പാകിസ്ഥാൻ ഭീകരർക്ക് മമത ബാനർജിയും കോൺഗ്രസും ബിരിയാണി നൽകുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. പശ്ചിം ബർദ്വാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ, മോദി സർക്കാർ ഭീകരതയ്‌ക്കെതിരെ ഉറച്ച നടപടി സ്വീകരിച്ചപ്പോൾ മമത സർക്കാർ അനധികൃത കുടിയേറ്റം തടയുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദില്ലി: പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിം ബർദ്വാനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മമത ബാനർജിയുടെ പാർട്ടിയുടെ പിന്തുണയുള്ള മൻമോഹൻ സിംഗ് സർക്കാർ ഒരിക്കലും പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരതയ്‌ക്കെതിരെ ഉറച്ച നടപടി സ്വീകരിച്ചില്ല. പകരം അവർക്ക് ബിരിയാണി നൽകി. പഹൽഗാം ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷൻ സിന്ദൂരിന് ഉത്തരവിട്ടു. പാകിസ്ഥാനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ആക്രമണം നടത്തിയെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ ജനങ്ങൾ അക്രമത്തിന് വോട്ട് കൊണ്ട് ഉപയോഗിച്ച് മറുപടി നൽകുമെന്നും അധികാരത്തിൽ വന്നാൽ ബിജെപി സിൻഡിക്കേറ്റുകൾക്കും അഴിമതിക്കും എതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ജനങ്ങൾ ടിഎംസിയോട് ടാ ടാ ബൈ ബൈ പറയാൻ തീരുമാനിച്ചതിനാൽ ബിജെപി സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 23 ന് ടിഎംസി ഗുണ്ടകൾ അവരുടെ വീടുകളിൽ തന്നെ കഴിയണമെന്ന് ഞാൻ ഉപദേശിക്കുന്നു. അല്ലെങ്കിൽ മെയ് 4 ന് അവരെ ഓരോരുത്തരെയായി പിടികൂടി ജയിലിലടയ്ക്കുമെന്നും അമിത് ഷാ പറഞ്ഞു.
അനധികൃത കുടിയേറ്റം തടയുന്നതിൽ തൃണമൂൽ സർക്കാർ പരാജയപ്പെട്ടു. മമത ബാനർജി അതിർത്തി വേലി കെട്ടാൻ ഭൂമി നൽകുന്നില്ല, മറിച്ച് ബംഗാളിലെ നുഴഞ്ഞുകയറ്റത്തിന് ബിഎസ്എഫിനെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ ഒന്നൊന്നായി തിരഞ്ഞെടുത്ത് രാജ്യത്ത് നിന്ന് നീക്കം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരട്ട എഞ്ചിൻ" സർക്കാർ മികച്ച ഭരണം ഉറപ്പാക്കുമെന്ന് പറഞ്ഞ ഷാ, അടുത്ത മുഖ്യമന്ത്രി ബംഗാൾ മണ്ണിന്റെ മകനായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
