Asianet News MalayalamAsianet News Malayalam

തമിഴ്‌നാട്ടിൽ ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് രൂക്ഷം; ഗോ ബാക്ക് രവി ക്യാംപെയ്നുമായി ഡിഎംകെ

ഗോ ബാക്ക് രവി എന്നെഴുതിയ ബാനറുകൾ ഡിഎംകെ പ്രവർത്തകർ നഗരത്തിൻറെ പ്രധാന ഭാഗങ്ങളിൽ സ്ഥാപിച്ചു. ഈ ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളിലും ട്രൻഡിംഗാണ്. എല്ലാ ഡിഎംകെ സഖ്യകക്ഷികളും ഗവർണർക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലാണ്. 

Go Back Ravi Campaign By DMK in Tamil nadu
Author
First Published Jan 10, 2023, 8:45 PM IST

ചെന്നൈ: തമിഴ്നാട്ടിലെ ഗവ‍‍ണർ‍ സർക്കാർ പോരിൽ വിട്ടുവീഴ്ചക്കില്ലാതെ ഇരുപക്ഷവും. ഇന്ന് രാജ്ഭവൻ പുറത്തിറക്കിയ ഗവ‍ർണറുടെ പൊങ്കൽ വിരുന്നിൻറെ ക്ഷണക്കത്തിൽ തമിഴ്നാട് സർക്കാരിൻറെ മുദ്ര വച്ചിട്ടില്ല. തമിഴക ഗവ‍ർണർ എന്നാണ് കത്തിൽ ഗവർണർ സ്വയം അഭിസംബോധന ചെയ്യുന്നത്. തമിഴ്നാടിൻറെ പേര് തമിഴകം എന്നാക്കണമെന്ന ഗവർണറുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിവാദമായിരുന്നു. ഡിഎംകെയും സഖ്യകക്ഷികളും രാജ്ഭവന് മുന്നിൽ സമരങ്ങൾ പ്രഖ്യാപിച്ചു.

ഇന്നലെ സഭാതലത്തിൽ നേർക്കുനേർ ഏറ്റുമുട്ടലിന് ശേഷവും ഗവർണർ സർക്കാർ പോര് കടുക്കുകയാണ്. ഡിഎംകെയും സഖ്യകക്ഷികളും സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഗോ ബാക്ക് രവി എന്നെഴുതിയ ബാനറുകൾ ഡിഎംകെ പ്രവർത്തകർ നഗരത്തിൻറെ പ്രധാന ഭാഗങ്ങളിൽ സ്ഥാപിച്ചു. ഈ ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളിലും ട്രൻഡിംഗാണ്. എല്ലാ ഡിഎംകെ സഖ്യകക്ഷികളും ഗവർണർക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലാണ്. 

ഡിഎംകെയും വിസികെയും രാജ്ഭവന് മുന്നിൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. കോയമ്പത്തൂരിലും പുതുക്കോട്ടയിലും ഡിഎംകെ, സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയം കേന്ദ്രീകരിച്ചും ഗവർണർക്കെതിരായ പ്രതിഷേധ നീക്കം നടക്കുന്നു. ഗവ‍ർണർ തമിഴ്നാടിനെ അപമാനിച്ചു എന്ന വികാരം ഉണർത്തി നേരിട്ട് ഏറ്റുമുട്ടാൻ തന്നെയാണ് ഭരണസഖ്യത്തിൻറെ തീരുമാനം.

അതേസമയം പൊങ്കൽ വിരുന്നിൻറെ ക്ഷണക്കത്തിൽ തമിഴക ഗവർണർ എന്ന് സ്വയം വിശേഷിരപ്പിച്ച് ഗവർണറും വിട്ടുവീഴ്ചക്കില്ലെന്ന സന്ദേശം നൽകി. തമിഴ്നാടിൻറെ പേര് തമിഴകം എന്നാക്കി മാറ്റണം എന്ന ഗവർണറുടെ അഭിപ്രായം വിവാദമായിരുന്നു. ക്ഷണക്കത്തിൽ തമിഴ്നാട് സർക്കാരിൻറെ മുദ്രയും രാജ്ഭവൻ വച്ചിട്ടില്ല. ഗവർണർ കീഴ്വഴക്കം ലംഘിച്ചെന്ന് മക്കൾ നീതിമയ്യം നേതാവ് കമൽ ഹാസനും ഗവർണർ രാജി വയ്ക്കണമെന്ന് എംഡിഎംകെ നേതാവ് വൈക്കോയും ആവശ്യപ്പെട്ടു. അതേസമയം ഗവർണറെ പിന്തുണച്ചുകൊണ്ട് ബിജെപിയും അണ്ണാ ‍ഡിഎംകെയും രംഗത്തുണ്ട്.

Follow Us:
Download App:
  • android
  • ios