ദില്ലി: 'ആള്‍ക്കൂട്ട കൊലപാതകം (lynching)' എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ ആ വാക്ക് ഉപയോഗിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്‍റെ പരാമര്‍ശം വിവാദമാകുന്നു. ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് എത്തിയത്.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന തരൂര്‍. മോബ് ലിഞ്ചിംഗ് എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാകാം. എന്നാല്‍ അതിനാല്‍ കുറ്റകൃത്യം കുറ്റകൃത്യം അല്ലാതാകുന്നില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെ ഭാരതീയ സംസ്കാരം അനുവദിക്കുന്ന പേരിട്ട് വിളിക്കാമെന്ന് തരൂര്‍ പരിഹസിച്ചു.

ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി ട്വീറ്റിലൂടെയാണ് പ്രതികരിച്ചത്. ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെ ഇരകള്‍ ഇന്ത്യക്കാരാണ്, എന്നാല്‍ പ്രതികളെ സംരക്ഷിക്കുന്നത് ആരാണ്, അവര്‍ മരിക്കുമ്പോള്‍ തൃവര്‍ണ്ണ പതാക പുതപ്പിക്കുന്നത് ആരാണ്. ഗോഡ്സയെ ആരാധിക്കുന്ന ബിജെപി എംപിയുണ്ട്. ഗാന്ധിയെ കൊന്ന ആദര്‍ശത്തോളം വലിയ നാണക്കേട് ഇന്ത്യയ്ക്ക് വരാനില്ല. ഭഗവത്ത് ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെ പേര് മാറ്റണം എന്നാണ് പറഞ്ഞത്, അല്ലാതെ അത് നിര്‍ത്തണം എന്നല്ല.

നേരത്തെ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ഉപയോഗിക്കുന്നതാണ് ആള്‍ക്കൂട്ട കൊലപാതകമെന്നാണ് ആര്‍എസ്എസ് മേധാവി പറഞ്ഞത്. നാഗ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്. 

ആള്‍ക്കൂട്ട കൊലപാതകം(lynching) ഇന്ത്യയില്‍ ഉത്ഭവിച്ച വാക്കല്ല. ഒരു പ്രത്യേക മതത്തില്‍നിന്നാണ് ആ വാക്ക് ഉരുത്തിരിഞ്ഞത്. അത് ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. രാജ്യത്തെ അപമാനിക്കാന്‍ ആള്‍ക്കൂട്ട കൊലപാതകം എന്ന പദം ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ ജനം സൗഹാര്‍ദ്ദപരമായും യമത്തിനനുസൃതമായും ജീവിക്കണം. അത്തരം സംസ്കാരമാണ് ആര്‍എസ്എസ് പഠിപ്പിക്കുന്നത്. ഇന്ത്യയെക്കുറിച്ചുള്ള ചിന്താഗതി കഴിഞ്ഞ കുറച്ച് വര്‍ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. വികസിത ഭാരതത്തെക്കുറിച്ച് ഭയക്കുന്നവരാണ് രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നത്. 
ഇത്തരക്കാര്‍ ഭാരതം ഒരു ശക്തവും ഊര്‍ജ്വസ്വലവുമായ രാജ്യമാകുന്നതിനെ ഭയക്കുന്നവരാണ്. ഇവരെ ബൗദ്ധിക തലത്തിലും സാമൂഹിക തലത്തിലും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വി കെ സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു മോഹന്‍ ഭഗവതിന്‍റെ പരാമര്‍ശം.