സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തെഴുതിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ ബിജെപി ഊര്‍ജിത ശ്രമം ആരംഭിച്ചത്

പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില വളരെ മോശമായി തുടരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ മെെക്കള്‍ ലോബോ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എത്രയും വേഗം മനോഹര്‍ പരീക്കറിന് പകരക്കാരനെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായ പരീക്കറുടെ നില അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചിട്ടുണ്ട്.

ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ നടത്തുന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്കറുടെ ആരോഗ്യനില മോശമായതോടെ ബിജെപിയില്‍ പുതിയ മുഖ്യമന്ത്രിയെ നിയോഗിക്കുന്നതിനായി തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇക്കാര്യം ലോബോ സ്ഥിരീകരിക്കുകയായിരുന്നു.

ഗോവയിൽ മന്ത്രിസഭാ രൂപീകരിക്കാൻ അവകാശവാദവുമായി കോൺഗ്രസ് രംഗത്ത് വന്നിരുന്നു. അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തെഴുതിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ ബിജെപി ഊര്‍ജിത ശ്രമം ആരംഭിച്ചത്.

രോഗബാധിതനായതിനെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ പരീക്കര്‍ക്ക് പകരം പുതിയൊരു മുഖ്യമന്ത്രിയെ കണ്ടെത്തി ഭരണം പിടിച്ചുനിര്‍ത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.2017 ഫെബ്രുവരിയിലാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് 17 എംഎല്‍എമാരുമായി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി.

എന്നാല്‍, സഖ്യകക്ഷികളുടെ പിന്തുണയോടെ ബിജെപി അധികാരത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പല അവസരങ്ങളിലും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.