ദില്ലി: ബിഹാറിൽ മരിച്ച കുട്ടികളുടെ എണ്ണം 138 ആയി ഉയരുമ്പോഴും മസ്തിഷ്ക ജ്വരത്തിന്‍റെ കാരണം ഇനിയും കണ്ടെത്താനാവാതെ സർക്കാർ. ഇന്ന് ലോക്സഭയിൽ ചോദ്യോത്തരവേളയില്‍ ചർച്ചയായപ്പോൾ എന്താണ് കുട്ടികളുടെ മരണത്തിന് യഥാർത്ഥ കാരണമെന്ന് ഇതുവരെ വ്യക്തമല്ലെന്നാണ് രാജ്യസഭാ എംപിയും ബിജെപി ദേശീയ വക്താവുമായ രാജീവ് പ്രതാപ് റൂഡിയുടെ മറുപടി. ലിച്ചി മാത്രമാണ് മരണ കാരണമെന്ന് പറയാനാകില്ലെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും റൂഡി കൂട്ടിച്ചേർത്തു. 

ജാഗ്രതയോടെ ഇടപെടുന്നുവെന്ന് ബിഹാര്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മരണസംഖ്യ ഉയരുന്നത്. മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ്, കെജ്രിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി ഇന്ന് 7 കുട്ടികള്‍ കൂടി മരിച്ചു. രോഗലക്ഷണങ്ങളോടെ 21 കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാജ്യസഭയിലെ സീറോ അവറില്‍ ബിനോയ് വിശ്വം എം പി വിഷയം സബ്മിഷനായി അവതരിപ്പിച്ചു. 

പാവപ്പെട്ട കുട്ടികളുടെ മരണമല്ല, കൊലപാതകമാണ് ബിഹാറില്‍ നടക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം കേന്ദ്രം അനുവദിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ചോദ്യോത്തര വേളയില്‍ കോണ്‍ഗ്രസിലെ അധിര്‍രഞ്ജൻ ചൗധരി വിഷയം ലോക്സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്ന് വ്യക്തമായിട്ടും അത് പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചൗധരി ചൂണ്ടിക്കാട്ടി. 

രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നത് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം വീടുകളില്‍ രോഗ നിർണയ പരിശോധനയും ബോധവത്ക്കരണവും നടക്കുന്നു. ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളില്ലെന്നും നഴ്സുമാരുടെ കുറവുണ്ടെന്നുമുള്ള പരാതികളില്‍ ഇനിയും നടപടിയായിട്ടില്ല.