നിതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 60 കോടി ജനം ജല ദൗര്‍ലഭ്യം അനുഭവിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് രഞ്ജന്‍ ഭുനിയ പറഞ്ഞു.

ദില്ലി: തമിഴ്നാട്ടില്‍ വെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വില കൂടുതലാണെന്ന് സി പി എം രാജ്യസഭാ എം പി ടി കെ രംഗരാജന്‍. രാജ്യസഭയിലെ ചര്‍ച്ചയിലാണ് വരള്‍ച്ചയിലായ ഇന്ത്യയിലെ ആദ്യ നഗരം ചെന്നൈയാണെന്ന് എം പി പറഞ്ഞത്. ജൂണ്‍ 13 വരെയുള്ള കണക്കനുസരിച്ച് 41 ശതമാനമാണ് ചെന്നൈയിലെ മഴക്കുറവ്. ചെന്നൈയിലെ ഭൂരിപക്ഷം പേരും ഇപ്പോള്‍ കുടിവെള്ളത്തിനായി മുന്‍സിപ്പാലിറ്റിയുടെയും സ്വകാര്യ വ്യക്തികളുടെയും വെള്ള ടാങ്കറിനെയാണ് ആശ്രയിക്കുന്നത്. നഗരത്തിലെ നിരവധി കച്ചവട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്നും ഐ ടി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനികള്‍ ആവശ്യപ്പെടുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കടുത്ത ജലക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നദീ സംയോജന പദ്ധതിയില്‍ സമവായത്തിലെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയും സമാന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ശിവസേന എം പി അനില്‍ ദേശായി പറഞ്ഞു. അടുത്ത യുദ്ധം വെള്ളത്തിനുവേണ്ടിയായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജലം ദുരുപയോഗം ചെയ്യുന്നതിന് ശിക്ഷയേര്‍പ്പെടുത്തണമെന്ന് ആര്‍ ജെ ഡി അംഗം മനോജ് കുമാര്‍ ഝാ പറഞ്ഞു.

നിതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 60 കോടി ജനം ജല ദൗര്‍ലഭ്യം അനുഭവിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് രഞ്ജന്‍ ഭുനിയ പറഞ്ഞു. ഗ്രാമീണ മേഖലയിലെ 84 ശതമാനത്തിനും പൈപ്പ് വെള്ളം ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജല സംരക്ഷണത്തിന് ബ്ലൂപ്രിന്‍റ് തയ്യാറാക്കണമെന്ന് എസ് പി അംഗം രവി പ്രകാശ് പറഞ്ഞു. രാജ്യത്തെ 21 നഗരങ്ങള്‍ രൂക്ഷമായ ജലക്ഷാമം നേരിടുകയാണെന്ന് ടി ആര്‍ എസ് അംഗം ബന്ദ പ്രകാശ് വ്യക്തമാക്കി. തെലങ്കാന ജല പ്രതിസന്ധിക്ക് കേന്ദ്രം ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.