ഗുഗിൾ സി ഇ ഒ സുന്ദർപിച്ചൈയെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്ന് ട്വിറ്ററിൽ കുറിച്ച് മോദി ടെക്നോളജിയടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ആയെന്നും വ്യക്തമാക്കി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ കൂടിക്കാഴ്ച നടത്തി. ദില്ലിയിൽ നടന്ന ഗൂഗിൾ ഫോർ ഇന്ത്യ എന്ന പരിപാടിക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. പ്രധാനമന്ത്രിക്ക് ഒപ്പം ഇരിക്കുന്ന ചിത്രങ്ങൾ പിച്ചൈ ട്വിറ്ററിൽ പങ്കുവെച്ചു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കുതിച്ച് ഉയരുന്ന ഇന്ത്യയുടെ സാങ്കേതിക വളർച്ച പ്രചോദിപ്പിക്കുന്നുവെന്നും, വരാനിരിക്കുന്ന ജി 20 അധ്യക്ഷതയിലുൾപ്പടെ സർക്കാരുമായുള്ള സഹകരണം തുടരുമെന്നും പിച്ചൈ ട്വിറ്ററിൽ കുറിച്ചു.
പിന്നീട് കൂടിക്കാഴ്ച വിവരങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. ഗുഗിൾ സി ഇ ഒ സുന്ദർപിച്ചൈയെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്ന് ട്വിറ്ററിൽ കുറിച്ച് മോദി ടെക്നോളജിയടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ആയെന്നും വ്യക്തമാക്കി. മനുഷ്യന്റെ അഭിവൃദ്ധിക്കും സുസ്ഥിര വികസനത്തിനുമായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ലോകം ഒരുമിച്ച് പ്രവർത്തിക്കുന്നത് പ്രധാനമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
അതേസമയം നേരത്തെ ഖത്തര്‍ ലോകകപ്പ് നേടിയ അർജന്റീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോദി അർജന്‍റീനയുടെ കിരീട നേട്ടത്തിൽ അഭിനന്ദനം അറിയിച്ചത്. ട്വിറ്ററില്‍ അര്‍ജന്‍റീനന്‍ പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസിനെ ടാഗ് ചെയ്താണ് മോദി അഭിനന്ദന സന്ദേശം ട്വീറ്റ് ചെയ്തത്. അർജന്‍റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ഗംഭീര വിജയത്തിൽ സന്തോഷിക്കുന്നുണ്ടെന്ന് മോദി ട്വീറ്റില്‍ പറഞ്ഞു. കലാശക്കളിയിൽ പൊരുതി തോറ്റ് രണ്ടാം സ്ഥാനത്തെത്തിയ ഫ്രാൻസിനെ ആശ്വസിപ്പിക്കാനും മോദി മറന്നില്ല. "ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായി ഖത്തർ ലോകകപ്പ് ഫൈനല്‍ ഓർമ്മിക്കപ്പെടും! ഫിഫ ലോകകപ്പ് ചാമ്പ്യൻമാരായതിന് അർജന്‍റീനയ്ക്ക് അഭിനന്ദനങ്ങൾ. അവർ ടൂർണമെന്റിലുടനീളം ഉജ്ജ്വലമായി കളിച്ചു. അർജന്റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ഗംഭീരമായ വിജയത്തിൽ ആഹ്ളാദിക്കുന്നു" എന്നായിരുന്നു മോദി ട്വീറ്റില്‍ പറഞ്ഞത്.
