ചണ്ഡിഗഡ്: സമൂഹത്തിന്‍റെ നന്മയ്ക്കായി മരിച്ച ആള്‍ദൈവം തിരിച്ചുവരുമെന്ന് കരുതി മൃതദേഹം സംസ്കരിക്കാതെ, ഫ്രീസറില്‍ സൂക്ഷിച്ച് ശിഷ്യന്മാര്‍. ആറ് വര്‍ഷം മുമ്പ് മരിച്ച  ആള്‍ദൈവം അശുതോഷ് മഹാരാജിന്‍റെ മൃതദേഹമാണ് ശിഷ്യഗണങ്ങള്‍ സംസ്കരിക്കാതെ സൂക്ഷിച്ചുവച്ചിരിക്കുന്നത്. 

2014 ജനുവരി 29ന് പുലര്‍ച്ചെ പഞ്ചാബിലെ മുതിര്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്താനില്‍ നിന്ന് സന്ദേശം ലഭിച്ചു, അശുതോഷ് ഹൃദയാഘാതം മൂലം മരിച്ചുവെന്നതായിരുന്നു ആ സന്ദേശം. ലുദിയാനയിലെ സദ്ഗുരു പ്രതാപ് സിംഗ് അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അശുതോഷിനെ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. 

എന്നാല്‍ അശുതോഷ് സമാധിയിലാണെന്നും ഉടന്‍ സമാധിവിട്ട് പുറത്തുവരുമെന്നും ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്താനിലെ ശിഷ്യന്മാര്‍ പറഞ്ഞു പരത്തി. അശുതോഷ് തിരിച്ചുവരുമെന്ന് അനുനായികളെ ശിഷ്യന്മാര്‍ ഇപ്പോഴും വിശ്വസിപ്പിച്ചു പോരുന്നു. 'എന്‍റെ ആത്മാവ് അപ്രത്യക്ഷമാകുകയും മനുഷ്യനന്മക്കായി ചില പ്രധാനകാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ തിരിച്ചുവരികയും ചെയ്യും' എന്ന് അശുതോഷ് മരിക്കുന്നതിന് മുമ്പ് അനുയായികളോട് പറഞ്ഞിരുന്നു. അത്തരമൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് അവര്‍.

പ്രദേശത്തെ ഭൂത്നാഥ് ക്ഷേത്രത്തില്‍ ഒരു ഭാഗം വാടകയ്ക്കെടുത്ത് അശുതോഷിന്‍റെ മൃതദേഹം അങ്ങോട്ടുമാറ്റി. ആശ്രമത്തിന്‍റെ നടത്തിപ്പുകാരുടെ നിര്‍ദ്ദേശ പ്രകാരം ശീതീകരിച്ച ഫ്രീസറില്‍  നിശ്ചിത തണുപ്പില്‍ മൃതദേഹം സൂക്ഷിച്ചു. 2015 സെപ്തംബറില്‍ മൃതദേഹം ഒരു ഗ്ലാസ് ചേമ്പറിലേക്ക് മാറ്റി. ആ മുറിയില്‍ 24 മണിക്കൂറും ആശ്രമത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ കാവലുണ്ട്. ആശ്രമത്തിലെ ഉന്നതര്‍ക്ക് മാത്രമാണ് അങ്ങോട്ടേക്ക് പ്രവേശിക്കാന്‍ അനുമതി.  

മൃതദേഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചാബ് - ഹരിയാന ഹൈക്കോടതി സര്‍ക്കാരിനോട് 2015 ല്‍ ആവശ്യപ്പെട്ടിരുന്നു. ജലന്ധര്‍ ജില്ലാ ഭരണകൂടത്തിന് ആദ്യം മൃതദേഹം കാണാന്‍ അനുമതി നല്‍കിയില്ലെങ്കിലും ഭരണകൂടം ശക്തമായ നിലപാടെടുത്തതോടെ കാണാന്‍ അനുമതി ലഭിച്ചു. മൃതദേഹം കറുപ്പ് നിറം ബാധിച്ചുതുടങ്ങിയിട്ടുണ്ടെന്നായിരുന്നു അന്ന് മൃതദേഹം സന്ദര്‍ശിച്ചവരിലൊരാള്‍ പറഞ്ഞത്. 

എന്നാല്‍ മൃതദേഹത്തിന് ഇതു വരെ കുഴപ്പമൊന്നുമില്ലെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ നിര്‍ദേശപ്രകാരം പതിവായി പരിശോധകള്‍ നടക്കുന്നുണ്ടെന്നും മൃതദേഹം കേടാകാതിരിക്കാന്‍ പതിവായി മരുന്നുകള്‍ മൃതദേഹത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയവരില്‍ രാഷ്ട്രീയ നേതാക്കളുമുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയവരില്‍ ഉള്‍പ്പെടും.