കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വ്യാപക പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലെത്തി.  മോദിയെ  തടയാനുള്ള ഇടത് സംഘടകളടക്കമുള്ളവയുടെ ആഹ്വാന പ്രകാരം വ്യാപക പ്രതേഷേധമാണ് എയര്‍പ്പോര്‍ട്ട് മുതല്‍ വിവിധയിടങ്ങളില്‍ നടന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് മോദി എയര്‍പ്പോര്‍ട്ടിന് പുറത്തെത്തിയത്.

എയര്‍പ്പോര്‍ട്ടിന് പുറത്ത് ഗോബാക്ക് മോദി പോസ്റ്ററുകളുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തി. എയര്‍പ്പോട്ടിലും അപ്രോച്ച് റോഡിലും പ്രതിഷേധം നടന്നു.  നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.  മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പശ്ചിമബംഗാളിന്‍റെ വിവിധ ബാഗങ്ങളിലും പ്രതിഷേധം അരങ്ങേറി.

മോദിയെ കൊല്‍ക്കത്തയില്‍ കാലുകുത്തിക്കില്ലെന്ന മുദ്രാവാക്യവുമായി എയര്‍പ്പോര്‍ട്ടിന് പുറത്ത് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. സ്റ്റുഡന്‍റ്സ് എഗെയിന്‍സ്റ്റ് ഫാസിസം എന്ന പ്ലക്കാര്‍ഡുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗോല്‍പാര്‍ക്ക്, കോളേജ് സ്ട്രീറ്റ്, ഹാറ്റിബാഗന്‍, എസ്പ്ലാന്‍ഡ‍െ തുടങ്ങിയ ഇടങ്ങളില്‍ പ്രതിഷേധിച്ചു.  കറുത്ത ബലൂണുകളും പ്ലക്കാര്‍ഡുകളുമടക്കം വന്‍ പ്രതിഷേധമാണ് നടന്നത്.

ആളുകളെ വര്‍ഗീകരിക്കുന്ന പൗരത്വഭേദഗതിക്കെതിയില്‍ പ്രതിഷേധിച്ചാണ് മോദിക്കെതിരെ ഞങ്ങളുടെ പ്രതിരോധമെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.  മോദിയും അമിത് ഷായും അടക്കമുള്ള ബംഗാളിലെ ജനങ്ങളെ വിഭജിക്കുന്ന എല്ലാ ബിജെപി നേതാക്കള്‍ക്കും എതിരാണ് ഞങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദിക്ക് ഗോബാക്ക്  വിളികളുമായി  പരിപാടി നടക്കുന്ന സ്ഥലങ്ങളിലും പ്രതിഷേധക്കാര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.  

രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠം സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. ശനി ഞായര്‍ ദിവസങ്ങളിലായി നാല് പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.  വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമുണ്ട്. നാളെ കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150ാം വാർഷികാഘോഷത്തിൽ പങ്കെടുക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയുമായി മമത പ്രത്യേക കൂടിക്കാഴ്ച നടത്തി.