തിങ്കളാഴ്ച ബെംഗളുരുവില്‍ നിന്നും ദില്ലിയിലേക്ക് തിരിച്ച ജി 8 116 വിമാനമാണ് 55 യാത്രക്കാരെ കയറ്റാന്‍ മറന്നുപോയത്. പുലര്‍ച്ചെ 6.30 ആയിരുന്നു സര്‍വ്വീസ്
ബെംഗളുരു: 55 യാത്രക്കാരെ വിമാനത്തില്‍ കയറ്റാന്‍ മറന്നതിന് ഗോ ഫസ്റ്റ് എയര്‍വേസിന് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്. വിഷയത്തേക്കുറിച്ച് പഠിക്കുകയാണെന്നും ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ വിശദമാക്കി. വിമാനയാത്ര മുടങ്ങിയ യാത്രക്കാര്‍ ട്വിറ്ററില്‍ അടക്കം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. വളരെ ഭീതിപ്പെടുത്തുന്ന അനുഭവമെന്നാണ് സംഭവത്തേക്കുറിച്ച് ഏറിയ പങ്കും യാത്രക്കാര്‍ വിശദമാക്കിയത്.
തിങ്കളാഴ്ച ബെംഗളുരുവില്‍ നിന്നും ദില്ലിയിലേക്ക് തിരിച്ച ജി 8 116 വിമാനമാണ് 55 യാത്രക്കാരെ കയറ്റാന്‍ മറന്നുപോയത്. പുലര്‍ച്ചെ 6.30 ആയിരുന്നു സര്‍വ്വീസ്. യാത്രക്കാരെ നാല് ബസുകളിലായാണ് വിമാനത്തിന് അടുത്തേക്ക് കൊണ്ടുപോയത്. 55 യാത്രക്കാര്‍ ബസില്‍ വിമാനത്തില്‍ കയറാന്‍ കാത്തിരിക്കുമ്പോഴാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. വ്യോമയാന മന്ത്രിയേയും പ്രധാനമന്ത്രിയേയും ടാഗ് ചെയ്ത് യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്.
മണിക്കൂറുകളക്ക് ശേഷമാണ് ഈ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ സീറ്റുകള്‍ തരപ്പെടുത്താനായത്. സംഭവത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ ഗോ ഫസ്റ്റ് വിശദീകരണം നല്‍കണം. 53 യാത്രക്കാര്‍ക്ക് പകരം യാത്രാ സംവിധാനം ഏര്‍പ്പെടുത്തിയെന്നും രണ്ട് പേര്‍ക്ക് ടിക്കറ്റിന്‍റെ പണം തിരിച്ച് നല്‍കിയെന്നും ഗോ ഫസ്റ്റ് ഇതിനോടകം അറിയിച്ചിട്ടുണ്ട്
