ഓപ്പറേഷൻ ഡീപ് മാനിഫെസ്റ്റ്' എന്ന പേരിലായിരുന്നു പരിശോധന. 1115 മെട്രിക് ടൺ സാധനങ്ങൾ ഡിആർഐ പിടിച്ചെടുത്തു.

മുംബൈ: പാകിസ്ഥാനിൽ നിന്നുള്ള സാധനങ്ങളടങ്ങിയ 39 പാകിസ്ഥാൻ കണ്ടെയ്നറുകൾ നവി മുംബൈ തുറമുഖത്ത് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം ഒൻപത് കോടിയോളം രൂപ വിലവരുന്ന 1,115 മെട്രിക് ടൺ സാധനങ്ങളാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഇന്ന് പിടിച്ചെടുത്തത്. നിരോധനം മറികടക്കാൻ മറ്റ് രാജ്യങ്ങളിലേക്ക് ആദ്യം എത്തിക്കുകയും അവിടെ നിന്ന് ആ രാജ്യങ്ങളുടെ പേര് രേഖപ്പെടുത്തിയുമാണ് ഉത്പന്നങ്ങൾ ഇന്ത്യയിൽ എത്തിച്ചത്. ഓപ്പറേഷൻ ഡീപ് മാനിഫെസ്റ്റ്' എന്ന പേരിലായിരുന്നു പരിശോധന.

പഹൽഗാം ഭീകരാക്രമണത്തിനു ശേഷം, മെയ് 2 മുതൽ പാകിസ്ഥാനിൽ നിന്നുള്ള നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ ഇറക്കുമതിയും സാധനങ്ങളുടെ ട്രാൻസിറ്റും കേന്ദ്ര സർക്കാർ പൂർണമായി നിരോധിച്ചിരുന്നു. ഇത് മറികടക്കാനാണ് യുഎഇ വഴി സാധനങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ചത്. പാകിസ്ഥാനിൽ നിന്നുള്ള ഉത്പന്നങ്ങൾ പിടിച്ചെടുത്തതായി കേന്ദ്ര ധനകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഇന്ത്യയുടെ വാണിജ്യ ചട്ടങ്ങൾ ലംഘിച്ചാണ് ഇവ കൊണ്ടുവന്നതെന്ന് ധനകാര്യ മന്ത്രാലയം വിശദീകരിച്ചു. ഇറക്കുമതി ചെയ്ത കമ്പനിയുടെ ഒരു പാർട്ണറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ പാകിസ്ഥാനിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 200 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തിയിരുന്നു. അതിന് ശേഷമാണ് പൂർണ നിരോധനം കൊണ്ടുവന്നത്. കർശന നിരോധനം നിലനിൽക്കുമ്പോഴും ചില സ്ഥാപനങ്ങൾ പാകിസ്ഥാനിൽ നിന്ന് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാനും അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഉത്പന്നങ്ങൾ പാകിസ്ഥാനിൽ നിന്ന് ആദ്യം ദുബൈയിലേക്ക് അയക്കുകയും അവിടെ നിന്ന് കണ്ടെയ്നറുകളും കപ്പലുകളും മാറ്റി പിന്നീട് ഇന്ത്യയിലേക്ക് അയക്കുകയുമായിരുന്നു ഇവരുടെ രീതി. സാധനങ്ങൾ കറാച്ചി തുറമുഖത്ത് നിന്ന് അയച്ചതാണെന്ന് അറിയാതിരിക്കാൻ രേഖകളിലെല്ലാം ദുബൈ ജബൽ അലി പോർട്ടിൽ നിന്നുള്ളതാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത്തരം ഇടപാടുകളുടെ സാമ്പത്തിക കൈമാറ്റം കൂടി കണ്ടെത്തിയാണ് അധികൃതർ ഈ സംഘത്തിന്റെ പ്രവർത്തനം നിരീക്ഷിച്ചതും ഒടുവിൽ ഒൻപത് കോടിയോളം രൂപയുടെ സാധനങ്ങൾ പിടിച്ചെടുത്തതും.