പനാജി: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഗോവ മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ്. ഗോവ മുഖ്യമന്ത്രി പ്രമോദ്  സാവന്താണ് തന്‍റെ പേര് ഉപയോഗിച്ച് ചിലര്‍ കൈക്കൂലി വാങ്ങിയതായി വെളിപ്പെടുത്തിയത്. തന്‍റെ പേരില്‍ മാത്രമല്ല ചില എംഎല്‍എമാരുടെ പേരിലും സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ചില ഉദ്യോഗസ്ഥര്‍ പണം തട്ടുന്നുണ്ടെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. സര്‍ക്കാര്‍ ജോലിക്കായി ആരും ആര്‍ക്കും പണം നല്‍കേണ്ടതില്ല. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടത് സംബന്ധിച്ച് രണ്ട് മൂന്ന് പരാതികള്‍ തനിക്ക് ഇതുവരെ ലഭിച്ചിട്ടുണ്ട്. പരാതികളില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി. ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടാല്‍ തന്‍റെ ഓഫീസുമായി ബന്ധപ്പെടണമെന്നും അല്ലെങ്കില്‍ പൊലീസില്‍ അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.