാർത്ഥിനികൾ വിവരം വീട്ടിൽ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം