പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിന് കടിഞ്ഞാണിടാൻ വേണ്ടിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് മുനിസിപ്പാലിറ്റി ചീഫ് ഓഫീസർ

പനാജി: മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് ഇന്ത്യയൊട്ടാകെ നേരിടുന്നുണ്ട്. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ പൊതുസ്ഥലങ്ങളിൽ കാമറ ഘടിപ്പിച്ചവരാണ് മലയാളികൾ. സമാനമായി വൃത്തിയുള്ള പൊതുസ്ഥലങ്ങൾ എന്ന ലക്ഷ്യത്തോടെ ഗോവയിലെ മർഗോവ മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച പുതിയ ഉത്തരവ് വൻ കൈയ്യടിയാണ് നേടുന്നത്. മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് നഗരസഭയെ അറിയിച്ചാൽ ഇനി ആയിരം രൂപ ലഭിക്കും എന്നാണ് പുതിയ ഉത്തരവ്.

"മുനിസിപ്പാലിറ്റി ആരംഭിച്ചിരിക്കുന്ന 8390208406 എന്ന നമ്പറിലേക്ക് പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുന്നതിന്റെ ചിത്രങ്ങളോ വീഡിയോയോ അയക്കുന്നവർക്ക് ആയിരം രൂപ സമ്മാനമായി നൽകും. മാലിന്യം വലിച്ചെറിയുന്ന ആളിന്റെ പക്കൽ നിന്ന് 5000 രൂപ പിഴയായി ഈടാക്കും," മർഗോവ മുനിസിപ്പൽ കൗൺസിൽ ചീഫ് ഓഫീസർ സിദ്ധിവിനായക് നായിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഗോവയുടെ വ്യാവസായിക തലസ്ഥാനമെന്നാണ് മർഗോവ അറിയപ്പെടുന്നത്. എന്നാൽ ഇവിടെ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് ഒരു പതിവാണ്. പുതിയ ഉത്തരവോടെ ജനങ്ങൾ കൂടി മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ രംഗത്തിറങ്ങുമെന്നാണ് നഗരസഭ അധികൃതർ കരുതുന്നത്.